Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഉണ്ടാക്കാം പഴച്ചാറുകൾ

fruit-juice

പ്രായഭേദമെന്യേ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ജ്യൂസുകൾ. കടകളില്‍ വാങ്ങാൻ കിട്ടുമ്പോഴും വീട്ടിൽ തന്നെ തയാറാക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നതിനാൽ ജ്യൂസറുകൾ ഇല്ലാത്ത വീടുകൾ കുറവാണ്. പണ്ട് മിക്സിയുടെ ജാറിൽ പഴങ്ങള്‍ മുറിച്ച്, വെള്ളവും ചേർത്ത് അടിച്ചെടുത്തിരുന്നു. എന്നാൽ ഇന്ന് പ്രത്യേക ജ്യൂസറുകളും മിക്സിയോടൊപ്പം തന്നെ പ്രത്യേകം ജാറുകളും ലഭിക്കും. ഇനി ജ്യൂസറിന്റെ ചില മധുരവിശേഷങ്ങള്‍ അറിയാം.

പണ്ടുകാലം മുതലേ പഴച്ചാറുകൾ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ഉപകരണങ്ങൾ മനുഷ്യർ ഉപയോഗിച്ചിരുന്നു. കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ബാരെല്ലുകൾ പോലിരിക്കുന്ന പ്രസ്സുകൾ, പൊടിക്കുകയും ചതയ്ക്കുകയും ചെയ്യുന്ന അരകല്ലുകൾ എന്നിവ പണ്ട് തന്നെ നിലവിലുണ്ടായിരുന്നു. ഇന്ന് വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ വരെ വന്നു നിൽക്കുന്നു.

ജ്യൂസറും റീമറും

പഴങ്ങൾ മാത്രമല്ല വിവിധതരം ഇലവർഗങ്ങളും മറ്റു പല സസ്യങ്ങളും ചാറു നിർമാണത്തിനായി എടുക്കും. ഇതിൽ നിന്നെല്ലാം ചാറ് ഊറ്റിയെടുത്ത് മട്ട് വേർതിരിക്കുകയാണ് ജ്യൂസര്‍ എന്ന ഉപകരണം കൊണ്ടുദ്ദേശിക്കുന്നത്.

റീമർ (Reamer അഥവാ Lemon Squeezer) എന്ന ഉപകരണം ഓറഞ്ച്, വിവിധതരം നാരങ്ങകൾ എന്നിവയ്ക്കു വേണ്ടിയുള്ള ജ്യൂസർ ആണ്. നാരങ്ങയെ രണ്ടായി മുറിച്ച് ഉപകരണത്തിന്റെ മുകൾഭാഗത്ത് തലതിരിച്ചുവച്ചിരിക്കുന്ന കോണാകൃതിയിൽ വരമ്പുകളോടുകൂടിയ അഗ്രത്തിന്മേൽ വച്ച് അമർത്തി ഇരുവശങ്ങളിലേക്കും ചുറ്റിക്കണം. അപ്പോൾ അതിൽ നിന്ന് ജ്യൂസും കുരുക്കളും താഴെ ഭാഗത്തേക്ക് ഒലിച്ചിറങ്ങും ചലിക്കാത്തവയും വൈദ്യുതിയിൽ താനേ തിരിയുന്നവയും ഉണ്ട്.

റീമർ അഥവാ ലെമൺ സ്ക്വീസർ അമ്ലവുമായി പ്രതിപ്രവർത്തിക്കാത്ത ഏതു വസ്തു കൊണ്ടും ഉണ്ടാക്കാം. പ്ലാസ്റ്റിക് ഗ്ലാസ്, അലുമിനിയം പോലുള്ള ലോഹം. സെറാമിക് എന്നിവയില്‍ ഏതെങ്കിലുമാകാം. മറ്റു ജ്യൂസറുകൾ സ്റ്റെയിൻലെസ്റ്റ് സ്റ്റീല്‍, ഫൈബര്‍ കട്ടിയുള്ള പ്ലാസ്റ്റിക് എന്നീ വസ്തുക്കളാൽ നിര്‍മിതമായ ഭാഗങ്ങളോടു കൂടിയവയാണ്.

