Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈനാപ്പിളിൽനിന്ന് വസ്ത്രവും!!

pineapple-jam പൈനാപ്പിൾ ജാം

വാഴക്കുളം പൈനാപ്പിളിന്റെ സവിശേഷ രുചിയും മധുരവും സുഗന്ധവുമാണ് അതിന് ഭൗമസൂചികാ (ജിഐ) പദവി നേടിക്കൊടുത്തത്. ബ്രസീലിൽ ജനിച്ച് പോർച്ചുഗീസുകാർക്കൊപ്പം വിരുന്നുകാരനായി കേരളത്തിലെത്തിയ പൈനാപ്പിളിന് വാഴക്കുളം എന്ന ഗ്രാമത്തിന്റെ പേരു ചേർത്ത് ഭൂപ്രദേശ സൂചിക ലഭിച്ചത് ഏറെ അഭിമാനകരമാണ്.

പൈനാപ്പിളിന്റെ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. സംസ്ഥാനങ്ങളിൽ കേരളത്തിന് എട്ടാം സ്ഥാനവും. വാഴക്കുളം പൈനാപ്പിളിനു മികച്ച കയറ്റുമതിസാധ്യതയാണുള്ളത്. ഭൂപ്രദേശ സൂചിക ലഭിച്ചതും പാക്കിങ്ങിന് യോജ്യമായ രൂപഘടനയും മികച്ച സ്വാദും മധുരവുമെല്ലാമാണ് ഇതിനു കയറ്റുമതി സാധ്യത വർധിപ്പിച്ച ഘടകങ്ങൾ. കേരളത്തിൽ കന്നാര എന്ന മൗറീഷ്യസ് ഇനമാണ് വ്യാപകമായി കൃഷി ചെയ്തുവരുന്നത്. ക്യൂ, ക്യൂൻ ഇനങ്ങളും കേരള കാർഷിക സർവകലാശാലയുടെ സങ്കരയിനമായ അമൃതയും കൃഷി ചെയ്തുവരുന്നു.

വായിക്കാം ഇ - കർഷകശ്രീ

സ്തൂപാകൃതിയുള്ള കായ്കളും ഹൃദ്യമായ രുചിയും മണവുമുള്ള മൗറീഷ്യസ് ഇനം ടേബിള്‍ വെറൈറ്റിയായും ജ്യൂസ് ഉണ്ടാക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. ഉരുണ്ട കായ്കളുള്ള ക്യൂ ഇനം സംസ്കരണത്തിനു യോജ്യമാണ്. നല്ല മഞ്ഞനിറമുള്ള നാരില്ലാത്ത കാമ്പും ചാറു കൂടുതലുള്ളതുമായ ഈയിനം കാനിങ്ങിനും നന്ന്. ക്യൂൻ ഇനങ്ങൾ ടേബിൾ വെറൈറ്റിയായി ഉപയോഗിക്കാനാണ് യോജ്യം.

പോഷകസമ്പന്നം

നൂറു ഗ്രാം പൈനാപ്പിളിൽ 87 ശതമാനം ജലാംശവും 2.3 ഗ്രാം ഭക്ഷ്യനാരും 50 മില്ലി ഗ്രാം വിറ്റമിൻ സി, ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോളിക് ആസിഡ്, വിറ്റമിൻ ബി1, ബി2 എന്നിവയും അടങ്ങിയിരിക്കുന്നു. ലോകത്തിലെ ഉയർന്ന ഭക്ഷ്യമൂല്യമുള്ള ഭക്ഷണപദാർഥങ്ങളുടെ ശ്രേണിയിൽ മുൻനിരയിലാണിതുള്ളത്.

ഔഷധഗുണങ്ങൾ

ഔഷധഗുണത്തിനു കാരണം ബ്രോമിലീൻ എന്ന എൻസൈമിന്റെ സാന്നിധ്യമാണ്. അജീർണത്തിന്, വിശേഷിച്ച് മാംസാഹാരം കഴിച്ചാലുള്ള ദഹനപ്രശ്നങ്ങൾക്ക് പൈനാപ്പിൾ പ്രതിവിധിയാണ്. ബ്രോമിലീൻ നാം കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു. മാംസം പാകം ചെയ്യുമ്പോൾ പെട്ടെന്ന് വെന്തുകിട്ടാനും ബീയർ വ്യവസായത്തിൽ ബീയറിന് തെളിമ കിട്ടാനും സൗന്ദര്യവർധകവസ്തുക്കളിലും ബ്രോമിലീൻ ഉപയോഗിച്ചുവരുന്നു. നീർക്കെട്ട്, സന്ധിവാതം (ആർത്രൈറ്റിസ്), കാൻസർ തുടങ്ങിയ രോഗങ്ങളെ പൈനാപ്പിൾ പ്രതിരോധിക്കുമെന്നു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. രക്തം കട്ടിയാകുന്നതു തടയുക വഴി ഹൃദ്രോഗത്തെയും പ്രതിരോധിക്കും. ആർത്രൈറ്റിസ്, ഗൗട്ട് തുടങ്ങിയ രോഗമുള്ളവർക്ക് യഥേഷ്ടം കഴിക്കാവുന്ന പഴമാണിത്. സൈനസൈറ്റിസ്, തൊണ്ടവേദന, സർജറിയുടെ മുറിവുകൾ, പ്ലാസ്റ്റിക് സർജറിയുടെ മുറിവ്, ഡയബറ്റിക് അൾസർ എന്നിവ ഭേദപ്പെടുത്താനും പൈനാപ്പിളിനു കഴിയും. ത്വക്ക്, തലമുടി, നഖം, മോണ, നേത്രപടലം, പാദങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് ഇത് നന്നെന്നു കാണുന്നു.

