Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്കപ്പ് മാറ്റിയില്ലെങ്കിൽ സംഭവിക്കാവുന്ന അപകടങ്ങൾ

makeup

ഏറ്റവും നന്നായി മേക്കപ്പ് ചെയ്ത് സുന്ദരിയാകുക എന്നത് സ്ത്രീകളുടെ ആഗ്രഹമാണ്. ഒാഫീസ് ജോലിക്കു പോകുമ്പോൾ പോലും എല്ലാ ദിവസവും മേക്കപ്പ് ഉപയോഗിക്കുന്നരുടെ എണ്ണം കൂടി വരികയാണ്. എന്നാൽ വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞാൽ മേക്കപ്പ് മുഴുവനായി നീക്കം ചെയ്യാൻ പലരും ശ്രദ്ധ നൽകാറില്ല.

മേക്കപ്പണിഞ്ഞ് ഉറങ്ങിയാൽ

മേക്കപ്പ് മാറ്റാതെ ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം കിടന്നുറങ്ങുന്നത് ചർമത്തിന് അധികം ദോഷം ചെയ്യില്ല. എന്നാൽ ഇതു സ്ഥിരമാക്കിയാൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഫൗണ്ടേഷൻ ക്രീമുകൾ രാത്രി മുഴുവൻ മുഖത്ത് അണിയുകയാണെങ്കിൽ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമകൂപങ്ങളും അടഞ്ഞ് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതോടൊപ്പം ബാക്ടീരിയൽ അണുബാധ ഉണ്ടാവുകയാണെങ്കിൽ പഴുപ്പു നിറഞ്ഞ കുരുക്കളും ഉണ്ടാകാം. എണ്ണമയം കൂടുതലുള്ള ചർമമുള്ളവർക്ക് ഇങ്ങനെ കുരുക്കളുണ്ടാകാനുള്ള സാധ്യത ഏറും.

വരണ്ട ചർമമുള്ളവർ ശ്രദ്ധിക്കാൻ

വരണ്ട ചർമമുള്ളവർ ഏറെനേരം മേക്കപ്പ് അണ‍ിഞ്ഞാൽ ചർമം കൂടുതൽ വരണ്ട് വ‍ിണ്ടു കീറുകയും ചുവപ്പു നിറമുള്ളതാകുകയും ചെയ്യാം. സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങിയാൽ അത് ചർമത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളുടെ സ്വാഭാവികമായുള്ള പുറംതള്ളലിനെ ബാധിക്കുകയും ചർമകോശങ്ങളുടെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യും. ചിലരിൽ കറുപ്പ‍ുനിറം വ്യാപിക്കുന്നതായും കാണാറുണ്ട്. സെൻസിറ്റീവ് ചർമമുള്ളവരിൽ ചൊറിച്ചിൽ, ചുവന്ന തടിപ്പുകൾ എന്നിവ ഉണ്ടാകാം.

മസ്കാര, െഎലൈനർ തുടങ്ങിയവ ഏറെ നേരം ഉപയോഗിച്ചാൽ കൺകുരു ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ കണ്ണിനുള്ളിലേക്ക് ഇറങ്ങിയാൽ കണ്ണിൽ ചുവപ്പുനിറം, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം. ചുണ്ടുകളിലെ മേക്കപ്പ് കാരണം അവ വരണ്ട‍ു വിണ്ടുകീറുകയും കറുപ്പ് നിറം ബാധിക്കുകയും ചെയ്യാം.

ചുളിവുകൾ വീഴാം

സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങുന്നവരുടെ ചർമത്തിൽ ചെറുപ്പത്തിലെതന്നെ ചുളിവുകൾ വീഴാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. ദീർഘനേരം മേക്കപ്പ് അണിഞ്ഞാൽ ചില രാസവസ്തുക്കൾ വർധിച്ച അളവിൽ ശരീരത്തിൽ എത്തുകയാണെങ്കിൽ അർബുദകാരിയായി തീരാം. അതിനാൽ ഉറങ്ങുംമുമ്പ് മേക്കപ്പ് പൂർണമായും കഴുകി മാറ്റാനായി ശ്രദ്ധിക്കണം. ചർമത്തിന്റെ സ്വഭാവമനുസരിച്ച് വെളിച്ചെണ്ണ, കോൾഡ് ക്രീം, വൈപ്സ് ഇവ ഉപയോഗിക്കാം. ശേഷം വളരെ വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് കഴുകുകയും വേണം.

ഡോ.സിമി എസ്.എം
അസോസിയേറ്റ് പ്രഫസർ, ഡെർമറ്റോളജി വിഭ‍ാഗം, ശ്രീ ഗോകുലം മെഡിക്കൽ കോളജ്, തിരുവനന്തപുരം‌

Your Rating: