Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടിയും പറയും വഴിമാറുന്നു

santhosh-tom-george-mappilassery സന്തോഷ് ടോം ജോർജ് മാപ്പിളശേരി

പെട്ടിയും പറയും രൂപകൽപന ചെയ്ത ബ്രണ്ടൻ സായിപ്പ് പോലും അതിനൊരു മാറ്റമുണ്ടായി കാണാൻ കൊതിക്കുന്നുണ്ടാവും. കുട്ടനാട്ടിലെയും കോൾനിലങ്ങളിലെയും വെള്ളം വറ്റിക്കാൻ പണ്ടേ ഉപയോഗിച്ചു വന്ന ഈ സംവിധാനത്തിനു കാലോചിത മാറ്റമുണ്ടായിട്ടില്ല. നെല്ലും നെൽകർഷകരും പഴഞ്ചനായി നിലനിന്നാലല്ലേ മലയാളിമനസ്സിന്റെ നൊസ്റ്റാൾജിയ തൃപ്തിപ്പെടുകയുള്ളൂ. ഏതായാലും പുരോഗമന ചിന്താഗതിക്കാരായ ഏതാനും കൃഷിക്കാരും വൈദ്യുതി ബോർഡും ഒത്തുചേർന്ന് പെട്ടിക്കും പറയ്ക്കും രണ്ട് ബദൽ മാതൃകകൾ രൂപകൽപന ചെയ്തു.

വായിക്കാം ഇ - കർഷകശ്രീ 

ആദ്യമാതൃക കാണണമെങ്കിൽ ചമ്പക്കുളം ചെമ്പുംപുറത്തെ മണക്കാടൻപള്ളി അറുന്നൂറ് പാടത്തേക്കു പോകണം. പ്രമുഖ കർഷക കുടുംബമായ മാപ്പിളശേരിയിലെ സന്തോഷ് ടോം ജോർജും സഹോദരങ്ങളുമാണ് ഇവിടുത്തെ കൃഷിക്കാർ. ആകെ 42 പാടശേഖരത്തിൽ ഇവർക്കു പുറമേ, രണ്ടു കൃഷിക്കാർ കൂടിയുണ്ട്. കുട്ടനാടൻ പാടങ്ങളിലെ പമ്പിങ് സംവിധാനം പരിഷ്കരിക്കുന്നതു സംബന്ധിച്ച് വൈദ്യുതി ബോർഡ് നൽകിയ ബോധവൽക്കരണമാണ് ഇതിനു പ്രേരകമായതെന്നു സന്തോഷ് പറഞ്ഞു. പഴയ സംവിധാനം പൂർണമായി മാറ്റാതെ ചില പരിഷ്കാരങ്ങളിലൂടെ കാര്യക്ഷമത കൂട്ടുകയായിരുന്നു ലക്ഷ്യം. പെട്ടി പൂർണമായും ഒഴിവാക്കി. പറയുടെ സ്ഥാനത്ത് 15 ഇഞ്ച് അളവുള്ള കുഴലും പെട്ടിയുടെ സ്ഥാനത്ത് 14 ഇഞ്ച് കുഴലും. ഇവ തമ്മിൽ ബന്ധിക്കുന്നതിന് അതേ വലുപ്പത്തിലുള്ള ബെൻഡും. ഈ രീതിയിലേക്കു മാറിയതു വഴി പെട്ടിയും പറയും സ്ഥാപിക്കുന്നതിന്റെ ആയാസവും കൂലിച്ചെലവും വളരെക്കുറഞ്ഞെന്നു സന്തോഷ് ചൂണ്ടിക്കാട്ടി. പെട്ടി നിറഞ്ഞു വെള്ളം പുറത്തേക്കു തള്ളുന്നതിനേക്കാൾ ശക്തമായി വെള്ളം പുറത്തേക്കു തള്ളാൻ ബെൻഡിലൂടെയുള്ള പമ്പിങ്ങിൽ സാധിക്കുമെന്ന് സന്തോഷ് പറഞ്ഞു. പെട്ടിയും പറയും സ്ഥാപിക്കുന്നതിനു മൂന്നു ലക്ഷം രൂപയിലേറെ ചെലവാകുമായിരുന്നു. പുതിയ സംവിധാനത്തിനാവട്ടെ, പരമാവധി 2.25 ലക്ഷം രൂപയേ ചെലവ് വരുന്നുള്ളൂ. സാമ്പത്തിക നേട്ടത്തേക്കാൾ പെട്ടിയും പറയും സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അധ്വാനവും അലച്ചിലുമാണ് കൃഷിക്കാരെ വലച്ചിരുന്നതെന്നു സന്തോഷ് ചൂണ്ടിക്കാട്ടി. ആയാസകരമായ ഈ ജോലികൾ ചെയ്യാൻ പ്രാപ്തിയുള്ള തൊഴിലാളികളെ കിട്ടാനുമില്ല. അതേസമയം പുതിയ സംവിധാനം പ്രവർത്തിപ്പിക്കാൻ മിതമായ അധ്വാനം മതി.

