Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് കൗൺസലിങ്?

councelling

കൗൺസലിങ്– ഈ വാക്കു കേൾക്കുമ്പോൾ തന്നെ ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും സുഖമുള്ള കാറ്റ് മനസ്സിൽ വന്നു തൊടും. വ്യക്തിപരവും സാമൂഹികപരവുമായ കാര്യങ്ങൾ കൊണ്ട് മനസ്സ് കലുഷിതമായി, പിടിവിട്ടുപോകുമെന്നു തോന്നുന്ന ഘട്ടത്തിൽ കൈത്താങ്ങായി കൗൺസലിങ് എത്താറുണ്ട്. മരണത്തിന്റെ വക്കോളമെത്തിയ വ്യക്തികൾ, പിരിയാൻ തുടങ്ങുന്ന ദാമ്പത്യങ്ങൾ, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ പരാജയമെന്നു മുദ്രകുത്തപ്പെട്ടവർ.. അങ്ങനെ എത്ര ജീവിതങ്ങൾ കൗൺസലിങ്ങിലൂടെ ആശ്വാസത്തിന്റെയും വിജയത്തിന്റെ മറുകരയിൽ എത്തിയിട്ടുണ്ട്.

എന്നാൽ ഇതിനൊരു മറുവശമുണ്ട്. ശരിയായ യോഗ്യത ഇല്ലാതെ കൗൺസലർ അല്ലെങ്കിൽ സൈക്കോളജിസ്റ്റ് എന്ന ലേബലിൽ ചികിത്സ നടത്തി വ്യക്തികളെ കൂടുതൽ സങ്കീർണതകളിലേക്കു തള്ളിവിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്താണ് കൗൺസലിങ്. ആരാണ് ഇതു ചെയ്യാൻ യോഗ്യതയുള്ളവർ, ഇവരുടെ അക്കാദമിക് യോഗ്യത എന്താണ്? ഏതെല്ലാം രോഗങ്ങൾക്കാണ് കൗൺസലിങ് ഏറ്റവും ഫലപ്രദം? – ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മനസ്സിലാക്കുന്നതിലൂടെ ഈ രംഗത്തുണ്ടാകുന്ന തട്ടിപ്പുകളെയും കള്ളനാണയങ്ങളെയും ഒരുപരിധി വരെ അകറ്റി നിർത്താം.

എന്താണ് കൗൺസലിങ്?

മനശ്ശാസ്ത്രപരമായ ഒരു ചികിത്സാ പദ്ധതിയാണ് കൗൺസലിങ്. മാനസികമായ അസ്വാസ്ഥ്യങ്ങളെ മാറ്റുവാനോ മാനസികാരോഗ്യം മെച്ചപ്പെടുത്തുവനോ ഉപകരിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന മനശ്ശാസ്ത്രപരമായ ചികിത്സാമാർഗമാണ് കൗൺസലിങ്.

ഒരു വ്യക്തിക്കു മാനസികരോഗത്തിലേക്ക് എത്തും മുമ്പ് തന്നെ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും ഈ ഘട്ടത്തിലാണ് കൗൺസലിങ് ഉപയോഗപ്പെടുത്തുന്നത്. അതിലൂടെ പ്രകടമായ ലക്ഷണങ്ങൾ മാറ്റുവാനോ കുറയ്ക്കുവാനോ സാധിക്കുന്നു. പ്രായഭേദമെന്യേ ഏവർക്കും കൗൺസലിങ് പ്രയോജനപ്പെടും.

കൂടുതൽ ഫലപ്രദം

മിക്കവാറും എല്ലാ മാനസികപ്രശ്നങ്ങള്‍ക്കും കൗൺസലിങ്ങിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താം. എങ്കിലും ഈ ചികിത്സാരീതി ഏറ്റവും ഫലപ്രദമായി കാണുന്ന ചില പ്രശ്നങ്ങളുണ്ട്. അവ ഇതൊക്കെയാണ് :

∙ ഉത്കണ്ഠ (Anxiety): ഉത്കണ്ഠയുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ. ഉദാഹരണത്തിന് പൊതു ഉത്കണ്ഠ (ജനറൽ ആങ്സൈറ്റി). വിവിധ ഫോബിയകൾ, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ, വിഷാദം മുതലായവ

∙ പഠനപ്രശ്നങ്ങൾ/തകരാറുകൾ

∙ പെരുമാറ്റപ്രശ്നങ്ങൾ / വൈകൃതങ്ങൾ – ഉദാഹരണത്തിന് അമിതദേഷ്യം, ലൈംഗികപരമായ വൈകൃതങ്ങൾ, ദുഃശീലങ്ങൾ, പലതരത്തിലുള്ള അഡിക്ഷനുകൾ എന്നിവ.

∙ വ്യക്തിത്വവൈകല്യങ്ങൾ

പുതിയ പഠനങ്ങൾ പറയുന്നത് സമൂഹത്തെ അഭിമുഖീകരിക്കാനുള്ള വിമുഖത അഥവാ സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ എന്ന പ്രശ്നത്തിന് മനശ്ശാസ്ത്ര ചികിത്സയാണ് കൂടുതൽ ഫലപ്രദമെന്നാണ്. നോൺവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെയും യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്ററിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം പുറത്തു കൊണ്ടുവന്നിരിക്കുന്നത്. മരുന്നുകളെ അപേക്ഷിച്ച് കോഗ്നിറ്റീവ് തെറപ്പി (മനശ്ശാസ്ത്ര തത്വങ്ങൾ ഉപയോഗിച്ച് അനാരോഗ്യ ചിന്തകളെ മാറ്റി മാനസികാരോഗ്യം ഉണ്ടാക്കുന്ന ചികിത്സ) കൂടുതൽ ഫലം നൽകുന്നു എന്നാണ് പഠനം.

ആർക്കാണ് യോഗ്യത?

കൗൺസലിങ്ങിന്റെ വ്യത്യസ്തങ്ങളായ സങ്കേതങ്ങളെ കുറിച്ചുള്ള പ്രായോഗിക പരിശീലനം നൽകുന്ന അക്കാദമിക് പ്രോഗ്രാമാണ് ക്ലിനിക്കൽ സൈക്കോളജിയിൽ എം. ഫിൽ. ഇന്ത്യയിൽതന്നെ വളരെ കുറച്ച് കേന്ദ്രങ്ങളില്‍ മാത്രമെ ഇതു നടത്തുന്നുള്ളു. ഈ യോഗ്യതയുള്ള വ്യക്തിയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഹിപ്നോസിസ് പോലുള്ള ചികിത്സാ രീതി പ്രയോഗിക്കാനുള്ള യോഗ്യത ഇക്കൂട്ടർക്കു മാത്രമാണ്. കേരളത്തിൽ 350 ഓളം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുണ്ട്. കേരളത്തിലെ സര്‍ക്കാർ മെഡിക്കൽ കോളജുകളിലെ മനശാസ്ത്രജ്ഞരെല്ലാം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ്. കുറച്ചു കാലം മുമ്പ് വരെ സ്കിസോഫ്രീനിയ എന്ന തീവ്രമനോരോഗത്തിനു മനശ്ശാസ്ത്ര ചികിത്സ ഇല്ല എന്നായിരുന്നു വിശ്വാസം. എന്നാൽ 2000–ൽ ഇറങ്ങിയ പഠനത്തിൽ പറയുന്നത് സ്കിസോഫ്രീനിയയിലെ ഡെല്യൂഷൻ, ഹാലൂസിനേഷൻ എന്നീ പ്രശ്നങ്ങൾക്ക് മരുന്നു ചികിത്സയിൽ ഫലം കാണാത്ത കേസുകളിൽ കോഗ്നിറ്റീവ് തെറപ്പി കൊണ്ട് പൊസിറ്റീവായ പ്രതികരണം ലഭിക്കുന്നു എന്നാണ്. എന്നാൽ ഈ കേസുകള്‍ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം നേടണം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ എണ്ണത്തിൽ കുറവായതിനാൽ എല്ലാ കൗൺസലിങ്ങും ഇവർ ചെയ്യണമെന്നു ശഠിക്കുന്നത് പ്രായോഗികമല്ല. സ്കീസോഫ്രീനിയ പോലുള്ള സങ്കീർണ രോഗങ്ങൾ ഒഴികെ ബാക്കി മാനസികപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സൈക്കോളജിയിൽ എംഎസ്‌സി ബിരുദാനന്തര ബിരുദം മതിയാകും. ഇവരെ സൈക്കോളജിസ്റ്റ് എന്ന് വിളിക്കാം. എന്നാൽ ഇന്ന് സൈക്കോളജിയിൽ മൂന്ന് / ആറ് മാസം, ഒരു വർഷം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്സുകൾ പല സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അതിനുള്ള അടിസ്ഥാന യോഗ്യത പലയിടങ്ങളിലും വ്യത്യസ്തമാണ്. ചിലയിടങ്ങളിൽ ബിരുദവും ചിലയിടങ്ങളിൽ പ്ലസ്ടുവുമാണ്.

നിയമപരമായി കൗൺസലർ എന്ന പദത്തിന് രജിസ്ട്രേഷൻ ഇല്ല. സൈക്കോളജിസ്റ്റ് കൗൺസലിങ് നൽകുകയാണെങ്കിൽ ആ വ്യക്തിയെ കൗൺസലർ എന്നു വിളിക്കാം.

എപ്പോൾ ചികിത്സ തേടണം?

ഒരു വ്യക്തിയെ ഏതു ഘട്ടത്തിലാണ് മനശ്ശാസ്ത്ര ചികിത്സയ്ക്കു വിധേയനാക്കേണ്ടതെന്ന് ഏവരും മനസ്സിലാക്കേണ്ടതുണ്ട്.

∙ വ്യക്തിക്ക് അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുകയും അതേ വ്യക്തി മറ്റുള്ളവർക്കു പ്രശ്നങ്ങൾ ഉണ്ടക്കുകയും ചെയ്യുന്ന ഘട്ടത്തിൽ.

∙ ജീവിതത്തിന്റെ ഭാഗമായ പ്രവർത്തനങ്ങള്‍ക്കു പ്രശ്നം നേരിടുമ്പോൾ – ഉദാഹരണത്തിന് വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ഏകാന്തത, ഓർമപ്പിശക് എന്നിവ അനുഭവിക്കുമ്പോൾ. ചെയ്യുന്ന ജോലിക്കു തടസ്സം നേരിടുമ്പോൾ.

∙ സാമൂഹികമായ ഇടപെടലുകളും കാര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയാതെ വരുക. ഈ ലക്ഷണങ്ങൾ കണ്ടാൽ മനശ്ശാസ്ത്രജ്ഞനെ സമീപിക്കാം.

ഡോ. കെ. ഗിരീഷ്
അസിസ്റ്റന്റ് പ്രഫസർ,
ക്ലിനിക്കൽ സൈക്കോളജി,
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം