Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപാനം അമിതമാകുമ്പോൾ...

cheers

ചെറുപ്പക്കാർ അമിതമായി മദ്യപിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും മരണം ഇവരെ പല രൂപത്തിലും പിന്തുടരുമെന്നും ഗവേഷകർ. രണ്ടു മണിക്കൂറിനുള്ളിൽ 5 ഡ്രിങ്ക്സ് വരെ അകത്താക്കുന്ന പുരുഷൻമാരെയും 4 ഡ്രിങ്ക്സ് വരെ കഴിക്കുന്ന സ്ത്രീകളെയും യാതൊരു സംശയവും കൂടാതെ അമിത മദ്യപാനികളുടെ ഗണത്തിൽ ഉൾപ്പെടുത്താമെന്നും ഗവേഷകർ പറയുന്നു.

യുഎസിലെ യൂണിവേഴിസിറ്റി ഓഫ് അലബാമയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. മദ്യം അമിതമായി കഴിക്കുന്നത് ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതിനൊപ്പം വയറിനും അസ്വസ്ഥതയുണ്ടാക്കുന്നു. ശരീരത്തിനു തളർച്ചയും ഛർദിലും അനുഭവപ്പെടുന്നത് ഇതിന്റെ ഫലമായാണ്. ഇതോടൊപ്പം ഉറക്കക്കുറവിനും അമിത മദ്യപാനം കാരണമാകുന്നു. രക്തത്തിൽ മദ്യത്തിന്റെ അളവു കൂടുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകനായ മെഗാൻ മാക്മുറേ പറയുന്നു. രക്തത്തിൽ ചെറിയ അളവിൽ പോലും മദ്യം കലരുന്നത് ശരീരത്തെ ക്ഷീണിപ്പിക്കുകയും നല്ലതും ചീത്തയും വേർതിരിച്ചറിയാനാകാത്ത മാനസികാവസ്ഥയിൽ എത്തിക്കുകയും ചെയ്യും. മദ്യപാനികൾ കുറ്റവാളികളാകുന്നതിനു പിന്നിലുള്ള കാരണവും വീഴ്ചകളും അപകടങ്ങളും മരണവും ഇവരെ പിന്തുടരുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെയാണെന്നും അദ്ദേഹം പറയുന്നു.

ചിയേഴ്സ് ദോഷവും ശാസ്ത്രീയതയും

ശ്വാസോഛ്വാസം ദുർബലമാകുക, ആശയകുഴപ്പം, വിഭ്രാന്തി, നാവു കുഴയൽ, ചുഴലി എന്നിവയെല്ലാം വിഷമദ്യം കഴിച്ച മദ്യപാനികൾ കാണിക്കുന്ന ചേഷ്ടകളാണ്. ഉറങ്ങിയെണീക്കുമ്പോൾ ലഹരി വിട്ടോളുമെന്ന രീതിയിൽ ഇവരെ വിടുന്നത് മരണത്തിലേക്കു നയിക്കുമെന്നും മെഗാൻ മാക്മുറേ മുന്നറിയിപ്പു നൽകുന്നു.

രക്തത്തിൽ കൂടിയ അളവിൽ മദ്യം കലരുന്നത് ഓർമക്കുറവിലേക്കും ബോധക്ഷയത്തിലേക്കും നയിക്കും. അമിത മദ്യപാനികൾ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇതുമൂലമാണ്. ഗവേഷകരുടെ അഭിപ്രായത്തിൽ മദ്യപാനം മൂലം സംഭവിക്കുന്ന അപകടങ്ങളിൽ ഓരോ വർഷവും ആയിരത്തിഎണ്ണൂറോളം മരണങ്ങളാണു യുഎസിൽ റിപ്പോർട്ടു ചെയ്യുന്നത്. ഇ പൊലിയുന്നത് 18 വയസിനും 24 വയസിനും ഇടയിലുള്ള കുട്ടികളാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

മദ്യം കഴിക്കുന്നതിനു മുൻപ് മദ്യം എന്താണെന്നും അതു കഴിക്കുന്നതു മൂലമുള്ള അനന്തരഫലങ്ങൾ എന്താണെന്നും ഓരോരുത്തരും അറിയേണ്ടത് അത്യാവശ്യമാണെന്നും അസോഷ്യേറ്റ് പ്രഫസറായ പീറ്റർ ഹെൻഡ്രിക് പറയുന്നു. എന്തായാലും മദ്യപാനം ആരോഗ്യത്തിനു ഹാനീകരമാണെന്ന് ഇടയ്ക്ക് ഓർക്കുന്നത് നല്ലതായിരിക്കും....