Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനാലെയിൽ ശ്രദ്ധ കവർന്ന ആ കെട്ടിടത്തിന്റെ രഹസ്യം!

kochi muziris biennale pavilion രാജ്യാന്തര ശ്രദ്ധ നേടിയ ബിനാലെ പവലിയൻ ഒരുക്കിയ ആർക്കിടെക്ട് ടോണി ജോസഫ് സംസാരിക്കുന്നു

ഉൽസവപ്പറമ്പുകളിലും നാട്ടിൻപുറങ്ങളിലെ ഫുട്ബോൾ മൈതാനങ്ങളിലും കണ്ടിട്ടുള്ളതുപോലെ കവുങ്ങിൻ തടികൊണ്ടുള്ള വേദി. ഒരു കാലത്ത് ഓലമേഞ്ഞ വീടുകളുടെ മറയായിരുന്ന ടാർ ഷീറ്റു കൊണ്ടുള്ള ചുവര്. വെളിച്ചം അരിച്ചിറങ്ങുമ്പോൾ ജീവൻ വയ്ക്കുന്ന പല നിറത്തിലെ സാരികൾ വലിച്ചു കെട്ടിയ മേൽക്കൂര.

ഉള്ളിലോ... ? ആംഫി തിയറ്ററിന്റെ മാതൃകയിലുള്ള വിശാലമായ എസി ഹാൾ. മുന്നൂറ് പേർക്ക് സുഖമായിരിക്കാനുള്ള സൗകര്യങ്ങൾ.

അടുത്തിടെ സമാപിച്ച കൊച്ചി മുസിരീസ് ബിനാലെയുടെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട സംവാദങ്ങൾ, സിനിമ പ്രദർശനം, കലാപരിപാടികളുടെ അവതരണം എന്നിവയ്ക്കായുള്ള ഈ ‘മൾട്ടി പർപ്പസ് പവലിയൻ’  രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

ഇത്തവണത്തെ ബിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആർട്ടിസ്റ്റ് കൂടിയായ പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫിന് ബിനാലെ പവലിയൻ പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ട് മാസം. ഒരു കല്ലുപോലും അവശേഷിപ്പിക്കാതെ പവലിയൻ പൂർണമായി പൊളിച്ചുമാറ്റാൻ വേണ്ടി വരുന്നത് വെറും രണ്ട് ദിവസം മാത്രം. നിർമാണ വസ്തുക്കളിൽ തൊണ്ണൂറ് ശതമാനവും അതേപോലെ തന്നെ പുനരുപയോഗിക്കാനുമാകും.

kochi-muziris-biennale-pavilion-inside

ടോണി ജോസഫ് സംസാരിക്കുന്നു.

ബിനാലെ പവലിയൻ എന്നു കേൾക്കുമ്പോൾ അത്യാധുനിക ശൈലിയിലുള്ള ഒരു കെട്ടിടമാണ് പ്രതീക്ഷിക്കുക. മാഞ്ഞുപോയ കാഴ്ചകൾ ചേർത്തുവച്ചാണ് ഈ കെട്ടിടം രൂപപ്പെടുത്തിയിരിക്കുന്നത് ?

ശരിയാണ്. എപ്പോഴോ നഷ്ടപ്പെട്ട കാഴ്ചകളും നിറങ്ങളും അനുഭവങ്ങളുമെല്ലാമാണ് ഇവിടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ‘ഓർമകൾക്ക് ഒരു സങ്കീർത്തനം’ എന്ന വിശേഷണമാണ് ഈ കെട്ടിടത്തിന് ഏറ്റവും ചേരുക. കുട്ടനാട്ടുകാരനാണ് ഞാൻ. പക്ഷേ, വളർന്നതും ജീവിച്ചതുമൊക്കെ കോഴിക്കോടാണ്. ഇതിനിടയിൽ കണ്ട കാഴ്ചകൾ... പാടത്തെ ചേറുകൊണ്ട് ഭിത്തിയുണ്ടാക്കിയ കുട്ടനാടൻ വീടുകൾ, കട്ടിലിനു മുകളിൽ സാരി വലിച്ചു കെട്ടിയ മുറികൾ, കവുങ്ങിൻ തടി കൊണ്ട് തട്ടടിച്ചു നിർമിച്ച ഗാലറികളോടു കൂടിയ മലബാറിലെ സെവൻസ് മൈതാനങ്ങൾ....ഓർമയുടെ ഭണ്ഡാരത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ട കാഴ്ചകളിലൂടെയാണ് ഈ കെട്ടിടം രൂപപ്പെട്ടത്.

