Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദം കുറയ്ക്കാൻ ചർമം സഹായിക്കുന്നതെങ്ങനെ?

bloodpressure-ayurveda

രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും നിയന്ത്രിക്കുന്നതിൽ ചർമ്മം അതിശയകരമായ പങ്കു വഹിക്കുന്നതായി പഠനം. കേംബ്രിഡ്ജ് സർവകലാശാലയിലെയും സ്വീഡനിലെ കരോലിൻസ്ക സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ എലികളിലാണ് പഠനം നടത്തിയതെങ്കിലും മനുഷ്യരിലും ഇതു ശരിയാണെന്ന് ഗവേഷർ പറയുന്നു.

ചുറ്റുപാടു നിന്നും ലഭ്യമായ ഓക്സിജന്റെ അളവനുസരിച്ച് രക്തസമ്മർദവും ഹൃദയമിടിപ്പും നിയന്ത്രിക്കാൻ ഏറ്റവും വലിയ അവയവമായ ത്വക്കിനു കഴിയുമെന്ന് ഇ ലൈഫ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെ തെളിഞ്ഞു. ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധ രോഗങ്ങളായ ഹൃദയാഘാതം, പക്ഷാഘാതം ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭൂരിഭാഗം പേർക്കും ഉയർന്ന രക്തസമ്മർദം ഉണ്ടാകാൻ അറിയപ്പെടുന്ന കാരണങ്ങളില്ല. ചർമത്തിലെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലെയും ചെറിയ രക്തക്കുഴലുകളിലൂടെയുള്ള കുറഞ്ഞ രക്തപ്രവാഹവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. രക്താദിമർദത്തിന്റെ ഈ ലക്ഷണം ചികിത്സിച്ചില്ലെങ്കിൽ ക്രമേണ ഗുരുതരമാകും.

ഒരു കലയിൽ (tissue) ഓക്സിജൻ ലഭിക്കാതെ വന്നാൽ (ഉയർന്ന ആൾറ്റിറ്റ്യൂഡ് ഉള്ള സ്ഥലത്തോ മലിനീകരണം മൂലമോ, പുകവലി, പൊണ്ണത്തടി ഇവ മൂലമോ ഇങ്ങനെ സംഭവിക്കാം.) ആ കലയിലേക്കുള്ള രക്തപ്രവാഹം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം അവസ്ഥകളിൽ ഈ വർധിച്ച രക്തപ്രവാഹം നിയന്ത്രിക്കുന്നത് എച്ച്. ഐ. എഫ് കുടുംബത്തിൽപ്പെട്ട പ്രോട്ടീനുകളാണ്. ചർമത്തിൽ ഇത്തരം എച്ച് ഐ എഫ് പ്രൊട്ടീനുകളെ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത തരത്തിൽ ജനിതകമാറ്റം വരുത്തിയ എലികളെയാണ് പഠനത്തിനുപയോഗിച്ചത്.

ചെറിയ രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോൾ ചർമം എന്തു പങ്കാണ് വഹിക്കുന്നതെന്നു പഠിക്കാൻ കേംബ്രിഡ്ജ്, സ്വീഡിഷ് ഗവേഷകർ എലികളെ ഓക്സിജൻ കുറഞ്ഞ അവസ്ഥയിൽ പാർപ്പിച്ചു.

സാധാരണ എലികളുമായി താരതമ്യപ്പെടുത്തിയപ്പോൾ എച്ച് ഐ എഫ് 1, എച്ച് ഐഫ് 2  എന്നീ രണ്ടു പ്രോട്ടീനുകളിൽ ഏതെങ്കിലും ഒരെണ്ണം ഇല്ലാത്ത എലികളിൽ ഓക്സിജന്റെ ലഭ്യത കുറഞ്ഞപ്പോഴുള്ള പ്രതികരണത്തിൽ മാറ്റം ഉള്ളതായി കണ്ടു. ഇത് അവയുടെ ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തസമ്മർദം ചർമത്തിന്റെ താപനില കൂടാതെ പ്രവർത്തനങ്ങളുടെ പൊതുവായ നില ഇവയെ ബാധിച്ചതായി കണ്ടു. എച്ച് ഐ എഫിനാൽ നിയന്ത്രിക്കപ്പെടുന്ന പ്രത്യേക പ്രോട്ടീൻ രണ്ടെണ്ണവും ഇല്ലാത്ത എലികളും ഇതേ രീതിയിൽ പ്രതികരിച്ചു.

ആരോഗ്യമുള്ള നോർമൽ ആയ എലികളിൽ ഓക്സിജൻ സ്റ്റാർവേഷനോടുള്ള പ്രതികരണം വിചാരിച്ചതിലുമധികം സങ്കീർണമായിരുന്നു. ആദ്യ പത്തുമിനിറ്റിൽ രക്തസമ്മർദവും ഹൃദയമിടിപ്പും ഉയർന്നു. തുടർന്ന് 36 മണിക്കൂർ ആയപ്പോഴേക്കും ഇവ സാധാരണ നിലയിൽ നിന്നു കുറഞ്ഞു. ഓക്സിജന്റെ അളവ് കുറഞ്ഞത് ഏതാണ്ട് 48 മണിക്കൂറിനു ശേഷം ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായി.

ചർമത്തിലെ ഓക്സിജൻ സ്റ്റാർവേഷനോട് പ്രതികരിക്കുന്ന എച്ച്ഐഎഫ് പ്രോട്ടീന്റെയോ മറ്റു പ്രോട്ടീനുകളുടെയോ നഷ്ടം ഈ പ്രക്രിയ തുടങ്ങുമ്പോഴും എത്ര സമയം നീണ്ടു നിൽക്കുമ്പോഴും മാറ്റം വന്നതായി കണ്ടു.

‘‘ഹൃദയം രക്തം പമ്പു ചെയ്യുന്നതുമായും ഓക്സിജന്റെ കുറഞ്ഞ അളവിനോട് ചർമത്തിന്റെ പ്രതികരണവുമായും ബന്ധമുണ്ടെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു.

താൽക്കാലികമോ നീണ്ടു നിൽക്കുന്നതോ ആകട്ടെ, ഓക്സിജന്റെ അളവു കുറയുന്നത് സാധാരണമാണ്. സ്വാഭാവിക പരിസ്ഥിതിയുമായോ അല്ലെങ്കിൽ പുകവലി, പൊണ്ണത്തടി മുതലായ ഘടകങ്ങളുമായോ ഇതു ബന്ധപ്പെട്ടിരിക്കുന്നു.’’ കേംബ്രിഡ്ജ് സർവകലാശാല ഗവേഷകനായ ആൻഡ്രൂ കൗബേൺ പറയുന്നു.

രക്താതിമർദത്തിനു കാരണമാകുന്ന ഇത്തരം അസ്ഥികളോട് ശരീരത്തിന്റെ പ്രതികരണം എങ്ങനെയെന്ന് മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുന്നു.

Read More : Health and Wellbeing