Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞൾ ദിവസവും ഒരു സ്പൂൺ മതി

benefits of turmeric

മഞ്ഞള്‍ ഉപയോഗിക്കാത്ത കറികള്‍ അധികമില്ല മലയാളികള്‍ക്ക്. നിറത്തിനും മണത്തിനും ചേര്‍ക്കുന്ന മഞ്ഞള്‍, ഗുണത്തിലും പിന്നോട്ടല്ല. പ്രോട്ടീനും വിറ്റാമിനും കാല്‍സ്യവും ഇരുമ്പും മഗ്നീസിയവും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായും മഞ്ഞള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

കാന്‍സര്‍ പ്രതിരോധിക്കുന്നു
പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നു ശാസ്ത്രം പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ t-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

ഡയബറ്റിസ് നിയന്ത്രിക്കുന്നു
ഇന്‍സുലിന്‍റെയും ഗ്ലുക്കോസിന്‍റെയും അളവ‌ു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ് തടയാനും മഞ്ഞളിനു കഴിവുണ്ട്. എന്നാല്‍ വീര്യം കൂടിയ മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം മരുന്നായി മഞ്ഞളും കഴിച്ചാല്‍ ശരീരത്തിലെ ഷുഗര്‍ നില താഴ്ന്നു ഹൈപ്പോഗ്ലൈമിയ വരാന്‍ സാധ്യതയുണ്ട്.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
പാചകത്തിന് നിത്യവും ഉപയോഗിക്കുന്ന മഞ്ഞള്‍ കൊളസ്ട്രോളിന്റെ അളവില്‍ വലിയ വ്യത്യാസം വരുത്തും. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞള്‍ ഹൃദയത്തിന്‍റെ ആരോഗ്യവും ഉറപ്പു വരുത്തുന്നു

പ്രതിരോധശക്തി കൂട്ടുന്നു
മഞ്ഞളിലുള്ള ‘ലിപ്പോപോളിസാക്കറൈഡ് എന്ന പദാര്‍ഥമാണ് ഇതിനു സഹായിക്കുന്നത്. ബാക്ടീരിയ, വൈറസ്‌, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നു.

മുറിവ് ഉണക്കുന്നു
പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. ചര്‍മസൗന്ദര്യത്തിനും ഉത്തമമായ മഞ്ഞള്‍ നിറം വയ്ക്കാന്‍ മാത്രമല്ല സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ദഹനാഗ്നിയെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള മഞ്ഞളിന് ശരീരത്തിലുള്ള കൊഴുപ്പിനെ കുറയ്ക്കാനും സാധിക്കുന്നു. ഓരോ ഭക്ഷണസമയത്തും ഒരു ടീസ്പൂണ്‍ മഞ്ഞള്‍ കഴിക്കുന്നത്‌ ഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും

മറവിരോഗം ചെറുക്കുന്നു
തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്കു കൂട്ടാനും തലച്ചോറിലെ ‘പ്ലാക്ക്’ നീക്കം ചെയ്യാനുമുള്ള മഞ്ഞളിന്‍റെ കഴിവാണ് മറവിരോഗം ചെറുക്കാന്‍ സഹായിക്കുന്നത്. അൽഷിമേഴ്സ് രോഗത്തിന്‍റെ കാഠിന്യം കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുന്നതായി ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കരള്‍ കാക്കുന്നു
രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു. നിത്യവും ഒരു ടീസ്പൂണ്‍ അളവില്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍തന്നെ മഞ്ഞളിന്‍റെ ഗുണഫലങ്ങള്‍ പൂര്‍ണമായും അനുഭവിക്കാം.