Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയെ സ്കൂളിൽ വിടും മുൻപ് ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

ready-to-school

രണ്ടു മാസത്തെ വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാനുള്ള സമയം ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞു. ഒപ്പം മാതാപിതാക്കളുടെ മനസ്സിൽ ഒട്ടേറെ ആശങ്കളും. എൽകെജിയിലേക്കും ഒന്നാം ക്ലാസ്സിലേക്കും പ്രവേശനം നേടിയ കൂട്ടികളുടെ രക്ഷിതാക്കൾക്ക് ഇപ്പോൾ ചങ്കിടിപ്പാകും. എങ്ങനെയാകും കുഞ്ഞ് സ്കൂളിൽ പോകുമ്പോൾ, ക്ലാസ്സിൽ അടങ്ങി ഇരിക്കുമോ, മറ്റു കുട്ടികളുമായി അടിപിടി ഉണ്ടാക്കുകമോ, തനിയെ ആഹാരം കഴിക്കുമോ എന്നിങ്ങനെ ടെൻഷനുകൾ ഓരോവിധമാണ്. 

ഇതുവരെ വീടായിരുന്നു കുട്ടിയുടെ ലോകമെങ്കിൽ വിദ്യാലയം എന്ന പുതിയൊരു അന്തരീക്ഷത്തിലേക്ക് ജൂൺ മാസത്തിൽ കുട്ടി എത്തപ്പെടുകയാണ്. ഇതുവരെ വീട്ടിൽ ഓടിക്കളിച്ചും വിശക്കുമ്പോൾ ആഹാരം കഴിച്ചും ശീലിച്ച കുട്ടി ഇനി അതെല്ലാം അടക്കി നിർത്താനും പഠിക്കേണ്ടി ഇരിക്കുന്നു. കുട്ടിയുടെ ആരോഗ്യത്തിലും ഏറെ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ കാര്യത്തിൽ  അമ്മമാർ അനുഭവിക്കുന്ന വ്യാകുലതകളും പരിഹാരമാർഗങ്ങളും നോക്കാം.

∙ രാവിലെ എഴുന്നേൽപ്പിക്കാം

കുട്ടികളെ രാവിലെ എഴുന്നേൽപ്പിക്കുന്ന കാര്യമാണ് കഷ്ടപ്പാട് എന്നു പരാതി പറയുന്ന അമ്മമാർ നമുക്കു ചുറ്റുമുണ്ടാകും. ഇതിനുള്ള പരിശീലനം ഒരാഴ്ച മുന്നേ എങ്കിലും തുടങ്ങണം. കുറഞ്ഞത് എട്ടുമണിക്കൂർ ഉറക്കം വേണം. കിടക്കയിൽ നിന്നു ചാടി എഴുന്നേൽക്കാതെ കണ്ണു തുറന്നു പതിയെ എഴുന്നേൽപ്പിക്കാൻ ശീലിപ്പിക്കണം. എന്നും കൃത്യസമയത്തു കിടന്ന്, കൃത്യസമയത്ത് ഉണർത്തണം. പ്രഭാതകർമങ്ങൾക്കുശേഷം പഠനം. പിന്നെ അൽപ്പസമയം പത്രം വായനക്കായി നീക്കിവയ്ക്കാം. അല്ലെങ്കിൽ വൈകിട്ടെത്തിയശേഷം വായിക്കാം. 

∙ പ്രഭാതഭക്ഷണം മുടക്കരുത്

സ്‌കൂളിൽ പോകാനുള്ള തിരക്കിൽ രാവിലത്തെ ഭക്ഷണം കഴിച്ച പാതി കഴിക്കാത്ത പാതി ഓടിപ്പോകാൻ ശ്രമിക്കരുത്. രാവിലത്തെ ഭക്ഷണമാണ് അന്നത്തെ മുഴുവൻ ചിന്തയ്‌ക്കുമുള്ള ഊർജം തരുന്നത്. ഉച്ചയ്‌ക്കും വൈകിട്ടുമൊക്കെ കഴിച്ചാലും പ്രഭാതഭക്ഷണം പ്രധാന ഭക്ഷണം തന്നെയാണ്.

∙ കുട്ടികളുടെ കൂട്ടുകാരാവുക 

സ്‌കൂൾ തുറന്നു, ഇനി ഏതുനേരവും പഠിക്ക് പഠിക്ക് എന്നുമാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന അച്‌ഛനും അമ്മയും ഓൾഡ് ജനറേഷനായി. ന്യൂജെൻ അച്‌ഛനും അമ്മയും മക്കളുടെ ബെസ്‌റ്റ് ഫ്രണ്ട്‌സ് ആകണം. എന്തു പ്രശ്‌നവും എനിക്ക് അച്‌ഛനോടും അമ്മയോടും പറയാമെന്നു മക്കൾ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ തന്നെ ബെസ്‌റ്റ് പേരന്റ്‌സ്. 

മക്കളുടെ പഠനത്തിൽ കൃത്യമായ ശ്രദ്ധ അച്‌ഛനും അമ്മയ്‌ക്കും വേണം. പഠിച്ചോടാ എന്നു ചാരുകസേരയിലിരുന്നു നീട്ടിച്ചോദിച്ചിരുന്ന അച്‌ഛനെ അല്ല, ഒപ്പമിരുന്നു തിരുത്തി പഠിപ്പിക്കുന്ന അച്‌ഛനെയായിരിക്കും മക്കൾക്കിഷ്‌ടം. അമ്മയ്‌ക്കു ജോലിത്തിരക്കാണെങ്കിലും ഇടയ്‌ക്കു വന്നു പരിശോധിക്കാം. സ്‌ഥലമുണ്ടെങ്കിൽ അടുക്കളയിൽ ഒരു ചെറിയ മേശയിട്ട് അവിടെയിരുത്തിയും പഠിപ്പിക്കാം. പക്ഷേ നല്ല വെളിച്ചവും പഠിക്കാനുള്ള സാഹചര്യവും ഉറപ്പാക്കണം. ടിവി പരിപാടികൾ കാണാൻ കൃത്യ സമയം നിശ്‌ചയിക്കാം. 

∙ കൂട്ടുകാരെയും അധ്യാപകരെയുംഅറിയുക 

.മക്കളുടെ കൂട്ടുകാരെ മാതാപിതാക്കളും അറിയണം. അവരുടെ കുടുംബങ്ങളുമായും പരിചയമുണ്ടാക്കുന്നതു നല്ലതാണ്. നല്ല കൂട്ടുകാരാണെന്നുറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. മക്കളുടെ അധ്യാപകരുമായും കൃത്യമായ ആശയവിനിമയം വേണം. ഏതെങ്കിലും വിഷയത്തിൽ മാർക്കു കുറഞ്ഞാൽ ഭീഷണിപ്പെടുത്തുകയോ അടിച്ചു ശരിയാക്കുകയോ അല്ല വേണ്ടത്. അധ്യാപകരെക്കൂടി കണ്ട് എന്താണു പ്രശ്‌നം എന്നു കണ്ടെത്തണം. തീരെ പറ്റില്ലെങ്കിൽ മതി ട്യൂഷൻ. ട്യൂഷനെടുക്കുന്ന അധ്യാപകരെയും പരിചയപ്പെടണം. അവിടുത്തെ അന്തരീക്ഷവും നോക്കണം. 

∙ സ്കൂൾ ബസിൽ കയറുമ്പോൾ ശ്രദ്ധിക്കാൻ

 സ്കൂൾ ബസ് വരുന്നതിന് അഞ്ചു മിനിട്ട് മുമ്പെങ്കിലും സ്റ്റോപ്പിലെത്തുക. തിടുക്കത്തിൽ കയറുമ്പോഴാണ് അപകടം ഉണ്ടാവുക.

ബസ് കാത്തുനിൽക്കുന്നത് നടപ്പാതയിൽ മതി. റോഡിലേക്ക് ഇറങ്ങി നിൽക്കരുത്.

ബസ് പൂർണമായും നിർത്തി എന്നുറപ്പു വരുത്തി മാത്രം കയറുക.

ബസിൽ നിന്നിറങ്ങും മുമ്പു വാട്ടർ ബോട്ടിൽ, കുട മുതലായവ ബാഗിനുള്ളിലാക്കുക. ഇവ ബസിനടിയിൽ വീഴുന്നു ഒഴിവാക്കുന്നതോടൊപ്പം കുട്ടിക്കു ശ്രദ്ധയോടെ കമ്പിയിൽ പിടിച്ച് ഇറങ്ങുകയും ചെയ്യാം.

എന്തെങ്കിലും സാധനങ്ങൾ ബസിനടിയിൽ വീണാൽ ബസ് പോയശേഷം എടുക്കുക.

യൂണിഫോമിലോ സ്കൂൾ ബാഗിലോ നിന്നു നൂലോ കീചെയിനോ പോലുള്ളവ തൂങ്ങിക്കിടക്കുന്നുണ്ടെങ്കിൽ മാറ്റുക. അവ ബസിന്റെ ഡോറിൽ ഉടക്കി അപകടം സംഭവിക്കാതിരിക്കും.

സ്കൂൾ ബസിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നു സ്കൂളധികൃതരുമായി സംസാരിച്ച് ഉറപ്പാക്കാം.