Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളുക്കാന്‍ തേക്കും മുൻപ് പരിശോധിക്കാം വ്യാജനാണോയെന്ന്

fairness-cream

‌വ്യാജ സൗന്ദര്യ വർധക ഉൽപന്നങ്ങൾ കണ്ടെത്താൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 40 കേസുകൾ. ‘ഓപ്പറേഷൻ ഹെന്ന’എന്ന പേരിൽ കഴിഞ്ഞ മേയിൽ തുടങ്ങിയ പരിശോധനയിൽ മൂന്നു മാസങ്ങൾക്കുള്ളിലാണ് ഇത്രയും കേസുകൾ കണ്ടെത്തിയത്. ദിവസം 3–4 കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നതിൽ പകുതിയോളം വ്യാജനാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ണെഴുതും മുൻപ്

ബഹുരാഷ്ട്ര കമ്പനി ലാക്മേ പുറത്തിറക്കിയ കാജലിന്റെ തനി വ്യാജ പകർപ്പ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. മാരകരാസവസ്തുക്കൾ ചേർത്ത ഹെയർ ഡൈ, ഡവ് പിങ്ക് സോപ്പിന്റെ വ്യാജൻ, ഡവ് ഇതുവരെ പുറത്തിറക്കാത്ത തരം ക്രീമുകൾ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വ്യാജ ഹെന്ന തുടങ്ങിയവയാണു പിടിച്ചെടുത്തത്. ചൈനീസ് നിർമിത ഗുളികകൾ, ഫെയ്സ് പാക്ക് എന്നിവയിലും വ്യാജനുണ്ടെന്നു കണ്ടെത്തി. 

സഞ്ചാരികൾ കെണിയിൽ

സഞ്ചാരികളെ വ്യാജ ആയുർവേദ ഉൽപന്നങ്ങൾ നൽകി പറ്റിച്ചു പതിനായിരക്കണക്കിനു രൂപയാണു തട്ടുന്നത്. അടിമാലി, കട്ടപ്പന, മൂന്നാർ മേഖലകളിൽ നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ഉൽപന്നങ്ങൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു. വിദേശ സഞ്ചാരികളും വടക്കേ ഇന്ത്യക്കാരുമാണ് വഞ്ചിതരാകുന്നവരിലേറെയും. വണ്ണം കുറയാനും കൂടാനും, സൗന്ദര്യം ഉണ്ടാകാൻ, നിറം വർധിക്കാൻ തുടങ്ങിയവയ്ക്കുള്ള വ്യാജമരുന്നുകൾ നൽകിയാണു തട്ടിപ്പ്. 

സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലെത്തിക്കുന്ന ഡ്രൈവർമാർക്ക് 2000 രൂപ വരെ കമ്മിഷൻ ലഭിക്കുമെന്നു കണ്ടെത്തി.

ഉത്തേജനം തട്ടിപ്പുകാർക്ക്

വ്യാജ ലൈംഗിക ഉത്തേജക മരുന്നുകളും വ്യാപകം. സ്വകാര്യഭാഗങ്ങളിൽ ഉപയോഗിക്കാനെന്ന പേരിൽ വാങ്ങിയ തൈലം ഉപയോഗിച്ചതോടെ പൊള്ളലേറ്റവരുടെ പരാതികൾ ഡ്രഗ്സ് കൺട്രോളർക്കു ലഭിച്ചിരുന്നു. മൂന്നാർ കേന്ദ്രീകരിച്ചുള്ള ഇത്തരം കേന്ദ്രങ്ങളിൽ നിന്നും വ്യാജഉൽപന്നങ്ങളും പിടിച്ചെടുത്തിരുന്നു.

വ്യാജനെതിരെ പരാതി നൽകാം

വ്യാജഉൽപന്നങ്ങൾ സംബന്ധിച്ച പരാതി ഉടൻ ഡ്രഗ്സ് കൺട്രോളറെ അറിയിക്കാം

ഫോൺ: 0471- 2471896

വെബ്സൈറ്റ്: www.dc.kerala.gov.in