Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സൈനസ് റേ സീ ആറു’മായി യമഹ; വില 52000 രൂപ മുതൽ

yamaha-ray-zr

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോർ ഇന്ത്യയുടെ പുതിയ ഗീയർരഹിത സ്കൂട്ടറായ ‘സൈനസ് റേ സീ ആർ’ വിൽപ്പനയ്ക്കെത്തി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച സ്കൂട്ടർ രണ്ടു വകഭേദങ്ങളിലാണു വിപണിയിലുള്ളത്: ഡ്രം ബ്രേക്കുള്ള മോഡലിന് 52,000 രൂപയും ഡിസ്ക് ബ്രേക്കുള്ളതിന് 54,500 രൂപയുമാണു ഡൽഹി ഷോറൂമിലെ വില. യമഹയുടെ സ്വന്തം ആവിഷ്കാരമായ ‘ബ്ലൂ കോർ’ സാങ്കേതികയുടെ പിൻബലമുള്ള 113 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, എസ് ഒ എച്ച് സി, ഇരട്ട വാൽവ് എൻജിനാണു സ്കൂട്ടറിനു കരുത്തേകുന്നത്. കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ആണു ഗീയർബോക്സ്. ഭാരം കുറഞ്ഞ(103 കിലോഗ്രാം) ബോഡിക്കു പുറമെ സീറ്റിനടിയിൽ 21 ലീറ്റർ സംഭരണ സ്ഥലവും ‘സൈനസ് റേ സീ ആർ’ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പനയിൽ സ്കൂട്ടർ വിഭാഗം വൻ മുന്നേറ്റമാണു നടത്തുന്നതെന്നു യമഹ മോട്ടോർ ഇന്ത്യ സെയിൽസ് വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അഭിപ്രായപ്പെട്ടു. മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 30% സ്കൂട്ടറുകളുടെ സംഭാവനയാണ്; ഇതിൽ 10% വിഹിതമാണു യമഹ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആകർഷക രൂപഭംഗിയും മികച്ച സാങ്കേതികവിദ്യയും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു ‘സൈനസ് റേ സീ ആറി’ന്റെ വരവെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ മൂന്നു നാലു വർഷമായി യമഹ അവതരിപ്പിച്ച സ്കൂട്ടറുകൾക്ക് ഇന്ത്യൻ വിപണി മികച്ച വരവേൽപ്പാണു നൽകിയതെന്നും കുര്യൻ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ‘ഫാസിനൊ’ കൂടിയെത്തിയതോടെ സ്കൂട്ടർ വിഭാഗത്തിൽ മികച്ച മുന്നേറ്റം നേടാൻ യമഹയ്ക്കു കഴിഞ്ഞു. ഈ കുതിപ്പിനു കൂടുതൽ കരുത്തോൻ ‘സൈനസ് റേ സീ ആറി’നു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Your Rating: