Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയും ബലാത്സംഗവും; 10 കാൽപ്പനിക മിത്തുകൾ

impotency2

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണവും ഇപ്പോൾ കൂടി വരുന്നു. സ്വന്തം വീട്ടിലും പൊതു ഇടങ്ങളിലുമൊക്കെ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു. ലൈംഗിക കാര്യങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണകളും പൊതുസമൂഹത്തിൽ വളരെ കൂടുതലാണ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ കുറ്റപ്പെടുത്താനും മോശമായി ചിത്രീകരിക്കാനുമുള്ള പ്രധാന കാരണം ലൈംഗികതയെപ്പറ്റി 

സമൂഹത്തിനുള്ള തെറ്റായ കാഴ്ചപ്പാടുകൾ തന്നെയാണ്.

അഭ്യസ്തവിദ്യരുൾപ്പെടെ ഇത്തരം തെറ്റായ ചിന്തകളും വിശ്വാസങ്ങളും കൊണ്ടു നടക്കുന്നുണ്ട്. അത്തരം ചില മിത്തുകളും അതിന്റെ യാഥാർഥ്യവും.

ലൈംഗികതയെയും ബലാത്സംഗത്തെയും സംബന്ധിച്ച പത്ത് കാൽപനിക മിത്തുകൾ

1. പുരുഷനാൽ ലൈംഗികകയ്യേറ്റത്തിന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നുണ്ടെന്നും സ്ത്രീ സമ്മതിച്ചിട്ടല്ലാതെ അവളെ ആർക്കും ബലാത്സംഗം ചെയ്യാനാവില്ലെന്നുമുള്ള തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ആദ്യം സ്ത്രീ എതിർക്കുകയും ലൈംഗികസുഖം അനുഭവിച്ചു തുടങ്ങിയാൽ പുരുഷനു പൂർണമായും വഴങ്ങുകയും ചെയ്യുമെന്നും അത്തരക്കാർ വിശ്വസിക്കുന്നു. പീഡനത്തിനു ശേഷം സ്ത്രീയുടെ ജനനേന്ദ്രിയത്തിന്റെ ഉൾഭാഗത്ത് മുറിവ് ഉണ്ടാകാത്തത് സ്ത്രീകൾ ലൈംഗികസുഖം ആസ്വദിക്കുന്നതു കൊണ്ടാണെന്നും ഇവർ വ്യാഖ്യാനിക്കുന്നു. സ്വന്തം ശരീരത്തെ പരപീഡനത്തിനായി വിട്ടുകൊടുത്ത് ആഹ്ലാദം കണ്ടെത്തുന്നവരാണ് സ്ത്രീകളെന്നും പുരുഷൻ മനസ്സുവച്ചാൽ ഏതു സ്ത്രീയേയും തങ്ങളുടെ വരുതിയിലാക്കാമെന്നും ഇവർ വിശ്വസിക്കുന്നു.

2. റേപ്പ് ചെയ്യപ്പെട്ടു എന്ന് സ്ത്രീകൾ കള്ളം പറയുമോ? പറയും എന്നാണ് ഒട്ടുമിക്ക പുരുഷന്മാരും വിശ്വസിക്കുന്നത്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ബന്ധം നിർത്തേണ്ടി വരുമ്പോൾ പുരുഷനു മേൽ ലൈംഗിക ആരോപണങ്ങൾ നിരത്തി കേസു കൊടുക്കുകയും ചെയ്യുന്ന വാർത്തകളാണ് സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടെന്നു കള്ളം പറയുമെന്ന് ഇവർ വിശ്വസിക്കാൻ കാരണം. എന്നാൽ ഇത്തരം സംഭവങ്ങൾ വളരെ കുറവാണെന്നു തന്നെ പറയാം. തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ത്രീകൾ കള്ളം പറയില്ലെന്ന് പഠനങ്ങൾ പറയുന്നു.

3. ലൈംഗിക ചൂഷണത്തിനു വിധേയരായ സ്ത്രീകൾ അക്കാര്യം വളരെ പെട്ടെന്ന് മറ്റുള്ളവരോടു വെളിപ്പെടുത്തുമോ? ഇല്ല എന്നതാണ് സത്യം. കുട്ടിക്കാലത്തോ അൽപം മുതിർന്നതിനു ശേഷമോ നേരിടേണ്ടി വന്ന പീഡനത്തെ ആരോടും പറയാതെ മനസ്സിൽ കൊണ്ടു നടക്കുകയാണ് ഒട്ടുമിക്ക സ്ത്രീകളും. സാമൂഹികമാധ്യമങ്ങളിൽ നിറയുന്ന മീ ടൂ ഹാഷ് ടാഗുകൾ ഇതിന് ഉദാഹരമാണ്. എന്നാൽ ഹാഷ് ടാഗുകൾ തൂക്കാത്ത, സമൂഹമാധ്യമങ്ങളിൽ ഇല്ലാത്ത, ലൈംഗിക ചൂഷണത്തിന് വിധേയരായ ഒരുപാടു സ്ത്രീകൾ സമൂഹത്തിലുണ്ട്. പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു മറ്റുള്ളവരുടെ മുന്നിൽ പറയാൻ അവർ പൊതുവേ ഭയപ്പെടുന്നു. തന്നെ മോശക്കാരിയായി ചിത്രീകരിക്കുമെന്നതുകൊണ്ടും നല്ല വിവാഹാലോചനകൾ വരില്ല എന്ന ചിന്ത കൊണ്ടുമാണത്. മാനഭംഗ കേസുകളും ലൈംഗിക ചൂഷണവും കുറച്ചു മാത്രം റിപ്പോർട്ട് ചെയ്യപ്പെടാനുള്ള പ്രധാന കാരണവും ഇതാണ്. 

