Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ വേർപാടിൽ തളരാതെ...

counseling Representative Image

എല്ലാ മനുഷ്യരിലും പലതരത്തിലുള്ള കഴിവുകളുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന രണ്ടു കഴിവുകൾ എല്ലാ മനുഷ്യരിലും ഉണ്ടാകും. ഒന്ന് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ്. രണ്ട് പിടിവള്ളികൾ. എന്നാൽ ഒരു പ്രതിസന്ധി വന്നാൽ കാര്യങ്ങൾ മുന്നോട്ടു നീക്കാനുള്ള കഴിവ് കുറഞ്ഞു പോകും. തകർന്നിരിക്കുന്ന ഈ അവസ്ഥയിൽ ശരിയായ തീരുമാനമെടുക്കാനും സ്വന്തം ചിന്തകളെ സ്വയം മനസ്സിലാക്കാനുള്ള ശേഷിക്കു മങ്ങലേൽക്കും. ഈ സാഹചര്യത്തിൽ ഒരു പിടിവള്ളി ആവശ്യമാണ്. അതാണ് കൗൺസിലിങ്ങിലൂടെ നേടുന്നത്. കൗൺസലർ അനുതാപം എന്ന വികാരത്തിലൂടെ(എംപതി) വ്യക്തിയുമായി ബന്ധം ഉണ്ടാക്കുന്നു. ഈ പിടിവള്ളിയിലൂടെ കാര്യങ്ങൾ നീക്കാനുള്ള വ്യക്തിയുടെ കഴിവു കൂടുന്നു. ഇവിടെ കൗൺസലർ ഒരു ദർപ്പണമായിരുന്നു. ആ ദർപ്പണത്തിലൂടെ വ്യക്തിക്കു സ്വയം നോക്കുവാനും തിരുത്തുവാനും സാധ്യതകളെ മനസ്സിലാക്കാനും അതുവഴി യുക്തമായി തീരുമാനങ്ങളെടുക്കാനും കഴിയുന്നു.

ഇനി മരണമെന്ന പ്രതിസന്ധിയെ തരണം ചെയ്ത ഒരു കുടുംബത്തിന്റെ അനുഭവം വായിക്കാം. ഒരു ഉത്തമ സന്തുഷ്ട കുടുംബമായിരുന്നു സുധാകരന്റെയും ശ്യാമളയുടെയും. രണ്ടു പേർക്കും സർക്കാർ ജോലി. രണ്ട് ആൺമക്കൾ. സൽസ്വഭാവികൾ. മൂത്തമകനായ വിപിൻ സാഹിത്യത്തിൽ പിജി ചെയ്യുന്നു. ഇളയമകനായ വരുൺ ബി.ടെക്കിനും. മൂത്ത മകൻ അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. വീട്ടുകാരോടും അനിയനോടും സ്നേഹമുണ്ടെങ്കിലും അടു പ്രകടിപ്പിക്കാറില്ല. എന്നാൽ വരുൺ ഇതിനു നേരേ വിപരീതവും. എപ്പോഴും അച്ഛനോടും അമ്മയോടും സംസാരിച്ച്, കോളജിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾവരെ പങ്കുവച്ച് ആ വീടിന്റെ യഥാർഥ ജീവനായി മാറി.