വാങ്ങുമ്പോൾ ശ്രദ്ധിക്കാന്‍

കൂടുതൽ സങ്കീർണതകളീല്ലാത്ത എന്നാൽ അധികം വലിപ്പമില്ലാത്തതും ശബ്ദം കൂടുതല്‍ ഉണ്ടാക്കാത്തതുമായ ഉപകരണം തിരഞ്ഞെടുക്കാം. വ്യത്യസ്ത വേഗതയിൽ പ്രവർത്തിപ്പിക്കാൻ കഴിയണം. ജ്യൂസ് നിർമാണത്തിനു ശേഷം കുറഞ്ഞ സമയം കൊണ്ടുതന്നെ ഉപകരണത്തിന്റെ പാത്രങ്ങളും മറ്റു ഭാഗങ്ങളും അഴിച്ചെടുത്ത് വൃത്തിയാക്കാൻ സാധിക്കണം. ജ്യൂസറിലെ സംഭരണികൾ സുതാര്യമായ വസ്തുക്കൾ കൊണ്ടു നിർമ്മിച്ചതാകണം. എന്നാലെ പുറത്തു നിന്നു നോക്കിയാൽ തന്നെ എത്ര അളവ് പഴക്കഷണങ്ങൾ ജ്യൂസാക്കിയെന്നും എത്ര അളവ് പഴച്ചാറ് സംഭരിക്കപ്പെട്ടുവെന്നും അറിയാൻ പറ്റൂ. പഴക്കഷണങ്ങള്‍ ജ്യൂസറിലേക്ക് തള്ളിക്കയറ്റുന്ന ഫീഡിങ് ട്യൂബ് എത്ര വലുതാവുന്നോ അത്രയും വലിയ കഷണങ്ങൾ അതിനുള്ളിൽ കയറ്റാനും കൂടുതൽ എളുപ്പത്തിൽ കൂടുതൽ ജ്യൂസുണ്ടാക്കാനും പറ്റും.

പഴത്തിന്റെ മട്ട് നിറയുന്ന സംഭരണിയും വലുതായിരിക്കണം. ഇടയ്ക്കിടെ അതെടുത്ത് മട്ട് നീക്കം ചെയ്യാനിടവരരുത്. എല്ലാ ജ്യൂസറിനും സേഫ്ടി സ്വിച്ച് സംവിധാനം വേണം. ജ്യൂസറിന്റെ അടപ്പു ലോക്കായാൽ മാത്രമേ ജ്യൂസർ പ്രവർത്തിക്കാവൂ. ജ്യൂസ് വന്നു വീഴുന്ന പാത്രം എടുത്തു മാറ്റിയാലും ജ്യൂസറിൽ ബാക്കിയുള്ളത് താഴെ വീണ് അടുക്കള വൃത്തികേടാവാതിരിക്കാനുള്ള സംവിധാനം വേണം. വാങ്ങിയതിനു ശേഷം ഉപകരണത്തിന്റെ കേടുപാടുകൾ തീർത്തുതരാൻ വാറന്റിയും വേണ്ടി വന്നാൽ ഉപകരണം മാറ്റിത്തരാനുമുള്ള കമ്പനിയുടെ സന്നദ്ധതയും പരിശോധിക്കണം.

കുറച്ചുനേരം പ്രവർത്തിക്കുമ്പോഴേക്ക് ചൂടാവുന്ന മെഷീനാകരുത്. മെഷീൻ ചൂടാകാതെ തന്നെ ഒന്നര ലിറ്റർ ജ്യൂസ് ഒറ്റ പ്രാവശ്യം ഉണ്ടാക്കിയെടുക്കാൻ പറ്റിയാൽ നല്ലത്. വൃത്തിയാക്കാൻ സാധാരണ സ്ക്രബ് അല്ലെങ്കിൽ സ്പോഞ്ച് മതി. ഓരോ ഉപയോഗത്തിനു ശേഷവും നന്നായി വൃത്തിയാക്കണം. വൃത്തിയാക്കാത്ത പക്ഷം ദിവസങ്ങൾ കഴിയുമ്പോൾ പഴങ്ങളുടെ അംശങ്ങളിൽ ബാക്ടീരിയ വളരാനിടയുണ്ട്.

ജ്യൂസോ പഴമോ നല്ലത്?

ജ്യൂസറിനെ കുറിച്ച് പറയുമ്പോള്‍ ഓർമിക്കേണ്ട മറ്റൊരു വിഷയമുണ്ട്. പഴങ്ങളായി തന്ന കഴിക്കുന്നതാണോ ജ്യൂസാക്കുന്നതണോ നല്ലതെന്ന്. ജ്യൂസുണ്ടാക്കുമ്പോള്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും നാരുകൾ നീക്കം ചെയ്യപ്പെടുന്നു. അതുപോലെ ചില പോളിഫിനോളുകളും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെ ജ്യൂസാക്കി കുടിക്കുന്നതിലൂടെ പഴങ്ങളുടെയും പച്ചക്കറികളുടെയും പൂർണമായ ഗുണങ്ങൾ കിട്ടാതെ വരുന്നു. ജ്യൂസ് നിർമാണത്തിലെ സ്മൂത്തി നിർമാണമാണ് തമ്മിൽ ഭേദം. പഴങ്ങളിലെ പോഷകങ്ങൾ (കുരുവും മട്ടും) പഴച്ചാറിൽ തന്നെ അടങ്ങുന്ന രീതിയിൽ ബ്ലെൻഡിങ് (കുത്തികലർത്തി) പ്രക്രിയയിലൂടെയാണ് സ്മൂത്തി ഉണ്ടാക്കുന്നത്. ഏറെ പോഷകദായകമാണത്.‌

മിക്സിയിലെ ജ്യൂസർ പ്രവർത്തിക്കുമ്പോൾ

വീടുകളിൽ ഉപയോഗിക്കുന്ന മിക്സിയിൽ സെൻട്രിഫ്യൂഗൽ (Centrifuigal) അഥവാ അപകേന്ദ്രബലത്തിൽ ജ്യൂസുണ്ടാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. പഴവും പച്ചക്കറികളും പരന്ന കട്ടിങ് ബ്ലേഡുകൊണ്ടു മുറിച്ചെടുക്കുകയും വലിയ വേഗതയിൽ ബ്ലേഡ് ഭ്രമണം ചെയ്യുമ്പോൾ ഈ കഷണങ്ങളിൽ നിന്ന് ജ്യൂസും മട്ടും വേർതിരിച്ചെടുക്കുകയും ചെയ്യുന്നു. വേണ്ടിവന്നാൽ ഒരു അരിപ്പയിലൂടെ വേർതിരിച്ചെടുക്കുകയുമാവാം. വ്യത്യസ്ത വേഗതയിൽ ബ്ലേഡിനെ ഭ്രമണം ചെയ്യിപ്പിക്കാം. കുരു അരഞ്ഞ് ചേരാതിരിക്കാൻ വേഗത കുറയ്ക്കണം. വലിയ മോഡൽ മിക്സറിനോടൊപ്പം മാസ്റ്റികേറ്റിങ് (Masticating – ചവച്ചരയ്ക്കുന്ന പ്രക്രിയ) മോഡലിലുള്ള ജ്യൂസറും ലഭിക്കാറുണ്ട്. ഇതില്‍ ഒരു പിസ്റ്റൺ പോലുള്ള ഭാഗം പഴങ്ങള്‍ കഷണങ്ങളാക്കി ഉള്ളിലേക്ക് കടത്തുന്നതിനു മുകളിൽ അമർന്ന് അതിൽ നിന്നു ജ്യൂസ് ഞെക്കിപ്പിഴിഞ്ഞെടുക്കുന്നു. പഴങ്ങളുടെ മട്ട് മറ്റൊരു ദ്വാരം വഴി പുറന്തള്ളുകയും ചെയ്യുന്നു. ചില മോഡലുകളിൽ അരിപ്പ പോലുള്ള കുഴൽ ജാറിനുള്ളിൽ മദ്ധ്യത്തിൽ വയ്ക്കണം ഇതിനുള്ളിലേക്ക് പഴക്കഷണങ്ങൾ ഇടാം. കഷണങ്ങൾക്കു മുകളിൽ പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ അടപ്പ് അമർത്തി വയ്ക്കണം. മിക്സി പ്രവർത്തിക്കുമ്പോൾ പഴച്ചാർ കുഴൽ അരിപ്പയ്ക്കും ജാറിനും ഇടയിൽ വരും. മട്ട് അരിപ്പയ്ക്കുള്ളിൽ കിടക്കും.

ഡോ. ബി. സുമാദേവി
ഇ. എൻ. ടി. സർജൻ
ഇഎസ്ഐ ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം

Your Rating: