ആർഡി 350, ആർഎക്സ് 100; മറക്കാനാവുമോ?

yamaha-rd-350
SHARE

ലോകോത്തര വാഹനങ്ങളാല്‍ സമ്പന്നമാണ് ഇന്ന് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി. ടൂ സ്ട്രോക് ബൈക്കുകളും സ്കൂട്ടറുകളും തുടങ്ങി നിരവധി വിരലിൽ എണ്ണാവുന്ന ബൈക്ക് മോ‍ഡലുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യൻ വിപണിയിലെ താരങ്ങളായിരുന്നു ഇവർ. എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ യമഹയുടെ മുഖങ്ങളായിരുന്ന ഈ ബൈക്കുകൾ നാലു സ്ട്രോക്ക് ബൈക്കുകളുടെ കുത്തൊഴുക്കിൽ അടിപതറി. എന്നാൽ ഇന്നും സൂര്യതേജസോടുകൂടി നിൽക്കുന്ന രണ്ടു വാഹനങ്ങളാണ് ഇവ രണ്ടും.

ആർഡി 350

ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ പൊടിപിടിച്ചിരിക്കും. ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം കുറെക്കാലം കഴിഞ്ഞായിരിക്കും അതിന്റെ ജനപ്രീതി വർധിക്കുന്നത്. എന്നാൽ അന്ന് ആരാധനയോടെ ബൈക്കിനെയോർത്ത് കൊതിക്കാം എന്നല്ലാതെ വേറെ വഴിയുണ്ടാവില്ല. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയും ഇന്ത്യൻ കമ്പനിയായ എസ്കോർട്സ് ഗ്രൂപ്പും ചേർന്ന് പുറത്തിറക്കിയ രാജ്ദൂദ് 350 എന്ന ആർഡി 350യുടെയും വിധി മറിച്ചല്ല.

yamaha-rd-350
Yamaha RD 350

ആർഡി 350-യെ വീണ്ടും പുറത്തിറക്കാൻ കമ്പനിക്കു നിവേദനം സമർപ്പിച്ചിരിക്കുകയാണു ഈ ബൈക്കിന്റെ കടുത്ത ആരാധകർ. ചെയ്ഞ്ച് ഡോട്ട് ഒആർജി എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് യമഹയുടെ പ്രസിഡന്റിന് ഓൺലൈൻ നിവേദനം സമർപ്പിക്കുന്നത്. മാർട്ടിൻ സക്കറിയ എന്നൊരാൾ ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ ഏകദേശം 2000 പേർ ഒപ്പിട്ടിട്ടുമുണ്ട്. പഴയ രൂപത്തിൽ, പുതിയ എൻജിനും ടെക്നോളജിയുമായി ആർഡിയെ പുറത്തിറക്കണം എന്നാണ് മാര്‍ട്ടിന്റെ ആവശ്യം. എന്തൊക്കെയായാലും ക്ലാസിക് ലുക്കുമായി ആർഡി വീണ്ടും അവതരിച്ചാൽ ബൈക്ക് പ്രേമികളെ അത് ആവേശത്തിലാഴ്ത്തും.

റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആർഡി, ജാപ്പനീസ് വിപണിയിൽ യമഹ എഴുപതുകളിൽ പുറത്തിറക്കിയ ബൈക്കാണ്. 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങിയ ആർഡി 350 യുടെ തനി പകർപ്പായിരുന്നു ഇന്ത്യയിൽ പുറത്തിറങ്ങിയ ആർഡി. ജപ്പാനിൽ ഒറ്റ മോഡൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇന്ത്യയിൽ ഹൈ ടോർക്ക്, ലോ ടോർക്ക് മോഡലുകളുമുണ്ടായിരുന്നു. 347 സിസി എൻജിനാണ് ഇരുമോഡലിനും കരുത്ത് പകർന്നിരുന്നത്. ഹൈടോർക്ക് മോഡലിന് 39 ബിഎച്ച്പി കരുത്തും ലോടോർക്ക് മോഡലിന് 27 ബിഎച്ച്പി കരുത്തുമുണ്ട്. 1983 മുതൽ 1985 വരെയാണ് കമ്പനി ഹൈ ടോർക്ക് മോഡലുകൾ പുറത്തിറക്കിയത്. തുടർന്ന് 1989 ൽ നിർമാണം അവസാനിപ്പിക്കുന്നതു വരെ പുറത്തിറക്കിയതു ലോ ടോർക്ക് മോഡലുകളായിരുന്നു. 

yamaha-rx-100
Yamaha RX 100

യമഹ ആര്‍എക്‌സ് 100 

എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും ആവേശമായിരുന്നു യമഹ ആര്‍എക്‌സ് 100. ചെറിയ എന്‍ജിന്‍ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് എസ്‌കോര്‍ട്‌സ് യമഹ ആര്‍എക്‌സ് 100 നെ പുറത്തിറക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ബൈക്ക് യുവാക്കളുടെ ഹരമായി മാറിയത് വളരെ പെട്ടന്നാണ്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യകാല വില്‍പന. യമഹ ആര്‍ഡി 350യുടെ പിന്‍ഗാമിയായിട്ടാണ് ആര്‍എക്‌സ് 100 വിപണിയിലെത്തുന്നത്. 98 സിസി , ടൂ സ്‌ട്രോക്ക് , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 10.85 ബിഎച്ച്പിയായിരുന്നു കരുത്ത്. യമഹയുടെ ഏറ്റവും ജനപ്രിയ ബൈക്കായിരുന്നു ആര്‍എക്‌സ് 100. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്‌ട്രോക്ക് എന്‍ജിനുള്ള ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയായി. ഇതേ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉല്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA