Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തനിമയുടെ മനോഹാരിത

traditional-house-kanjirappally-exterior പുറമെ നോക്കുമ്പോൾ ഒരുനില, അകമേ ഇരുനില..അതാണ് ഈ വീടിന്റെ രഹസ്യം

കാഞ്ഞിരപ്പള്ളിയിൽ തറവാട് വീടിനോട് ചേർന്നുതന്നെ തന്റെ വീട് പണിയണം എന്നത് ഷിനോ ഫിലിപ്പിന്റെ ആഗ്രഹമായിരുന്നു. കുവൈറ്റിൽ ഉദ്യോഗസ്ഥനായ ഷിനോ ഭാവി മുൻകൂട്ടി കണ്ടുതന്നെയാണ് ഈ വീട് നിർമിച്ചത്. പരമ്പരാഗത ശൈലിയുടെ മനോഹാരിതയ്‌ക്കൊപ്പം മോഡേൺ സൗകര്യങ്ങളും ഈ വീട്ടിൽ സമ്മേളിക്കുന്നു.

ഒറ്റനിലയുടെ സൗകര്യവും സ്വച്ഛതയും. അതോടൊപ്പം രണ്ടുനില വീടിന്റെ സൗകര്യവും. ഇതാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് റൂഫ് നൽകി ഓടിട്ടതോടെ രണ്ടുനില വീടിന്റെ സൗകര്യങ്ങൾ വീട്ടിൽ ലഭിക്കുന്നു. പടിഞ്ഞാറൻ ദിശയിലെ ചൂട് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാതെ തടയാനും ട്രസ് റൂഫിംഗും നീളൻ വരാന്തയും സഹായകരമാകുന്നു. അകത്തളങ്ങളിൽ സുഖകരമായ താപനില നിലനിൽക്കുന്നു. 

traditional-house-kanjirappally-exterior

2600 ചതുരശ്രയടിയാണ് വിസ്തീർണം. വിശാലമായ ട്രസ് റൂഫിനകത്തെ സ്ഥലം മുഴുവൻ ആവശ്യാനുസരണം യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റുകയും ചെയ്യാം. ട്രസ് റൂഫിനുള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കാനായി ബേ ജനാലകൾ നൽകിയത് ശ്രദ്ധേയമാണ്. ഇത് വീടിന്റെ പുറംകാഴ്ചയ്ക്കും ഭംഗി കൂട്ടുന്നു.

traditional-house-kanjirappally-utility

മുൻവശത്തെ പില്ലറുകളിൽ ക്ലാഡിങ് ടൈലുകൾ പാകിയത് ഭംഗി വർധിപ്പിക്കുന്നു. ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയതിലൂടെ വിശാലത കൈവന്നു. പ്രാർഥനകൾക്കും കൂട്ടായ്മകൾക്കും ഉതകുന്ന രീതിയിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ക്രമീകരിച്ചു. ഇവ മൂന്നും ചേരുന്നയിടത്ത് കോർട്യാർഡ് നൽകി. ഇതിലൂടെ പ്രകാശവും ശുദ്ധവായുവും സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. ഒപ്പം ഓരോയിടങ്ങൾക്കും അവശ്യമായ സ്വകാര്യതയും കോർട്യാർഡ് നൽകുന്നു.

traditional-house-kanjirappally-courtyard

ലിവിങ്ങിലെ ഭിത്തിയിൽ നീഷുകൾ നൽകി ക്യൂരിയോസ് വച്ചത് ഭംഗി നൽകുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്.

traditional-house-kanjirappally-living

ഫാമിലി ലിവിങ് സ്‌പേസിൽ പ്ലൈവുഡ് പാനലിങ് നൽകി ടിവി യൂണിറ്റ് ക്രമീകരിച്ചു. ഇവിടെ ഇരിപ്പിടങ്ങളും നൽകി.

traditional-house-kanjirappally-family

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇതിനു മുകളിലെ മേൽക്കൂരയിൽ നൽകിയ ഫോൾസ് സീലിങ് ഡിസൈൻ ശ്രദ്ധേയമാണ്.

traditional-house-kanjirappally-dining

വീട്ടിലെ ശ്രദ്ധേയമായ മറ്റൊരിടം പ്രെയർ സ്‌പേസാണ്. മറൈൻ പ്ലൈ കൊണ്ട് പാനലിങ് നൽകി ചിത്രങ്ങളും പുസ്തകങ്ങളും മറ്റും ക്രമീകരിച്ചു. ഇവിടെ ഭിത്തിയിൽ നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് നൽകി. താഴെ നൽകിയ കോവ് ലൈറ്റിന്റെ അകമ്പടി കൂടിയാകുമ്പോൾ മായികമായ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടുന്നു.

traditional-house-kanjirappally-prayer

മിനിമൽ ശൈലിയിലുള്ള  നാലു കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. കർട്ടനുകൾ മുറികളെ അലങ്കരിക്കുന്നു.

traditional-house-kanjirappally-bed

ലളിതമായ അടുക്കള. മൾട്ടിവുഡ് കൊണ്ട് കബോർഡുകൾ നൽകി. ഗ്രാനൈറ്റാണ് പാകത്തിന് നൽകിയത്.

traditional-house-kanjirappally-kitchen

വർക് ഏരിയയിൽനിന്നു പിന്നിലെ ടെറസ് റൂഫിലേക്ക് പ്രവേശിക്കാം. ഇവിടെ ലൈബ്രറി, ടെറസ് ഗാർഡൻ, മറ്റ് യൂട്ടിലിറ്റി ഇടങ്ങൾ എന്നിവയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ചുരുക്കത്തിൽ പുറമെ നോക്കുമ്പോൾ ഒരുനില, അകമേ ഇരുനില..അതാണ് ഈ വീടിന്റെ രഹസ്യം...

Project Facts

Location- Kanjirappally

Area- 2600 SFT

Owner- Shino Philippose

Designer- Sreekanth Pangappatu

PG Group Designs, Kanjirappally

Mob- 9447114080

email- pggroupdesigns@gmail.com

Read more on House Design Kerala Home Plan Guide Malayalam