Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെവിപഴുപ്പ് : വീട്ടിൽ ചെയ്യേണ്ടതും മുൻകരുതലുകളും

ear-ache

ചെവിയിൽ അണുബാധയുണ്ടാകുന്ന അവസ്ഥയാണ് ചെവിപഴുപ്പ് എന്നറിയപ്പെടുന്നത്. ഇത് രണ്ടു തരത്തിലുണ്ട്. ബാഹ്യകർണത്തെ ബാധിക്കുന്നതും മധ്യകർണത്തെ ബാധിക്കുന്നതും സാധാരണയായി പത്തു വയസു വരെയുള്ള കുട്ടികളിലാണ് കൂടുതൽ.

കാരണങ്ങളും ലക്ഷണങ്ങളും

ചെവിയിലെ അണുബാധയ്ക്കു കാരണമാകുന്നതു ബാക്ടീരിയകളാണ്. സ്ട്രെപ്റ്റോകോക്കസ്, സ്റ്റഫൈലോകോക്കസ്, ക്ലെബ്സിയെല്ല, ഇ കോളൈ, പ്രോട്ടിയസ് എന്നീ അണുക്കളാണു മുഖ്യരോഗകാരികൾ. ഇവ തൊണ്ടയിൽ നിന്നു യൂസ്റ്റേഷ്യൻ നാളിയിലൂടെയോ, രക്തത്തിലൂടെയോ ചെവിയിലെത്തുന്നു. ഇതു കൂടാതെ അന്തരീക്ഷത്തിലൂടെയും ബാഹ്യകർണത്തിലൂടെയും അണുബാധയുണ്ടാകാം.

കലശലായ ചെവിവേദന, പനി, തലവേദന, കേൾവിക്കുറവ്, ചെവിയടഞ്ഞ അവസ്ഥ എന്നിവയാണു പ്രാഥമികലക്ഷണങ്ങൾ. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ചെവിയിൽ നിന്നു ദ്രവം ഒലിച്ചു തുടങ്ങും. തുടക്കത്തിൽ നേർത്തദ്രവം ആയിരിക്കുമെങ്കിലും രോഗം മൂർച്ഛിക്കുന്നതോടെ മഞ്ഞനിറത്തിലുള്ള കട്ടിപഴുപ്പാകും. അളവും കൂടും. ഈ അവസ്ഥയിൽ ചികിത്സ തേടാതിരുന്നാൽ ശരീരം ക്ഷീണിക്കും. പഴുപ്പ് ചെവിയിൽ നിന്നു തലയ്ക്കുള്ളിലേക്കു പടർന്നാൽ മെനിഞ്ജൈറ്റിസ് ആകും. അപൂർവമായി ഈ അണുക്കൾ രക്തത്തിൽ കലരാനും സെപ്സിസ് എന്ന അണുബാധയാകാനും സാധ്യതയുണ്ട്.

വീട്ടിൽ ചെയ്യേണ്ടതും മുൻകരുതലുകളും

പഴുപ്പിന്റെ കാഠിന്യം കുറയ്ക്കുന്നതിനു തിളപ്പിച്ചാറിയ വെള്ളത്തിൽ ഉപ്പുകലർത്തി അതിൽ മുക്കിയ പഞ്ഞി കൊണ്ടു പഴുപ്പു തുടച്ചു കളയാം. ചെവിയിൽ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ ഒന്നും ഒഴിക്കരുത്. ആവശ്യമെങ്കിൽ ശക്തി കുറഞ്ഞ വേദനാസംഹാരികൾ കഴിക്കാം. ഉടൻ തന്നെ ഡോക്ടറെ കാണുകയും വേണം. ഉചിതമായ ആന്റിബയോട്ടിക്കുകളുടെ കോഴ്സ് പൂർത്തിയാക്കണം. കേൾവിക്കുറവ് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും വിദഗ്ധചികിത്സയുടെ ഭാഗമാണ്. ഡയഫ്രത്തിൽ ദ്വാരമോ മറ്റോ ഉണ്ടായാൽ ടിമ്പാനോപ്ലാസ്റ്റി പോലുള്ള വിദഗ്ധചികിത്സകൾ വേണ്ടിവരും.

ചെവി പഴുപ്പ് മൂർച്ഛിക്കാതിരിക്കാനും വരാതിരിക്കുന്നതിനുമായി ചില മുൻകരുതലുകളെടുക്കാം. ചെവിയിൽ വെള്ളം കയറുന്ന വിധത്തിൽ മുങ്ങിക്കുളി ഒഴിവാക്കണം. പ്രത്യേകിച്ചും കലങ്ങിക്കിടക്കുന്ന— ചെളിവെള്ളത്തിലും മറ്റും. ചെവിയിൽ ആവശ്യമില്ലാതെ മരുന്നുകൾ ഒഴിക്കുന്ന ശീലവും ഒഴിവാക്കണം. ബഡ്സ് പോലുള്ളവയുടെ അമിത ഉപയോഗവും ഒഴിവാക്കുക. ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞാൽ ചെവി പഴുപ്പിനുള്ള സാധ്യത കൂടുതലാകാം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ടി. എസ്. ഫ്രാൻസിസ്

പ്രഫസർ, മെഡിസിൻ വിഭാഗം,

കോലഞ്ചേരി മെഡിക്കൽ കോളജ്.