Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറം കൊടുക്കൂ… സമ്മർദം അകറ്റാം

527050936

ജോലിസ്ഥലത്തും വീട്ടിലുമെല്ലാം നൂറുകൂട്ടം പ്രശ്നങ്ങൾ കൊണ്ട് സമ്മർദം അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. സമ്മർദം നിരവധി രോഗങ്ങൾക്കും കാരണമാകും.

കുട്ടികൾക്ക് കളറിങ് ബൂക്ക് വാങ്ങുമ്പോള്‍ ഒരെണ്ണം നിങ്ങൾക്കും വാങ്ങിക്കൊള്ളൂ. തമാശയല്ല. നിറം കൊടുക്കുന്നത് സമ്മർദം അകറ്റാൻ സഹായിക്കുമത്രേ. ഇന്ത്യൻ വംശജയായ ഗവേഷകയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കളറിങ് തെറാപ്പി സമ്മർദം അകറ്റും എന്നുകണ്ടത്.

യുഎസിലെ ഡ്രെക്സെൽ സർവകലാശാലയിലെ ഗിരിജ കൈമിളിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 19 മുതൽ 67 വയസ്സുവരെ പ്രായമുള്ള 27 പേരിലാണ് പഠനം നടത്തിയത്. 40 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് എക്സർസൈസുകളാണ് ഇവർക്ക് നൽകിയത്.

ഒന്നാമത്തേത് തന്നിരിക്കുന്ന ചിത്രത്തിനു നിറം കൊടുക്കുകയും രണ്ടാമത്തേത് ഒരു ആർട്ട്തെറാപ്പിസ്റ്റിന്റെ സഹായത്തോടെയുള്ള പ്രവർത്തനവും ആയിരുന്നു.

നിറം കൊടുക്കലിൽ ഒരു രൂപത്തിനോ മാതൃകയ്ക്കോ നിറം നൽകി. ആർട്ട് തെറാപ്പിസ്റ്റ് അടുത്തുണ്ടെങ്കിലും നിർദേശങ്ങൾ നൽകിയില്ല. രണ്ടാമത്തെ എക്സർസൈസിൽ, പഠനത്തിൽ പങ്കെടുത്തവരെ ഒരു ഓപ്പൺ സ്റ്റുഡിയോയിൽ എത്തിച്ചു. ഈ സെഷനില്‍ ആർട്ട് തെറാപ്പിസ്റ്റ് നിർദേശങ്ങൾ നൽകി.

പഠനത്തിൽ പങ്കെടുത്തവർക്ക് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അവസരം നൽകി. കളറിങ്, സ്കെച്ചിങ്, ഡൂഡ്‌ലിങ്, ക്ലേ മോഡലിങ് തുടങ്ങി അവർക്കിഷ്ടമുള്ള കലാപ്രവർത്തനം നടത്തി.

ഇതേ സമയം ആർട്ട് തേറാപ്പിസ്റ്റുകളും കലാപ്രവർത്തനത്തിൽ മുഴുകി. എന്നാൽ അതേസമയം പഠനത്തിൽ പങ്കെടുത്തവർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. ഓരോ സെഷനു മുൻപും ശേഷവും സര്‍വേയിൽ പങ്കെടുത്തു സ്ട്രെസ് ലെവൽ അളക്കുക എന്നതായിരുന്നു സർവേയുടെ ഉദ്ദേശം.

രണ്ട് എക്സർസൈസുകളും സ്ട്രെസിന്റെ അളവ് കുറച്ചതായി കണ്ടു. നിറം കൊടുക്കുന്നത് 10 ശതമാനവും ഓപ്പണ്‍ സ്റ്റുഡിയോയിലെ പ്രവർത്തനം 14 ശതമാനവും സമ്മർദം കുറച്ചതായി കണ്ടു. കളറിങിലൂടെ 7 ശതമാനവും ഓപ്പൺ സ്റ്റുഡിയോയിലൂടെ  6 ശതമാനവും മാനസികാവസ്ഥ മെച്ചപ്പെട്ടതായും കണ്ടു.

ആർട്ട് തെറാപ്പിസ്റ്റിന്റെ സെഷനിൽ വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം, പ്രശ്ന പരിഹാരം, ശാക്തീകരണം, സർഗാത്മകത, അവനവനെയും മറ്റുള്ളവരെയും കൂടുതല്‍ അറിയുക ഇവയെല്ലാം ഉൾപ്പെടും.

സമ്മർദം അകറ്റാൻ നിറം കൊടുക്കൽ സഹായിക്കുമെന്ന ഈ പഠനം കനേഡിയൻ ആർട്ട് തെറാപ്പി അസോസിഷേയന്റെ ജേണലി‍ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : ആരോഗ്യവാർത്ത