Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടിയും പറയും പുതുക്കാം; കൃഷിച്ചെലവു കുറയ്ക്കാം

pettiyum-parayum പാടശേഖരങ്ങളിൽ വെള്ളം കയറ്റുന്നതിനും വറ്റിക്കുന്നതിനും ഉപയോഗിക്കുന്ന പെട്ടി അറ്റകുറ്റപ്പണിക്കു ശേഷം വള്ളത്തിൽ കയറ്റുന്നു. മോട്ടോറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പെട്ടിയും പറയും കുട്ടനാടൻ പാടശേഖരങ്ങളിലെ പതിവു കാഴ്ചയാണ്. കൈപ്പുഴ ശാസ്താങ്കൽ മാക്കോത്തറ പാടത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: റിജോ ജോസഫ്

നിലവിലെ പെട്ടിയും പറയും പരിഷ്കരിച്ചാൽ വൈദ്യുതിച്ചെലവു കുറയ്ക്കാം, അറ്റകുറ്റപ്പണിയുടെ ചെലവ് ഒഴിവാക്കാം.

നിലവിലെ പെട്ടിയും പറയും സംവിധാനത്തിൽ 40 സെന്റിമീറ്റർ വ്യാസമുള്ള പറയിൽനിന്നു ജല ബഹിർഗമന പെട്ടിയുടെ ഭാഗവുമായി 90 ഡിഗ്രി എൽബോ ആകൃതിയിലാണു ബന്ധിപ്പിച്ചിരിക്കുന്നത്. വെള്ളം പുറംതള്ളുന്ന പെട്ടിക്ക് 20 സെന്റിമീറ്റർ ഉയരവും 80 സെന്റിമീറ്റർ വീതിയും നാലു മീറ്റർ നീളവുമാണുള്ളത്. ജല ബഹിർഗമന പറയുടെ വ്യാസം 40 സെന്റിമീറ്റർ വേണ്ടിടത്ത് ഉയരം 20 സെന്റിമീറ്റർ മാത്രമാണ്. അക്കാരണത്താൽ 300 ലീറ്റർ വെള്ളമാണ് ഒരു സെക്കൻഡിൽ പുറന്തള്ളാനാവുന്നത്.

ബഹിർഗമനഭാഗമായ പെട്ടിയിൽ നേരിയ മാറ്റം വരുത്തിയാൽ 600 ലീറ്റർ വെള്ളം ഒരു സെക്കൻഡിൽ പുറന്തള്ളാന്‍ കഴിയും. അതിനായി മേൽപറയ്ക്കുശേഷമുള്ള 80 സെന്റിമീറ്റർ വീതിയും 20 സെന്റിമീറ്റർ ഉയരവും നാലു മീറ്റർ നീളവുമുള്ള പെട്ടി മാറ്റി പകരം 40 സെന്റിമീറ്റർ വ്യാസമുള്ള ബെൻഡ് ഉപയോഗിച്ചു നവീനമാക്കിയാൽ വൈദ്യുതിച്ചെലവു പകുതിയായി കുറയ്ക്കാം. ഇത്തരം സംവിധാനത്തിൽ വരമ്പിന്റെ മുകളിലൂടെ 40 സെന്റിമീറ്റർ വ്യാസമുള്ള പൈപ്പിൽക്കൂടി പമ്പു ചെയ്യുന്നതിനാൽ പെട്ടി ഉപയോഗിക്കുമ്പോൾ ഉണ്ടായിക്കൊണ്ടിരുന്ന മടവീഴ്ചയും കൃഷിനാശവും ഒഴിവാക്കാം.

വായിക്കാം ഇ - കർഷകശ്രീ 

കാര്യക്ഷമത കൂടിയ സബ്മേഴ്‌സിബിള്‍ പമ്പുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും വൈദ്യുതി ബോർഡ് പഠനം നടത്തിയിട്ടുണ്ട്. പെട്ടിയും പറയും സമ്പ്രദായത്തിൽ 15 കുതിരശക്തി മോട്ടോർ ഉപയോഗിക്കുമ്പോൾ ഒരു സെക്കൻഡിൽ 26 ലീറ്റർ വെള്ളം പമ്പു ചെയ്യുന്നതായാണു കണ്ടത്. അതായത്, പമ്പിന്റെ ക്ഷമത വെറും പത്തു ശതമാനത്തിൽ താഴെ. 7.5 കുതിരശക്തിയുള്ള രണ്ടു സബ്മേഴ്‌സിബിള്‍ പമ്പുകൾ ഉപയോഗിച്ചു മേൽ സൂചിപ്പിച്ച പെട്ടിയും പറയും മാറ്റിയപ്പോൾ ആറിരട്ടി വെള്ളം പമ്പു ചെയ്യുന്നതായി കണ്ടെത്തി. കാര്യക്ഷമത ഏകദേശം 50 ശതമാനമായി വർധിച്ചുവെന്നു സാരം. തൃശൂർ കോൾനിലത്തിൽ 50 കുതിരശക്തിയുള്ള പെട്ടിയും പറയും മാറ്റി വെർട്ടിക്കൽ ടർബൈൻ പമ്പുകൾ സ്ഥാപിച്ചപ്പോൾ ഏതാണ്ട് ആറിരട്ടി ജലം പമ്പു ചെയ്യുന്നതായി കണ്ടു. 2014–15ൽ ചങ്ങനാശേരി, ആലപ്പുഴ, തൃശൂർ, മലപ്പുറം എന്നീ സ്ഥലങ്ങളിലായി 10 പാടശേഖരങ്ങളിൽ പെട്ടി–പറ മാറ്റി ഇത്തരത്തിൽ ഊർജക്ഷമതയുള്ള പമ്പിങ് രീതി നടപ്പാക്കി. അവ വിജയകരമായി പ്രവർത്തിക്കുന്നു.

ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ രണ്ടായിരത്തോളം പെട്ടി–പറ പമ്പുകൾ ഉണ്ട്. ഓരോ കൃഷിസമയത്തും അറ്റകുറ്റപ്പണിക്കും മറ്റുമായി ഭീമമായ തുകയാണ് ചെലവാകുന്നത്. പുതിയ സംവിധാനമൊരുക്കിയാൽ ഇതും അമിത വൈദ്യുതി ഉപഭോഗവും ഒഴിവാക്കാം.

സർക്കാർ ഉടമസ്ഥതയിലുള്ളതും ലിഫ്റ്റ് ഇറിഗേഷന് ഉപയോഗിക്കുന്നതുമായ നൂറുകണക്കിനു വൻകിട പമ്പുകൾ കുറഞ്ഞ ഊർജക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ട്. അവയും ഉടൻ നവീകരിക്കണം.

വിലാസം: അസി. എൻജിനീയർ, ഊർജ സംരക്ഷണവിഭാഗം, സംസ്ഥാന വൈദ്യുതിബോർഡ്. ഫോൺ: 9447013990

e-mail: thamalamvijayan@gmail.com