Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റാപിഡി’ന് ‘മൊണ്ടെ കാർലൊ’ പതിപ്പുമായി സ്കോഡ

skoda-rapid-monte-carlo Skoda Launches Rapid Monte Carlo Edition

ഇടത്തരം സെഡാനായ ‘റാപിഡി’ന്റെ ‘മൊണ്ടെ കാർലൊ’ പതിപ്പ് ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ പുറത്തിറക്കി. 10.75 ലക്ഷം രൂപയാണു കാറിന്റെ ഷോറൂം വില. ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അഞ്ചാം തലമുറ ‘വെർണ’യും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ‘സിയാസി’ന്റെ സ്പോർട്ടി പതിപ്പായ ‘സിയാസ് എസും’ അവതരിപ്പിച്ച് ദിവസങ്ങൾക്കമാണു സ്കോഡ ‘റാപിഡ് മൊണ്ടെ കാർലൊ’ പതിപ്പുമായി രംഗത്തെത്തുന്നത്.

മോട്ടോർ സ്പോർട്സ് രംഗത്ത് സ്കോഡയ്ക്കുള്ള സുദീർഘ പാരമ്പര്യത്തിൽ നിന്നു പ്രചോദിതമാണ് ‘റാപിഡ് മൊണ്ടെ കാർലൊ’. പുതിയ കാറുമായി എത്തുമ്പോൾ ‘ഒറ്റ രാജ്യം, ഒറ്റ വില’ എന്ന വാഗ്ദാനവും സ്കോഡ പാലിക്കുന്നുണ്ട്. രണ്ട് ഇരട്ട വർണ സങ്കലനങ്ങളിലാണു കാർ വിൽപ്പനയ്ക്കുള്ളത്: ബ്ലാക്ക് റൂഫ് സഹിതം ഫ്ളാഷ് റെഡ്, ബ്ലാക്ക് റൂഫ് സഹിതം കാൻഡി വൈറ്റ്. കാറിനു സ്പോർട്ടി രൂപം നൽകാൻ കറുപ്പ് റേഡിയേറ്റർ ഗ്രിൽ, കറുപ്പ് വിങ് മിറർ ഹൗസിങ്, കറുപ്പ് ടെയിൽഗേറ്റ് സ്പോയ്ലർ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഗ്രെയ്ൻഡ് ഡിഫ്യൂസർ സഹിതം 16 ഇഞ്ച് അലോയ് വീലുകളുമുണ്ട്. കൂടാതെ ‘ബി’ പില്ലറുകളിൽ ‘മൊണ്ടെ കാർലൊ’ എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്.

ചുവപ്പ് ആലങ്കാരിക തയ്യൽ സഹിതം കറുപ്പ് പെർഫൊറേറ്റഡ് ലതറിലുള്ള കവറുള്ള മൂന്നു സ്പോക്ക് സൂപ്പർ സ്പോർട്സ് ഫ്ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലാണു കാറിലുള്ളത്. ചുവപ്പ് അലങ്കാര തയ്യലോടെയുള്ള കറുപ്പ് ലതർ പൊതിഞ്ഞതാണു ഗീയർ നോബ്. കറുപ്പ്/ചുവപ്പ് ഡിസൈനിൽ നെടുകെയുള്ള ഗ്രേ സ്ട്രൈപ് സഹിതമുള്ള സ്പോർട്ടി മൊണ്ടെ കാർലൊ ലതറെറ്റ് സീറ്റുകളാണു കാറിലുള്ളത്. മുന്നിലെ ഡോർ സില്ലിലും മൊണ്ടെ കാർലൊ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. കറുപ്പ് അലങ്കാര തയ്യൽ സഹിതമാണു കറുപ്പ് ഫ്ളോർ മാറ്റുകൾ എത്തുന്നത്. റിബ്ഡ് സ്റ്റെയ്ൻലെസ് സ്റ്റീൽ പെഡൽ, സ്പോർടി ഗ്രാഫിക് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയും ഈ ‘റാപിഡി’ലുണ്ട്. 

പുതുതലമുറ ഡീസൽ, പെട്രോൾ എൻജിനുകളാണു ‘റാപിഡ് മൊണ്ടെ കാർലൊ’ എഡിഷനു കരുത്തേകുന്നത്. കാറിലെ 1.5 ലീറ്റർ ടി ഡി ഐ ഡീസൽ എൻജിന് 110 പി എസ് വരെ കരുത്തും 250 എൻ എം വരെ കരുത്തും സൃഷ്ടിക്കാനാവും; മാനുവൽ ട്രാൻസ്മിഷനോടെ 21.13 കിലോമീറ്ററും ഡി എസ് ജി ഗീയർബോക്സിൽ 21.72 കിലോമീറ്ററുമാണു സ്കോഡ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.കാറിലെ 1.6 ലീറ്റർ മൾട്ടി പോയിന്റ് ഇഞ്ചക്ഷൻ പെട്രോൾ എൻജിനാവട്ടെ പരമാവധി 105 പി എസ് വരെ കരുത്തും 153 എൻ എം വരെ കരുത്തും സൃഷ്ടിക്കും; മാനുവൽ ട്രാൻസ്മിഷന് 15.41 കിലോമീറ്ററും ഓട്ടമാറ്റിക് ട്രാൻസ്മിഷന് 14.84 കിലോമീറ്ററുമാണു പ്രതീക്ഷിക്ുകന്ന ഇന്ധനക്ഷമത. 

കാറിന്റെ വിവിധ വകഭേദങ്ങളുടെ വില ചുവടെ (രൂപയിൽ):

1.6 എം പി ഐ എം ടി: 10,75,347 

1.6 എം പി ഐ എ ടി: 11,97,672

1.5 ടി ഡി ഐ എം ടി: 12,46,096

1.5 ടി ഡി ഐ എ ടി: 13, 57,709