എത്രയെത്ര ഉൽപന്നങ്ങൾ

ക്യൂൻ, ക്യൂ, ജയന്റ് ക്യൂൻ ഇനങ്ങളാണ് ഉൽപന്ന നിർമാണത്തിനു യോജ്യം. 75–80 ശതമാനം വിളഞ്ഞ, മഞ്ഞരാശി പകുതിയിലേറെയും വ്യാപിച്ച പൈനാപ്പിളാണ് സംസ്കരണത്തിനായി ഉപയോഗിക്കുന്നത്.

പൈനാപ്പിൾ‌ പള്‍പ്പ്

വിളവെടുത്ത് തരംതിരിച്ച പൈനാപ്പിൾ, കഴുകി പൊടിയും അഴുക്കും നീക്കം ചെയ്തതിനുശേഷം തൊലി, കണ്ണ്, കൂഞ്ഞ് എന്നിവ നീക്കം ചെയ്ത് ചെറുതാക്കി മുറിക്കുക. ഫ്രൂട്ട് മിൽ / ഫ്രൂട്ട് പൾപ്പർ ഉപയോഗിച്ച് അരച്ചെടുത്തതിനുശേഷം യോജ്യമായ അളവിൽ രാസസംരക്ഷകങ്ങൾ ചേർത്ത് ഫു‍ഡ് ഗ്രേഡ് ജാറുകളിൽ / കാനുകളിൽ നിറച്ച് സീൽ ചെയ്തു സൂക്ഷിക്കാം. പൾപ്പ് തയാറാക്കുന്നതിനും ശേഖരിക്കുന്നതിനും കര്‍ശനമായ ഗുണമേന്മാ നിയന്ത്രണം വരുത്തിയാൽ മാത്രമേ പൾപ്പ് ദീർഘകാലം സൂക്ഷിച്ചുവയ്ക്കാനാകുകയുള്ളൂ. ഉപയോഗിക്കുന്ന യന്ത്രസാമഗ്രികൾ, പാത്രങ്ങൾ, പ്രതലങ്ങൾ എന്നിവ കൃത്യമായും അണുനശീകരണം നടത്തേണ്ടതുണ്ട്. പൾപ്പ് ജലാംശത്തോത് മൂന്നിലൊന്നായി കുറച്ച് റിട്ടോർട്ട് പൗച്ചുകളിലോ ശീതീകരണിയിലോ സൂക്ഷിക്കണം.

പൾപ്പ് ഉൽപന്നങ്ങൾ

pineapple

പൈനാപ്പിൾ ജാം, ഹൽവ, കേക്ക്, മഫിൻസ്, ഐസ്ക്രീം എന്നിവ നല്ല പ്രിയമുള്ള ഉൽപന്നങ്ങളാണ്. വാണിജ്യ സംരംഭകർക്കു ഗുണമേന്മയുള്ള പൾപ്പ് തയാറാക്കി നല്‍കാൻ പൈനാപ്പിൾ കര്‍ഷക കൂട്ടായ്മയ്ക്കു സാധിച്ചാൽ വിപണിയിലെ വിലയിടിവ് ഫലപ്രദമായി തടയാനാകും. ഉൽപന്നങ്ങൾ തയാറാക്കുന്ന സംരംഭകരുമായി മികച്ച ബന്ധവും സഹകരണവും പുലർത്തേണ്ടതും അത്യാവശ്യമാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഉൽപന്നങ്ങൾ തയാറാക്കി വിപണനം നടത്താനുള്ള കഴിവും പൾപ്പ് നിർമാതാക്കൾക്ക് ഉണ്ടായിരിക്കണം.

ജ്യൂസ് ഉൽപന്നങ്ങൾ

പൈനാപ്പിൾ സ്ക്വാഷ്, സിറപ്പ്, കോർഡിയൽ, Ready to Serve drink (RTS) എന്നിവ ജ്യൂസ് അധിഷ്ഠിത ഉൽപന്നങ്ങളാണ്. ഇവയിൽ പൈനാപ്പിൾ Ready to serve പാനീയം ടെട്രാപായ്ക്ക് (Tetra Packing) രീതിയിൽ സംരംഭമാക്കുമ്പോൾ വൻ മുതൽമുടക്കു വേണ്ടിവരും. സ്ക്വാഷ്, സിറപ്പ് തുടങ്ങിയ ഉൽപന്നങ്ങൾക്കു ഫ്രൂട്ട് മിൽ, സ്റ്റീം ജാക്കറ്റഡ് കെറ്റിൽ (steam jacketed kettle with boiler), ഫില്ലിങ് മെഷീൻ തുടങ്ങിയ യന്ത്രസാമഗ്രികൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇവ പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതമായിരിക്കണം.

പൈനാപ്പിൾ കാൻഡിപ്രിസർവ്

മികച്ച ആഭ്യന്തരവിപണിയും കയറ്റുമതിസാധ്യതയുമുള്ള ഉൽപന്നം. പഞ്ചസാരപ്പാനിയിലിട്ടോ നേരിട്ടുണക്കിയോ തയാറാക്കുന്ന കാൻഡിക്ക് ഡ്രൈ ഫ്രൂട്ട് വിപണിയിൽ നല്ല സാധ്യതയുണ്ട്. ബ്ലാഞ്ചർ, ഡ്രയർ എന്നിങ്ങനെ ഏതാനും ഉപകരണങ്ങൾ മാത്രമേ ആവശ്യമുള്ളൂ. നല്ല സൂക്ഷിപ്പുഗുണമുണ്ട്.

ക്യാൻ ചെയ്ത പൈനാപ്പിൾ‌

തൊലിയും കൂഞ്ഞും കണ്ണുകളും നീക്കംചെയ്തു വൃത്താകൃതിയിൽ 1.25 സെ.മീ. കനത്തിൽ മുറിച്ചെടുത്ത പൈനാപ്പിൾ കഷണങ്ങൾ യോജ്യമായ കാനുകളില്‍ നിറച്ച് പഞ്ചസാര സിറപ്പ് ചേർത്തു നിർമിക്കുന്ന ഉൽപന്നം. ആറു മാസം മുതൽ ഒരു വർഷം വരെ സൂക്ഷിപ്പുഗുണമുണ്ട്. നേരിട്ട് കഴിക്കാം. കേക്ക്, പുഡ്ഡിങ്, ഫ്രൂട്ട് സാലഡ്, ഐസ്ക്രീം എന്നിവയ്ക്കൊപ്പം ഉപയോഗിക്കണം.

അവശിഷ്ടങ്ങളിൽനിന്ന്

pineapple-fiber-shirt പൈനാപ്പിൾ ഫൈബർ ഷർട്ട്

പൈനാപ്പിൾ സംസ്കരണയൂണിറ്റ് ആരംഭിക്കുമ്പോൾതന്നെ അതിന്റെ അവശിഷ്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ധാരണ വേണം. ഒരു കിലോ പൈനാപ്പിൾ സംസ്കരണത്തിനെടുക്കുമ്പോൾ അര കിലോയോളം അവശിഷ്ടം വരാൻ സാധ്യതയുണ്ട്. അവശിഷ്ടങ്ങളിൽ ഭക്ഷ്യയോഗ്യഭാഗമാണ് കൂഞ്ഞ് അഥവാ കോർ. ഇതുപയോഗിച്ച് കാൻഡി, അച്ചാർ എന്നിവ നിർമിക്കാം. പൈനാപ്പിളിന്റെ ഔഷധഗുണത്തിനു നിദാനമായ ബ്രോമിലീൻ എൻസൈം ധാരാളം അടങ്ങിയിട്ടുള്ള ഭാഗമാണ് കൂഞ്ഞും ഞെടുപ്പും. വ്യവസായികാടിസ്ഥാനത്തിൽ ബ്രോമിലീൻ‌ വേർതിരിച്ചെടുക്കാനായാൽ വൻ സാധ്യതയാണുള്ളത്.

പൈനാപ്പിൾ തൊലി, കണ്ണ് എന്നിവയിൽനിന്ന് വീര്യം കൂടുതലുള്ള വൈനും, വൈനില്‍നിന്നു വിനാഗിരിയും തയാറാക്കാം. ഈ ഉൽപന്നങ്ങള്‍ രണ്ടും തയാറാക്കുന്നതിനു ലൈസൻസ് ആവശ്യമുണ്ട്. പൈനാപ്പിൾ ഇലയിൽനിന്ന് യന്ത്രസഹായത്താൽ നാര് വേർതിരിച്ചെടുക്കാനായാൽ അതുകൊണ്ടുള്ള വസ്ത്രങ്ങൾക്കും കൗതുകവസ്തുക്കൾക്കും വിപണിയിൽ നല്ല സ്വീകാര്യതയുണ്ട്. പൈനാപ്പിൾ അവശിഷ്ടങ്ങളിൽനിന്നു ബയോഗ്യാസും തുടർന്നു ജൈവവളവും നിർമിക്കാനാവും.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോൺ: 0479 2449268