അച്ഛൻ സ്ഥലത്തില്ലെങ്കിൽ അമ്മയെ ഓഫിസിൽ കൊണ്ടാക്കുന്നതും അമ്മയോടൊപ്പം കടയിൽ പോകുന്നതുമെല്ലാം വരുണായിരുന്നു. വിപിൻ പുസ്തകങ്ങളുമായി തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടിയപ്പോൾ വരുൺ സ്നേഹം പങ്കുവച്ച് ആ വീടാകെ നിറഞ്ഞുനിന്നു. കോളജിലായാലും വരുണിനെക്കുറിച്ച് കൂട്ടുകാർക്കും അധ്യാപകർക്കും യാതൊരു പരാതിയും ഇല്ലായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവൻ മികച്ചുനിന്നു. ബി.ടെക്ക് നാലാം സെമസ്റ്ററിനു പഠിക്കുമ്പോഴാണ് വരുൺ കോളജിൽ നിന്നു ടൂർ പോകുന്നത്. കൊടൈക്കനാലിലേക്കു പോകുന്ന വഴി ബസ് കൊക്കയിലേക്കു മറിഞ്ഞു. ആ അപകടത്തിൽ 16 കുട്ടികളാണു മരിച്ചത്. അതിലൊന്നു വരുണായിരുന്നു.

ജീവിതം ശൂന്യമായപ്പോൾ
വരുണിന്റെ മരണം സുധാകരന്റെയും ശ്യാമളയുടെയും ജീവിതം നിശ്ചലമാക്കി. പ്രായമാകുമ്പോൾ തങ്ങൾക്കു താങ്ങും തണലുമാകേണ്ട മകന്റെ അകാലവേർപാട് ആ ദമ്പതികളെ മാനസികമായും ശാരീരികമായും ഉലച്ചുകളഞ്ഞു. മകനെ ടൂറിനു പോകാൻ സമ്മതിച്ചതുകൊണ്ടാണ് അവനെ നഷ്ടപ്പെട്ടത് എന്ന ചിന്ത അവരുടെ മനസ്സിൽ കടന്നുകൂടി. അങ്ങനെ മകന്റെ മരണത്തിനു തങ്ങൾക്കും പങ്കുണ്ടെന്ന ചിന്തയും അതിന്റെ പശ്ചാത്താപവും കൂടിച്ചേർന്നപ്പോൾ ജീവിച്ചിരിക്കുന്നതിൽ അർഥമില്ല എന്നായി അവരുടെ ചിന്ത.

ഇരുവരും ജോലിക്കു പോകാതായി. വീട്ടിൽ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും മരിച്ച മകന്റെ ഗുണങ്ങളും കഴിവുകളും പറഞ്ഞ് അവനെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. ഇതെല്ലാം വീട്ടുകാരുടെ മനസ്സിനെ കൂടുതൽ ദുഃഖഭരിതമാക്കുകയാണു ചെയ്തത്. കുറച്ചു മാസങ്ങൾക്കുശേഷം സുധാകരൻ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നു മുക്തനാകാൻ തുടങ്ങി. സുഹൃത്തുക്കളോടൊപ്പം വീടിനു പുറത്തു പോകുകയും സമയം ചെലവഴിക്കുകയും ചെയ്തുതുടങ്ങിയതോടെ അദ്ദേഹം സാധാരണനിലയിലായി. എന്നാൽ ശ്യാമളയുടെ കാര്യം നേരേ മറിച്ചായിരുന്നു. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പോലും അവർക്കു കഴിയാതെയായി. മകൻ മരിച്ചെന്ന സത്യം ബുദ്ധിയിൽ ഉണ്ടെങ്കിലും മനസ്സ് അതു സ്വീകരിക്കാൻ തയാറായില്ല.

കൗൺസലിങ്ങിന്റെ റോൾ
ശ്യാമളയെ സുധാകരനും അദ്ദേഹത്തിന്റെ അനിയനും ചേർന്നാണ് എന്റെ പക്കൽ കൊണ്ടുവരുന്നത്. സംസാരം ഒട്ടുമില്ലാതിരുന്ന അവരെ ഞാൻ സംസാരിപ്പിക്കാൻ ശ്രമിച്ചു. അതായിരുന്നു ചികിത്സയുടെ ആദ്യഘട്ടം. പതിയെ അവർമനസ്സു തുറന്നു. മകന്റെ ഓർമകളാണ് അവർ കൂടുതലും പങ്കുവച്ചത്. സുധാകരന്റെ പിന്തുണയോടെ അവർ ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങി. ജോലിക്കു പോകാനും തുടങ്ങി.

മകൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ, സാമൂഹ്യ സേവനമോ മറ്റ് എന്തുമാകട്ടെ, അതിനു മുൻകൈ എടുക്കാൻ ആവശ്യപ്പെട്ടു. ആ പ്രവൃത്തികളിലൂടെ മകൻ ജീവിക്കുമെന്ന് അവരെ മനസ്സിലാക്കിച്ചു. വരുണിന്റെ കൂടെ ജീവൻ നഷ്ടമായ കുട്ടികളുടെ മാതാപിതാക്കളുമായി ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിക്കാൻ മുൻകൈ എടുക്കാനും പറഞ്ഞു. അങ്ങനെ പരസ്പരമുള്ള താങ്ങ് എല്ലാ കുടുംബാംഗങ്ങൾക്കും സഹായകമായിരുന്നു. വരുണിന്റെ സുഹൃത്തുക്കൾ ഇടയ്ക്ക് വീട്ടിൽ വരാനും തുടങ്ങി. അവരിൽ നിന്നു ലഭിച്ച സ്നേഹവും കരുതലും ശ്യാമളയുടെ മനസ്സിനു കൂടുതൽ കരുത്തു നൽകി.

പങ്കാളിയും ബന്ധുക്കളും ശ്രദ്ധിക്കാൻ
∙ നഷ്ടപ്പെട്ട മകനോ മകൾക്കോ പകരം വയ്ക്കാനാവില്ല. എന്നിരുന്നാലും പങ്കാളിക്കു കഴിയാവുന്ന തരത്തിൽ ആ നഷ്ടം നികത്താൻ ശ്രമിക്കുക. പങ്കാളിയുമായി അധികസമയം ചെലവഴിക്കാത്ത ആളാണെങ്കിൽ ആ രീതി മാറ്റണം.

∙ അവരെക്കൊണ്ട് കൂടുതൽ സംസാരിപ്പിക്കുക. കേൾക്കാൻ തയാറാവുക.
∙ കുട്ടിയുടെ മരണത്തിൽ പരസ്പരം പഴിചാരരുത്. ഉദാഹരണത്തിന് വിനോദയാത്രയ്ക്കിടെയാണ് കുട്ടി മരിച്ചതെങ്കിൽ നീ നിർബന്ധിച്ചതുകൊണ്ടാണ് യാത്രയ്ക്ക് അനുമതി നൽകിയത്, അല്ലായിരുന്നെങ്കിൽ കുട്ടിക്ക് ഒന്നും സംഭവിക്കില്ലായിരുന്നു– ഈ തരത്തിലുള്ള സംഭാഷണങ്ങൾ പരസ്പരം വേണ്ട.
∙ ബന്ധുക്കൾ മനഃപൂർവമല്ലാത്ത കുറ്റബോധം ഉണ്ടാക്കരുത്. ഉദാഹരണത്തിന് മാതാപിതാക്കൾ അരുതാത്തത് എന്തോ ചെയ്തിട്ടാണ് കുട്ടിക്ക് ആപത്ത് സംഭവിച്ചത് എന്ന മട്ടിലുള്ള സംസാരം ഒഴിവാക്കണം.
∙ ബന്ധുക്കളുടെ സന്ദർശനം നല്ലതുതന്നെ. പക്ഷേ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യേണ്ട.
∙ പങ്കാളിയെപ്പോലെതന്നെ ബന്ധുജനങ്ങൾക്കും നല്ല ശ്രോതാക്കളാകാം. അവർ കരയുകയാണെങ്കിൽ തടയാൻ ശ്രമിക്കേണ്ട.

ഡോ. കെ. ഗിരീഷ്
അസിസ്റ്റന്റ് പ്രഫസർ
ഗവ.മെഡിക്കൽകോളജ്, തിരുവനന്തപുരം

Your Rating: