Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ടോയ്‌ലറ്റുകൾ കണ്ടാൽ ആർക്കും ഒന്നുപോകാൻ തോന്നും!

japan-toliets നഗരാസൂത്രണത്തിന്റെ കാര്യത്തിൽ നമ്മൾ ജപ്പാനെ കണ്ടു പഠിക്കുക തന്നെ വേണം എന്ന് ഈ ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നു. ചിത്രങ്ങൾക്ക് കടപ്പാട് - ഫെയ്സ്ബുക്

ഇന്ത്യയിൽ യാത്ര ചെയ്യുമ്പോഴുള്ള വലിയ പ്രശ്നമാണ് വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവം. ഈ കാര്യത്തിൽ നമ്മൾ ജപ്പാനെ കണ്ടുപഠിക്കണം. സാങ്കേതികവിദ്യയുടെ തലതൊട്ടപ്പന്മാരാണ് ജപ്പാൻകാർ. ലോകത്തിലെ ഏറ്റവും ഹൈടെക് ടോയ്‌ലറ്റുകൾ നിർമിക്കുന്നത് ജപ്പാനിലാണത്രെ. ഇതൊന്നു ലോകത്തെ അറിയിക്കണമല്ലോ എന്ന് ജപ്പാൻകാരനായ ഹിഡിഫ്യൂമി നകാമുറയ്ക്ക് തോന്നി. പുള്ളി ഒരുവർഷത്തെ അലച്ചിലിലൂടെ ജപ്പാനിലെ വേറിട്ട ടോയ്‌ലറ്റുകൾ ക്യാമറയിൽ പകർത്തി. പിന്നെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. അതിൽ പടങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ നിരവധി സന്ദർശകർ നകാമുറയുടെ toilets_a_go_go എന്ന പേജിനെ പിന്തുടരുന്നു.

tree-toilet

ജപ്പാന്റെ പൊതുവിടങ്ങളിലുള്ള ടോയ്‌ലറ്റ് നിർമിതികളുടെ വൈവിധ്യം അതിശയപ്പെടുത്തുന്നതാണ്. ഓരോ ഇടങ്ങളുടെയും ആംബിയൻസിനോട് യോജിക്കുന്ന ഡിസൈൻ ശൈലി അവർ പിന്തുടരുന്നു. പാർക്കിൽ നിർമിച്ച ടോയ്‌ലറ്റുകൾ പൂക്കളുടെ ആകൃതിയിലാണ്. ബസ്‌സ്റ്റോപ്പിലും മെട്രോ സ്റ്റേഷനിലും ക്ളോക് ടവറിന്റെ ആകൃതി കടംകൊണ്ടിരിക്കുന്നു.

bus-top-toilets

ചില നിർമിതികൾ ശുചിമുറികളാണെന്നു അടുത്തുചെന്നാലേ മനസിലാകൂ. പൂന്തോട്ടവും സിറ്റിംഗ് സ്‌പേസുകളുമെല്ലാം പുറത്ത് കാണാം. സ്ഥലപരിമിതിയുള്ള നഗരങ്ങളിൽ പോലും ബുദ്ധിപൂർവമായ ഡിസൈനിലൂടെ ടോയ്‌ലറ്റുകൾ ഒരുക്കിയിരിക്കുന്നു. ഒരു മെട്രോ ഓവർബ്രിഡ്ജിന്റെ ഇടയിലുള്ള രണ്ടു തൂണുകൾക്കിടയിൽ പോലും ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നു.

creative-toilets

മരത്തിൽ കൊത്തിയെടുത്ത ടോയ്‌ലറ്റ്, ഒരു കോട്ട പോലെ പണിത ടോയ്‌ലറ്റുകൾ, പറക്കുംതളിക ടോയ്‌ലറ്റുകൾ, സെമിത്തേരി ടോയ്‌ലറ്റുകൾ തുടങ്ങി വേറിട്ട നിർമിതികളുടെ കൂട്ടംതന്നെ ജപ്പാനിലെ വഴിയോരങ്ങളിൽ കാണാം. നമ്മുടെ നാട്ടിലെ പോലെ കണ്ടാലറയ്ക്കുന്ന അകത്തളങ്ങളൊന്നുമല്ല അകത്ത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ സെൽഫ് ക്ളീനിങ് സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

clock-tower-toilet

ചുരുക്കത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെയും നഗരാസൂത്രണത്തിന്റെയും കാര്യത്തിൽ നമ്മൾ ജപ്പാനെ കണ്ടു പഠിക്കുക തന്നെ വേണം എന്ന് ഈ ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നു.