'4. ലൈംഗിക തൊഴിലാളികളെ ആരും ലൈംഗികകയ്യേറ്റം ചെയ്യാറില്ല എന്നതാണ് മറ്റൊരു മിത്ത്. ലൈംഗിക തൊഴിലാളികളാണെങ്കിൽ കൂടിയും അനുവാദമില്ലാതെ ഒരു സ്ത്രീയുടെ നേരെ അതിക്രമം കാണിക്കാൻ ഒരു പുരുഷനും അധികാരമില്ല.

5. ദാമ്പത്യബന്ധത്തിൽ പോലും ലൈംഗികകയ്യേറ്റം നടത്തുന്ന പുരുഷന്മാരുണ്ട്; വിവാഹം എന്തിനുമുള്ള ലൈസൻസ് ആണെന്നും തന്റെ സുഖത്തിനായി സ്ത്രീയെ എങ്ങനെ വേണെമെങ്കിലും ഉപയോഗിക്കാമെന്നുമുള്ള തനി സാഡിസ്റ്റിക്  ധാരണകൾ പുലർത്തുന്നവർ. പരസ്പര സമ്മതത്തോടെ, ഇണയുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിഞ്ഞ് സംഭോഗത്തിൽ ഏർപ്പെടുന്നതിനു പകരം ഭയപ്പെടുത്തി, ബലപ്രയോഗം നടത്തി, കീഴ്പ്പെടുത്തി ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുന്നത് മാരിറ്റൽ റേപ്പാണ്. എന്നാൽ ഭൂരിഭാഗം പേരും ഇതിനെക്കുറിച്ച് അജ്ഞരാണ്.

6. ബലാത്സംഗത്തിന് പിന്നിൽ ലൈംഗികപരമായ ഉദ്ദേശ്യം മാത്രമാണുള്ളതെന്നാണ് ഒട്ടുമിക്ക ആൾക്കാരും വിശ്വസിക്കുന്നത്. എന്നാൽ ഒരു പുരുഷൻ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള കാരണം പലതാണ്. അധികാരം പ്രയോഗിക്കാൻ, കരുത്തു കാണിക്കാൻ, സ്ത്രീകളോടും സ്ത്രീസമൂഹത്തോടുമുള്ള  അടക്കാനാകാത്ത ദേഷ്യമോ  വൈരാഗ്യമോ കാട്ടാൻ എന്നിങ്ങനെ.

7. അപരിചിതരായ വ്യക്തികളാണ്  പലപ്പോഴും പീഡനത്തിനു മുതിരുന്നത് എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. ഇരയെ ഏതെങ്കിലും തരത്തിൽ പരിചയമുള്ള വ്യക്തികളാണ് ലൈംഗികാതിക്രമത്തിനു ശ്രമിക്കുന്നതെന്നു പഠനങ്ങൾ പറയുന്നു. വളരെക്കുറച്ചു കേസുകളിൽ മാത്രമാണ് അപരിചിതർ പ്രതികളായിട്ടുള്ളത്. കുടുംബത്തിലും ജോലി സ്ഥലത്തുമൊക്കെ സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ പരിചിതരോ ഒക്കെയാണ് പലപ്പോഴും അക്രമികൾ.

8. ലൈംഗിക വികാരത്തെ അടക്കിവയ്ക്കാനാവാതെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് പുരുഷന്മാർ ലൈംഗിക കയ്യേറ്റത്തിനു മുതിരുന്നത് എന്നാണ് പൊതുവേയുള്ള ധാരണ. ഇതു തെറ്റാണ്. മിക്ക ആക്രമണങ്ങളും മുൻകൂട്ടി കൃത്യമായി ആലോചിച്ചുറപ്പിച്ച് ചെയ്യുന്നതാണെന്നു ഗവേഷണങ്ങൾ തെളിയിക്കുന്നു.

9. രക്തബന്ധമുള്ളവരിൽനിന്നു പീഡനശ്രമം ഉണ്ടാകാറില്ലെന്നാണ് ഒട്ടുമിക്ക ആൾക്കാരും വിശ്വസിക്കുന്നത്. പക്ഷേ പിതാവ്, സഹോദരൻ, അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നൊക്കെ പലർക്കും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നുണ്ട്. 

10. സ്ത്രീയുടെ വസ്ത്രാധാരണം പീഡനത്തിനു പ്രേരിപ്പിക്കുന്ന സംഗതിയായി വിദ്യാഭ്യാസമുള്ള പുരുഷന്മാർ പോലും ധരിച്ചുവച്ചിട്ടുണ്ട്. മാന്യതയില്ലാത്ത വസ്ത്രധാരണമായിരുന്നു കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നു പറഞ്ഞ് ഇരയെ കുറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സ്ത്രീയുടെ വസ്ത്രധാരണവും പീഡനവും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. വസ്ത്രധാരണമെന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതു ലൈംഗിക അതിക്രമത്തിനുള്ള അനുവാദമല്ല.

Read More:  Sex and Health