രണ്ടാമത്തെ മാതൃക കുറച്ചുകൂടി ലളിതമാണ്. സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ചുള്ള ഈ പമ്പിങ്ങിനു മോട്ടോറും അതിൽനിന്നുള്ള കുഴലും മാത്രം മതി. പാടങ്ങളുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയായ മട ഒഴിവാക്കാൻ സാധിക്കുന്നുവെന്നതും ഇതിന്റെ മെച്ചം. പെട്ടിയും പറയും സംവിധാനത്തിലൂടെ പമ്പു ചെയ്യുമ്പോഴുണ്ടാകുന്ന പ്രകമ്പനം പുറംബണ്ടുകളുടെ ബലക്ഷയത്തിനു കാരണമാകുമായിരുന്നു. പുതിയ സംവിധാനത്തിൽ ഇതൊഴിവാക്കാനാകും. കോട്ടയം ജില്ലയിലെ നീലംപേരൂർ കണ്ണങ്കരി പാടത്തിൽ ഈ മാതൃക ഒന്നര വർഷമായി പ്രവർത്തിക്കുന്നു. മടവീഴ്ചയുടെ ഭീഷണി ഒഴിവാകുമെന്നതും അനായാസം പ്രവർത്തിപ്പിക്കാമെന്നതുമാണ് സബ്മേഴ്സിബിൾ പമ്പിന്റെ മെച്ചമെന്ന് പാടശേഖര സമിതി കൺവീനർ പി.എം. മാത്യു പറഞ്ഞു.

submersible-pump പെട്ടി-പറയ്ക്കു പകരം സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ചുള്ള സംവിധാനം

സാധാരണ സബ്മേഴ്സിബിൾ പമ്പുകളിൽനിന്നു വ്യത്യസ്തമായി ഹെഡ് കുറവുള്ള മോഡലുകൾ പാടശേഖരങ്ങൾക്കായി ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഏഴര കുതിരശക്തിയുള്ള മോഡലാണ് ഏറ്റവും കൂടിയത്. വലിയ പാടശേഖരങ്ങൾക്ക് ഇതൊരു പരിമിതിയാകും. വെള്ളായണി കാർഷിക കോളജിന്റെ പാടത്തും സബ്മേഴ്സിബിൾ പമ്പുകളാണ് ഇപ്പോൾ വെള്ളം വറ്റിക്കുന്നത്. പെട്ടിയും പറയും സമ്പ്രദായത്തിൽ 50 കുതിരശക്തിയുടെ മോട്ടോർ ഉപയോഗിച്ചിരുന്ന ഇവിടെ ഏഴര കുതിരശക്തിയുടെ നാല് പമ്പുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മൂന്ന് പമ്പുകൾ മതിയാവുമെന്നും ഒരു മോട്ടോർ അധികമായി കരുതിവയ്ക്കുകയാണെന്നും കാർഷിക കോളജ് ഇൻസ്ട്രക്ഷണൽ ഫാം മേധാവി ഡോ: ബാബു മാത്യു പറഞ്ഞു. മാത്രമല്ല, കുറച്ചു വെള്ളം മാത്രം വറ്റിക്കാനായി ഇവയിൽ ഒരെണ്ണം മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന മെച്ചവുമുണ്ട്. പാടത്തെ വെള്ളം തീർത്തു വറ്റിക്കുമെന്നതും സബ്മേഴ്സിബിൾ പമ്പിന്റെ മെച്ചമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ മാതൃകകളിലേക്കു മാറാൻ താൽപര്യമുള്ള പാടങ്ങൾക്ക് വൈദ്യുതി ബോർഡിന്റെ ഊർജസംരക്ഷണ വിഭാഗമായ എസ്കോട്ട് പരമാവധി സാങ്കേതിക പിന്തുണ നൽകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. സുധാകുമാരി അറിയിച്ചു.

ഫോൺ– 0471 2514398