കെട്ടിടത്തിന്റെ ആകൃതിയിലുമുണ്ടല്ലോ കൗതുകം?

kochi-muziris-biennale-pavilion ഉള്ളിലൂടെ മരച്ചില്ലകൾ കടന്നു പോകും വിധമാണ് മേൽക്കൂര നിർമിച്ചത്.

അതൊരിക്കലും നേരത്തേ നിശ്ചയിച്ചുറപ്പിച്ചതല്ല. ഭൂമിയാണ് പറഞ്ഞത് എവിടെ നിർമിക്കണം, എങ്ങനെ നിർമിക്കണമെന്ന്. കാടുപിടിച്ചു കിടക്കുകയായിരുന്നു ഇവിടെ. അത് വൃത്തിയാക്കുക മാത്രമേ ചെയ്തുള്ളൂ. ഒരു മരം പോലും മുറിച്ചില്ല. ഉള്ളിലൂടെ മരച്ചില്ലകൾ കടന്നു പോകും വിധമാണ് പല കോണിലും മേൽക്കൂര നിർമിച്ചത്. അന്ന് മരച്ചില്ലകളിലുണ്ടായിരുന്ന കൂടുകളൊക്കെ വിരിഞ്ഞു. പുതിയ കൂട് കൂട്ടുന്ന തിരക്കിലാണ് കിളികൾ.

വീടുകൾ നിർമിക്കുന്ന കാര്യത്തിലും ഈ നയം തന്നെയാണോ പിന്തുടരുക ?

തീർച്ചയായും. സ്ഥലത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് സ്വാഭാവികമായി രൂപപ്പെടുന്നതാകണം ഡിസൈൻ. അതല്ലാതെ നേരത്തേ തന്നെ രൂപം നിശ്ചയിച്ചശേഷം പ്ലോട്ടിലേക്ക് അത് തിരുകിക്കയറ്റരുത്. അവിടെയുള്ള മരങ്ങളെ കേന്ദ്രമാക്കിയോ അവയെ വീടിന്റെ ഭാഗമാക്കിയോ ആണ് ഡിസൈൻ രൂപപ്പെടുന്നത് എങ്കിൽ എത്ര മനോഹരമായിരിക്കും. വേറൊരു തലത്തിലേക്കുള്ള ഉയർച്ചയായിരിക്കും അത്. ഇത് ഉൾക്കൊള്ളാ‌നുള്ള ബൗദ്ധിക വികാസം പലർക്കുമില്ല എന്നതിലാണ് വിഷമം.

പുതിയ കാഴ്ചകളിലേക്കും ആശയങ്ങളിലേക്കും വഴി തുറക്കുന്നവയാണ് ബിനാലെ പോലെയുള്ള സംരംഭങ്ങൾ. വാസ്തുകലയെ ഇത് എങ്ങനെയാണ് സ്വാധീനിക്കുക ?

നമ്മളെ സംബന്ധിച്ച് ദ്വിമാന പ്രതലത്തിലുള്ളതു മാത്രമാണ് കല. ഒരു കടലാസിൽ വരയ്ക്കുന്ന ചിത്രം പോലെ. എന്നാൽ കലയ്ക്ക് അതിനപ്പുറത്തെ മാനങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താൻ ബിനാലെയ്ക്കായിട്ടുണ്ട്. സൗന്ദര്യം അല്ലെങ്കിൽ കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല പ്രധാനം. കവിത ആസ്വദിക്കുന്നത് അത് കാണാൻ നല്ലതായതു കൊണ്ടല്ലല്ലോ. സൗന്ദര്യം ഒരു പാളി മാത്രമാണ്. ആശയം, സന്ദേശം എന്നിവയൊക്കെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. ഉടനെയല്ലെങ്കിലും ഇതിന്റെ പ്രതിഫലനം വാസ്തുകലയിലും ഉണ്ടാകും. പുതിയതൊന്ന് കാണുക. അതേപ്പറ്റി ചിന്തിക്കുക, അത്തരത്തിലുള്ള സൃഷ്ടികൾക്ക് തുനിയുക....അതാണ് അതിന്റെയൊരു നടപ്പുരീതി.

ബിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാകാരനാണ് താങ്കൾ. കെട്ടിടം എന്നതിനൊപ്പം ഒരു ‘ആർട് വർക്’ കൂടിയാണ് താങ്കളുടെ സൃഷ്ടി. എങ്ങനെയായിരുന്നു ആ അനുഭവം ?

ഒരു കെട്ടിടം രൂപകൽപന ചെയ്യുകയെന്നത് കലാസൃഷ്ടി തന്നെയാണെന്നാണ് എന്റെ വിശ്വാസം. മറ്റേതൊരു കലാസൃഷ്ടിയെപ്പോലെ കെട്ടിടവും നമ്മോടു സംവദിക്കുന്നുണ്ട്. ‘ഫങ്ഷനൽ ആർട്പീസ്’ അല്ലെങ്കിൽ ‘ഉപയോഗമുള്ള കലാസൃഷ്ടി’ എന്ന വിശേഷണമായിരിക്കും കെട്ടിടങ്ങൾക്ക് േചരുക. സൗന്ദര്യം, സന്ദേശം തുടങ്ങിയവയ്ക്കൊപ്പം ‘ഉപയോഗം’ എന്നൊരു അധികതലം കൂടി കെട്ടിടങ്ങൾക്കുണ്ടെന്നുമാത്രം.

എന്താണ് ബിനാലെ പവലിയൻ എന്ന കെട്ടിടം നൽകുന്ന സന്ദേശം?

kochi-muziris-biennale-pavilion-interior നാടകവേദിയിലെയും സെവൻസ് മത്സര ഗാലറിയിലെയും പോലെ കവുങ്ങിൻ തടി ഇവിടെയും ഉപയോഗിച്ചിരിക്കുന്നു.

മുമ്പ് പറഞ്ഞതുപോലെ കലാകാരൻ എന്ന നിലയിൽ എന്റെ ഓർമകളുടെ അടയാളപ്പെടുത്തലാണ് ഈ കെട്ടിടം. അതേസമയം ‘സസ്റ്റൈനബിൾ ആർക്കിടെക്ചർ’ അഥവാ സുസ്ഥിരമായ നിർമാണശൈലി പിന്തുടരുക എന്നതാണ് ഇതു നൽകുന്ന സന്ദേശം. സ്റ്റീൽ തൂണുകൾക്കൊപ്പം കവുങ്ങും പഴയ ടാർ ഷീറ്റും കൊണ്ടാണ് ചുവരുകൾ. ഇവിടെയുണ്ടായിരുന്ന പഴയ കട്ടകളും മറ്റ് അവശിഷ്ടങ്ങളും ഇടിച്ചുറപ്പിച്ച ‘ഡെബ്രിവോൾ’ രീതിയിൽ നിർമിച്ച റാംഡ് എർത് ഭിത്തികളും കുറച്ചിടത്തുണ്ട്. മണ്ണുകൊണ്ടാണ് തറയും നിർമിച്ചിരിക്കുന്നത്. ഉറപ്പിനായി മുകളിൽ മാത്രമേ അൽപം സിമന്റ് ചേർത്തിട്ടുള്ളൂ. ചതുരശ്രയടിക്ക് മൂന്ന് രൂപ നിരക്കിൽ വാങ്ങിയ പഴയ ഫ്ലക്സ് ഷീറ്റ് മേഞ്ഞതാണ് മേൽക്കൂര. അതിനു താഴെ പഴയ സാരികൾ വിരിച്ച് ഉള്ളിൽ ലൈറ്റുകളും നൽകി. നവമാധ്യമങ്ങളിൽ അറിയിപ്പ് നൽകി ഇരുന്നൂറോളം സാരികളാണ് ശേഖരിച്ചത്.

ബിനാലെ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ സാധനങ്ങളെല്ലാം അഴിച്ചെടുക്കാം. ബഹുഭൂരിപക്ഷവും പുനരുപയോഗിക്കാം. അതോടെ ഇവിടം പഴയതുപോലെയാകും. ചില ഓർമകൾ മാത്രം അവശേഷിക്കും. 

ചിത്രങ്ങൾ : ഹരികൃഷ്ണൻ

ടോണി ജോസഫ്

പ്രതിഭയുടെ നൈസർഗികത കൊണ്ട് വിസ്മയിപ്പിക്കുന്ന ആർക്കിടെക്ട്. മണിപ്പാൽ എംഐടിയിൽ നിന്ന് ആർക്കിടെക്ചർ ബിരുദവും ടെക്സാസ് സർവകലാശാലയിൽ നിന്ന് ഡിസൈൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടി. സ്ഥപതി ആർക്കിടെക്ചർ പ്ലാനിങ് ഇന്റീരിയേഴ്സ് കമ്പനിയുടെ സ്ഥാപകനും പ്രിൻസിപ്പൽ ആർക്കിടെക്ടും. കുമരകം ലേക്ക് റിസോർട്ട്, വയനാട് വൈത്തിരി റിസോർട്ട്, ഗോവ അലില ദിവ റിസോർട്ട്, സീഷെൽസ് ഐലൻഡ് തുടങ്ങിയ ശ്രദ്ധേയമായ നിരവധി പ്രോജക്ടുകൾ. രൂപകൽപനാ മികവിന് ഒട്ടനവധി പുരസ്കാരങ്ങൾ നേടി. കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ കോളജിന്റെ സ്ഥാപക ചെയർമാൻ.