Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം ആഘോഷിക്കാം, ആരോഗ്യവും ശ്രദ്ധിക്കാം

celebration

ആഘോഷങ്ങളുടെയും ഭക്ഷണങ്ങളുടെയും കാലമാണല്ലോ ഡിസംബർ. ക്രിസ്മസിനും ന്യൂഇയറിനുമായി കേക്കും വൈനും കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഇതാകട്ടെ, നമ്മുടെ ശരീരഭാരവുംപ്രമേഹവും രക്ത സമ്മർദ്ദവും കൂട്ടുകയും ചെയ്യുന്നു.

ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പുകാലത്ത് ഒന്നു മുതൽ രണ്ടു കാലോ വരെ ശരീരഭാരം കുറയ്ക്കുന്നവരും രക്ത സമ്മർദവും പ്രമേഹവും പരിധിയിൽ നിർത്തുന്നവരുമുണ്ട്. എന്നാൽ ഈ കുറവ് ആഘോഷം പരിധി വിടുമ്പോൾ പഴയതുപോലെ അകും.

ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെയുള്ള അനാരോഗ്യപരമായ ഭക്ഷണ രീതിയാണ് ഇതിനൊരു കാരണം. ശരീര ഭാരം കൂടാൻ വളരെ എളുപ്പവും കുറയ്ക്കാൻ വളരെ പാടുള്ളതുമാണ്. ക്രിസ്മസ് ന്യൂ ഇയർ കാലത്തെ ഏറ്റവും വലിയ പ്രശ്നം അമിത ഭക്ഷണമാണ്. ക്രിസ്മസ് പ്രാതൽ തുടങ്ങി അമിത ഊർജ്ജവും കൊഴുപ്പുമുള്ള ഭക്ഷണവും ഇടയ്ക്കിടയ്ക്കുള്ള കേക്കും വൈനും മിക്ക വീടുകളിലും ന്യൂ ഇയർ വരെ തുടരുന്നു. ശരിയായ ദഹനം നടക്കാൻ പോലുമുള്ള സമയം കൊടുക്കാതെ ഇടയ്ക്കിടെ ക്ഷണം കഴിക്കുമ്പോൾ ശരീരഭാരവും രക്ത സമ്മർദ്ദവും പ്രമേഹവും കൂടുന്നതിനോടൊപ്പം പലവിധ ദഹന പ്രശ്നങ്ങളും ഗ്യാസും ഉണ്ടാകുന്നു.

ക്രിസ്മസിന് ഭക്ഷണത്തെക്കാൾ പ്രശ്നം സൃഷ്ടിക്കുന്നവയാണ് മദ്യവും വൈനും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതു കൂടാതെ മദ്യത്തിൽ ധാരാളം ഊർജ്ജം അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റുപോഷക വസ്തുക്കൾ ഒന്നും തന്നെയില്ല. ഇവ അമിത വണ്ണമുണ്ടാക്കാൻ കാരണമാകുന്നു. മാത്രമല്ല ചില അവസരങ്ങളിൽ ഭക്ഷണത്തിൽ നിന്നും കിട്ടുന്ന പോഷകങ്ങളുടെ ആഗീരണത്തെയും തടയുന്നു.

ആഘോഷവേളയിൽ ശ്രദ്ധിക്കാൻ
∙ അമിത ഭക്ഷണം ഒഴിവാക്കുക.
∙ ഭക്ഷണത്തിൽ കൂടുതലായി ഊർജ്ജം കുറഞ്ഞതും കൊഴുപ്പു കുറഞ്ഞതുമായ ഭക്ഷണം ഉൾപ്പെടുത്തുക.
∙ മദ്യവും വൈനും കുറയ്ക്കുക. ഉപയോഗിക്കുകയാണെങ്കിൽ ഭക്ഷണശേഷം മാത്രം ആക്കുക.
∙ സ്ഥിരമായി ചെയ്യുന്ന വ്യായാമം ചെയ്യുക.
∙ പകൽ സമയത്ത് ഇടയ്ക്കിടയ്ക്കും കിടക്കുന്നതിനു മുമ്പും വെളളം കുടിക്കുക.
∙ ഭക്ഷണം 20 മിനിറ്റ് എങ്കിലും എടുത്ത സാവധാനത്തിൽ കഴിക്കുക.
∙ കേക്ക് അമിതമാകാതെ സൂക്ഷിക്കുക. ഫ്രൂട്ട്്സ് ഇനങ്ങൾ ഡിന്നർ ടേബിളിലും കേക്കും മറ്റു പലഹാരങ്ങളും പെട്ടെന്നു നോട്ടം എത്തുന്നിടത്തും വയ്ക്കുക. ഇത് ഫ്രൂട്ട്സിന്റെ ഉപയോഗം കൂടാനും കേക്കും മറ്റും ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.
∙ പ്ലേറ്റിന്റെ ഒരു ഭാഗമെങ്കിലും പച്ചക്കറി നിർബന്ധമായി എടുക്കുക.
∙ ആവശ്യത്തിനു മാത്രം ഭക്ഷണം ഉണ്ടാക്കുക. അഥവാ കൂടിയാൽ മുഴുവൻ അന്നു തന്നെ കഴിക്കാതെ ഒന്നുകിൽ ഗിഫ്റ്റായി മറ്റുള്ളവർക്ക് കൊടുക്കുകയോ അല്ലെങ്കിൽ അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കുകയോ ചെയ്യുക.

ഇവയോടൊപ്പം തന്നെ പാചക രീതിയും വളരെ പ്രധാന്യം അർഹിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ പലവിധ ഭക്ഷണപാനീയങ്ങൾ ഉണ്ടാക്കുന്ന സമയം കൂടിയാണ് ഇത്. അതിനാൽ തന്നെ ചില അശ്രദ്ധ പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. മത്സ്യ മാംസ്യാഹരങ്ങൾ പ്രത്യേകം വൃത്തിയാക്കി പാചകം ചെയ്യുക. ഇവ എടുത്തതിനുശേഷം കൈ നന്നായി കഴുകിയതിനു ശേഷമേ മറ്റു സാധാനങ്ങൾ എടുക്കാവൂ. ഇവ ഉണ്ടാക്കുന്നിടത്ത് കേക്ക്, വൈൻ, ഫ്രൂട്ട്സ് ഇവ വയ്ക്കാതിരിക്കുക. പച്ചക്കറികൾ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. നമ്മൾ ഒന്നു ശ്രദ്ധിച്ചാൽ ആരോഗ്യം നിറഞ്ഞ ഒരു ആഘോഷമായി ഈ ക്രിസ്മസിനെയും ന്യൂ ഇയറിനെയും മാറ്റാൻ സാധിക്കും.

Your Rating: