Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എർട്ടിഗ’യ്ക്കു പരിമിതകാല പതിപ്പുമായി മാരുതി

ertiga-limited-edition Limited Edition Ertiga

മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യ്ക്കു പരിമിതകാല പതിപ്പുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. പുതിയ നിറമായ എക്സ്ക്വിസിറ്റ് മറൂണിലടക്കം വിൽപ്പനയ്ക്കുള്ള പരിമിതകാല ‘എർട്ടിഗ’യ്ക്ക് 7.85 ലക്ഷം മുതൽ 8.10 ലക്ഷം രൂപ വരെയാണ് ഡൽഹി ഷോറൂമിൽ വില.ഇടത്തരം വകഭേദങ്ങളായ വി എക്സ് ഐയും വി ഡി ഐയും അടിസ്ഥാനമാക്കി സാക്ഷാത്കരിച്ചഈ പരിമിതകാലപതിപ്പ് ഡീസൽ, പെട്രോൾ എൻജിനുകളോടെ ലഭ്യമാവും. സിൽക്കി സിൽവർ, സുപ്പീരിയർ വൈറ്റ് നിറങ്ങളിലും പരിമിതകാല ‘എർട്ടിഗ’ വിപണിയിലുണ്ട്.

സാങ്കേതികവിഭാഗത്തിൽ മാറ്റമില്ലാതെ കാഴ്ചയിലും അനുബന്ധ സാമഗ്രികളിലുമുള്ള പുതുമയോടെയാണ് ‘എർട്ടിഗ’യുടെ പരിമിതകാല പതിപ്പിന്റെയും വരവ്. പുതിയ നിറത്തിനു പുറമെ ക്രോം ബോഡി സൈഡ് മോൾഡിങ്, പുതിയ രൂപകൽപ്പനയുള്ള അലോയ് വീൽ, ക്രോം ഫോഗ് ലാംപ് ബെസൽ, ടെയിൽ ഗേറ്റിൽ ‘ലിമിറ്റഡ് എഡീഷൻ’ ബാഡ്ജിങ് എന്നിവയൊക്കെ ഈ ‘എർട്ടിഗ’യിലുണ്ട്. അകത്തളത്തിലാവട്ടെ ബ്ലാക്ക് ഇന്റീരിയർ, ക്വിൽറ്റ് സ്റ്റിച്ചിങ്ങോടെ പ്രീമിയം ഡ്യുവൽ ടോൺ അപ്ഹോൾസ്ട്രി, ഡാഷ്ബോഡിലും സെന്റർ കൺസോളിലും ഡോർ പാഡിലും വുഡ് ഇൻസർട് എന്നിവയെല്ലാമുണ്ട്. കൂടാതെ വൈറ്റ് ആംബിയന്റ് ലൈറ്റിങ്, മുൻ സീറ്റിനു മധ്യത്തിലായി ആംറസ്റ്റ്, കുഷ്യൻ പിലോ എന്നിവയും ലഭ്യമാണ്. പരിമിതകാല പതിപ്പിൽ ലഭ്യമാക്കുന്ന അക്സസറികൾ 16,990 രൂപയോളമാണു വില കണക്കാക്കുന്നത്.
കൂടാതെ എസ് എച്ച വി എസ്(സ്മാർട് ഹൈബ്രിഡ്) ഡീസൽ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ആധുനിക വി വി ടി എൻജിൻ സഹിതവും ഈ എം പി വി ലഭ്യമാണ്.

‘എർട്ടിഗ’യ്ക്കു കരുത്തേകുന്നത് 1.4 ലീറ്റർ, കെ സീരീസ് പെട്രോൾ, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണ്. പെട്രോൾ എൻജിന് 94 ബി എച്ച് പി വരെയും ഡീസൽ എൻജിന് 89 ബി എച്ച് പിയോളവും കരുത്ത് സൃഷ്ടിക്കാനാവും; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഇരു എൻജിനുകൾക്കൊപ്പവുമുള്ള ട്രാൻസ്മിഷൻ. പെട്രോൾ എൻജിനൊപ്പം നാലു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്.വേറിട്ട വ്യക്തിത്വം സമ്മാനിക്കാൻ ലക്ഷ്യമിട്ടാണ് ‘എർട്ടിഗ’യ്ക്കു പരിമിതകാല പതിപ്പ് ഒരുക്കിയതെന്നു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വിശദീകരിച്ചു.

മികച്ച രൂപകൽപ്പനയും സമകാലിക കാഴ്ചപ്പകിട്ടും ഫ്ളെക്സിബിലിറ്റിയുമൊക്കെയായിരുന്നു ‘എർട്ടിഗ’യുടെ കരുത്ത്. പരിമിതകാല പതിപ്പിലൂടെ ഈ മികവുകൾ കൂടുതൽ ദൃഢമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും കാൽസി വ്യക്തമാക്കി. അഞ്ചു വർഷം മുമ്പ് 2012ൽ അരങ്ങേറ്റം കുറിച്ച ‘എർട്ടിഗ’യുടെ ഇതുവരെയുള്ള വിൽപ്പന മൂന്നു ലക്ഷം യൂണിറ്റിലേറെയാണെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം. ടൊയോട്ട ‘ഇന്നോവ ക്രിസ്റ്റ’ വാഴുന്ന എം പി വി വിഭാഗത്തിൽ ഹോണ്ട ‘മൊബിലിയൊ’, റെനോ ‘ലോജി’ തുടങ്ങിയവയോടാണ് ‘എർട്ടിഗ’യുടെ പോരാട്ടം.

Your Rating: