Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാംപൂവിലെ രാസവസ്തു അപകടകരം

shampoo

ഷാംപൂ, സോപ്പുപൊടി, കണ്ടീഷണർ ഇവയൊന്നും ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. ഇവയുടെ ഉപയോഗം കുട്ടികളിൽ ജനനവൈകല്യത്തിനു കാരണമാകുമെന്നു ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ക്വാറ്റേനറി അമോണിയം സംയുക്തങ്ങൾ അഥവാ ‘ക്വാട്സ്’ സാധാരണയായി അണുനാശിനിയായും പ്രിസർവേറ്റീവുകളായും വീടുകളിലും പേഴ്സണൽ കെയര്‍ ഉൽപന്നങ്ങളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ്. ശുചീകരണികൾ, സോപ്പുപൊടി, ഫാബ്രിക് സോഫ്റ്റ്നർ, ഷാംപൂ, കണ്ടീഷണർ, ഐ ഡ്രോപ്സ് മുതലായവയിൽ ക്വാട്സ് ഉണ്ട്. ഇവയുടെ ഉപയോഗം ജനിതക വൈകല്യത്തിന് കാരണമാകുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. വീട്, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ ഈ രാസവസ്തുക്കൾ പതിവായി ഉപയോഗിക്കുന്നുണ്ട്.

എഡ്‌വാര്‍ഡ്‌വയ കോളജ് ഓഫ് ഓസ്റ്റിയോപ്പതിക് മെഡിസിനും വിർജീനിയ മേരിലാൻഡ് കോളജ് ഓഫ് വെറ്ററിനറി മെഡിസിനും ചേർന്നാണ് പഠനം നടത്തിയത്. വിർജീനിയ ക്യാംപസിലെ റിസർച് അസിസ്റ്റന്റും വെറ്ററിനറി കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോമെഡിക്കൽ സയൻസ് ആൻഡ് പാതോബയോളജിയിലെ പ്രഫസറുമായ ടെറി ഹ്രൂബെക്കിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

പതിവായി ഉപയോഗിക്കുന്ന 2 ക്വാഡ്സുകളായ Alkyl Dimethyl benzyl ammonium chloride (ADBAC), didecyl dimethyl ammonium chloride (DDAC) എന്നിവയിലാണ് പഠനം നടത്തിയത്. ആന്റി മൈക്രോബിയൻ, ആന്റിസ്റ്റാറ്റിക് ഗുണങ്ങൾ ഇവയ്ക്കുണ്ട്.

ന്യൂറൽ ട്യൂബില്‍ ഉണ്ടാകുന്ന വൈകല്യങ്ങൾക്ക് ഇവ കാരണമാകുന്നുണ്ട്. ഇത് മനുഷ്യനിൽ ഉണ്ടാകുന്ന സ്പൈന ബൈഫിഡ, അനൻസെഫലി എന്നീ ജനനവൈകല്യങ്ങൾക്ക് തുല്യമാണ്.

ആണെലികളിലും പെണ്ണെലികളിലും ഈ ജനനവൈകല്യം കാണപ്പെട്ടു. കൂടാതെ ഏതെങ്കിലും  ഒരു രക്ഷിതാവ് ഈ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തിയാലും ജനനവൈകല്യം ഉണ്ടാകുന്നുണ്ട്. ‌‌‌

എലികളെ പാർപ്പിച്ചിരുന്ന മുറികളിൽ ക്വാട്സ് അടിസ്ഥാനമാക്കിയ ശുചീകരണികൾ (Cleaners) ഉപയോഗിച്ചപ്പോൾ തന്നെ അവ ജനനവൈകല്യങ്ങൾക്ക് കാരണമായി.

ഇവയുടെ സമ്പർക്കം അവസാനിപ്പിച്ചിട്ടും റോഡെന്റുകളിൽ (എലി, അണ്ണാൻ, മുതലായവ) രണ്ടു തലമുറയ്ക്കു ശേഷവും ജനനവൈകല്യങ്ങൾ വർദ്ധിച്ചതായി കണ്ടു.

ഈ രാസവസ്തുക്കൾ  എലികളിൽ പ്രത്യുൽപ്പാദന ക്ഷമത കുറയ്ക്കുന്നതായും കണ്ടു. ആണെലികളിൽ ബീജത്തിന്റെ അളവ് കുറയുന്നതായും പെണ്ണെലികളിൽ ഓവുലേഷന്‍ കുറയുന്നതായും ഫോളോഅപ്പ് പഠനത്തിൽ പറയുന്നു.

മനുഷ്യനിൽ അടുത്ത കാലത്തായി വർധിച്ച ഒരു പ്രശ്നമായ വന്ധ്യതയ്ക്ക് ക്വാട്സ് എന്ന രാസവസ്തുക്കൾ കാരണമാകാനുള്ള സാധ്യതയും ഈ പഠനം ഉയർത്തുന്നു.

മൃഗങ്ങളുടെ ഭ്രൂണവളർച്ചയെ ഈ രാസവസ്തുക്കൾ ബാധിക്കുന്നതായി പഠനത്തിൽ തെളിഞ്ഞു. ബയോ മെഡിക്കൽ സയൻസിൽ എലിവർഗത്തിൽപ്പെട്ട ജീവികളിൽ നടത്തുന്ന പഠനം വളരെ പ്രധാനമാണ്. മനുഷ്യനിലും ഈ രാസവസ്തുക്കൾ വിഷകാരികളാണ് എന്ന അപകടസൂചനയും ഈ പഠനഫലം നൽകുന്നു.

ടോക്സിസിറ്റി ‌പഠനങ്ങളുടെ സ്റ്റാൻഡേഡൈസേഷൻ വരും മുൻപ് 1950 കളിലും 60 കളിലും ആണ് ക്വാടേർനറി അമോണിയം സംയുക്തങ്ങൾ രംഗത്തു വന്നത്. രാസവസ്തു നിർമാതാക്കൾ ആ സമയത്ത് ചില പഠനങ്ങൾ നടത്തിയിരുന്നെങ്കിലും അവ ഒരിക്കലും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് അവ പരിസ്ഥിതി സംരക്ഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ്.

ഉയർന്ന അളവിൽ ഈ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തേണ്ടി വരുന്ന ആരോഗ്യ രംഗത്തെ ജോലിക്കാർക്കും ഹോട്ടൽ ജീവനക്കാർക്കും ഗർഭധാരണം വൈകിയിട്ടുണ്ടോ എന്നും ന്യൂറൽ ട്യൂബിൽ ജനന വൈകല്യങ്ങളുള്ള കുട്ടികൾ ഉണ്ടോ എന്നതിനെക്കുറിച്ചും എപ്പിഡമിയോളജിക്കൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഫ്രൂബെക് പറയുന്നു.

‘ബർത്ത് ഡിഫക്ട്സ് റിസർച്ച്’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read more : ആരോഗ്യവാർത്തകൾ