Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കയുണ്ടോ, വാങ്ങാൻ തയ്യാർ

jackfruit-products ചക്ക ഉൽപന്നങ്ങളുടെ വൈവിധ്യം

കേരളത്തിൽ പ്ലാവിൻതോട്ടങ്ങളുണ്ടോ? ഇല്ലെന്നു പറയുന്നവർ ഇടുക്കിയിലേക്കു വരിക. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ നൂറുകണക്കിനു പ്ലാവുകളാണ് വളർന്നുനിൽക്കുന്നത്. തമിഴ്നാട്ടിലേതുപോലെ ചക്കയ്ക്കുവേണ്ടിയുള്ള പ്ലാവുകൃഷിയല്ല ഇതെന്നു മാത്രം. ഏലത്തിനു തണലേകാനായി നട്ടുവളർത്തിയ ഇവിടുത്തെ പ്ലാവുകളിൽ ചക്കയുണ്ടാവരുതെന്നാണ് കൃഷിക്കാരുടെ പ്രാർഥന. ചക്ക വീണ് ഏലച്ചെടികൾ നശിക്കുമെന്നതു തന്നെ കാരണം. വിലയേറിയ ഏലത്തിനുവേണ്ടി ചക്കയെ അവഗണിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പല എസ്റ്റേറ്റുകളിലും ചക്ക വലുതാവുന്നതിനുമുമ്പ് വെട്ടിക്കളയാൻ വേതനം നൽകി ജോലിക്കാരെ നിയോഗിച്ചിട്ടുണ്ടത്രെ.

എന്നാൽ ഇതത്ര ശരിയായ രീതിയല്ലെന്ന് കൂട്ടുകാരായ അഭിജിത്തിനും അനീഷിനും തോന്നിത്തുടങ്ങിയിട്ടു മൂന്നു വർഷത്തോളമായി. കേരളത്തിലെമ്പാടും അലയടിക്കുന്ന ചക്കപ്രേമത്തിന്റെ അലയൊലികൾ അവരുടെ കാതുകളിലുമെത്തിയിരുന്നു. ചക്കയുടെ ഔഷധഗുണവും സംരംഭസാധ്യതകളും സംസ്ഥാനത്തിന്റെയാകെ ചർച്ചാവിഷയമായതോടെ ഇടുക്കിയിലെ ചക്ക പാഴാക്കിക്കളയരുതെന്ന് ഇരുവരും തീരുമാനിച്ചു. രണ്ടു പേരുടെയും വീടുകളിൽ ഈ തീരുമാനത്തിനു പ്രോത്സാഹനം കിട്ടിയതോടെ കാര്യങ്ങൾ വേഗത്തിലായി. ശരിയായ അറിവും പരിശീലനവും നേടാനുള്ള അന്വേഷണമായി പിന്നെ.

വായിക്കാം ഇ - കർഷകശ്രീ

ഏറ്റവുമധികം ചക്ക പാഴായിപ്പോകുന്ന ജില്ലയാണെങ്കിലും ഇടുക്കിയിലെ കാർഷിക പരിശീലനകേന്ദ്രങ്ങളിലൊന്നും ഈ യുവസംരംഭകർക്ക് ആവശ്യമുള്ള സാങ്കേതികവിദ്യ കിട്ടിയില്ല. ഹൈറേഞ്ചിൽനിന്ന് അറിവുതേടി തിരുവനന്തപുരത്തും കായംകുളത്തുമൊക്കെയുള്ള പരിശീലന പരിപാടികളിൽ കുടുംബാംഗങ്ങൾ മാറിമാറി പങ്കെടുത്തു. കായംകുളം കൃഷിവിജ്‍ഞാനകേന്ദ്രത്തിലെ പരിശീലനം സംരംഭകരായി മാറാനുള്ള ആത്മവിശ്വാസം നൽകി. ചക്കസംസ്കരണരംഗത്തെ പ്രമുഖ പരിശീലകയും വയനാട് വേഫാം ഉൽപാദക കമ്പനി ഡയറക്ടറുമായ പത്മിനി ശിവദാസ് വഴികാട്ടിയായി കൂടെ നിന്നതോടെ ഇടുക്കിയിലെ പ്രഥമ ചക്കസംസ്കരണ ശാലയ്ക്ക് അവർ തുടക്കം കുറിച്ചു. സംസ്ഥാനത്തുതന്നെ ഫാക്ടറിമാതൃകയിൽ പ്രവർത്തിക്കുന്ന അപൂർവം ചക്കസംസ്കരണ കേന്ദ്രങ്ങളിലൊന്നാവും കുമളി–മൂന്നാർ റോഡിലെ ശംഖുരുണ്ടാനിൽ പ്രവർത്തിക്കുന്ന എ ക്യൂബ് കമ്പനി; ഇരുപത്തിമൂന്നുകാരനായ അഭിജിത്തും ഇരുപത്താറുകാരനായ അനീഷും ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചക്കസംരംഭകരും. പയ്യന്മാർക്കൊപ്പം മുപ്പതുകാരന്റെ ചുറുചുറുക്കോടെ അഭിജിത്തിന്റെ അച്ഛൻ സുരേഷ്, അമ്മ സുഗതമ്മ, സഹോദരി ഗംഗ, അനീഷിന്റെ ചേട്ടൻ സുനീഷ്, മാതാപിതാക്കളായ രഘുനാഥ്, ഉഷ, വല്യമ്മ അംബുജം എന്നിവരും ഫാക്ടറിയിൽ സജീവമാണ്.

jackfruit-processing പ്രാഥമിക സംസ്കരണം ഫാക്ടറിയിൽതന്നെ

കുടുംബസംരംഭമായി നടത്തുന്നതുകൊണ്ട് പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചെന്നു സുരേഷ് ചൂണ്ടിക്കാട്ടി. ചക്ക വാങ്ങുന്നതുമുതൽ ഉൽപന്നങ്ങൾ വിൽക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുകയാണ് എൻജിനീയറിങ് പാസായ അഭിജിത്തും ഇന്റീരിയർ ഡിസൈൻ കോഴ്സ് പാസായ അനീഷും. ആകെ 21 ലക്ഷം മുതൽമുടക്ക് വേണ്ടിവന്ന സംരംഭത്തിനു 15 ലക്ഷം രൂപ കേരള സർക്കാർ പലിശരഹിത വായ്പയായി നൽകി. ഇതിനുപുറമെ, യൂണിയൻ ബാങ്കിൽനിന്നു മുദ്ര വായ്പയായി ആറുലക്ഷം രൂപയും വേണ്ടിവന്നു.

രണ്ടു മാസം മുൻപ് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൽനിന്ന് ഇതിനകം ഇരുപതോളം ചക്ക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു– ചക്ക എന്ന ബ്രാ‍ൻഡിൽ തന്നെ. ചക്ക ഉണക്കിയത്, ചക്കപ്പഴം ഉണക്കിയത്, ചക്കക്കുരു ഉണക്കിയത്, കരിന്തൊലി നീക്കി ഉണങ്ങിയ ചക്കക്കുരു, പുഴുങ്ങി ഉണങ്ങിയ ചക്കക്കുരു, ചക്കമുള്ളിൽനിന്നുള്ള ദാഹശമനി, കൂഞ്ഞിൽ അച്ചാർ, ചക്കമടൽ അച്ചാർ, ഇടിച്ചക്ക അച്ചാർ, ഇടിച്ചക്ക സൂപ്പുപൊടി, ഇടിച്ചക്ക കട്‌ലറ്റ്, ഇടിച്ചക്ക ഉണ്ണിയപ്പം, ചക്കക്കുരു പുട്ടുപൊടി, ചകിണി മിക്സ്ചർ, ചക്ക മുറുക്ക്, ചക്കക്കുരു പായസം, ചക്കപ്പഴം പായസം, പച്ചച്ചക്കപ്പൊടി കൊണ്ടുള്ള പായസം എന്നിവയാണ് ഇതുവരെ ഇവർ വിപണിയിലെത്തിച്ചിട്ടുള്ളത്. ഒരു ചക്ക കിട്ടിയാൽ ചുളയും കുരുവും ചകിണിയും മടലും പുറംതൊലിയുമൊക്കെ ഉൽപന്നമാക്കുന്ന ഈ സംരംഭത്തിൽ പാഴാക്കാൻ ഒന്നുമില്ല.

suneesh-aneesh-abhijith-suresh-jackfruit-products സുനീഷ്, അനീഷ്, അഭിജിത്ത്, സുരേഷ്

തേക്കടി ഫെസ്റ്റ് പ്രദർശനത്തിൽ പങ്കെടുത്തായിരുന്നു വിപണനത്തിന്റെ തുടക്കം. കൂടുതൽ പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം കയറ്റുമതിക്കാർക്കും വിതരണക്കാർക്കും ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഓർഡറുകൾപോലും പൂർണമായി പാലിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോഴെന്ന് ഇവർ പറയുന്നു. എത്രയും പെട്ടെന്ന് പരമാവധി ഉൽപാദനത്തിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണിപ്പോൾ. പ്രാദേശികമായി കുറഞ്ഞ ചെലവിൽ ചക്ക സംഭരിക്കാമെന്നതാണ് ഇവരുടെ നേട്ടം. ഏലത്തോട്ടങ്ങളിലും മറ്റും പത്തും ഇരുപതും പ്ലാവുകളിൽനിന്ന് ഒരുമിച്ച് ചക്കയിടാം.

പ്രാദേശികമായി സംഭരിക്കുന്ന ചക്കയ്ക്കു പുറമേ ഏജന്റുമാരിൽനിന്നും വാങ്ങാറുണ്ട്. ഒരു ചക്കയ്ക്ക് 25 രൂപ നിരക്കിലാണ് വാങ്ങുക. ഒരു ലോഡ് തികച്ചുകിട്ടിയാൽ കേരളത്തിലെവിടെനിന്നും ഈ വിലയ്ക്ക് ചക്ക വാങ്ങാൻ ഇവർ തയാർ. കൂടാതെ ചക്കച്ചുള കിലോയ്ക്ക് 40 രൂപ നിരക്കിലും വാങ്ങും. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് ചക്കച്ചുളയുടെ പ്രാഥമിക സംസ്കരണം നടത്തണമെന്നു മാത്രം. വലിയൊരു സ്വപ്നത്തിന്റെ തുടക്കം മാത്രമാണിതെന്ന് ഇരുവരും പറയുന്നു. മൂന്നാർ റൂട്ടിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തത്തക്ക വിധത്തിൽ ചക്കവിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയും ചക്കസംസ്കരണവും പാചകവും പരിശീലിപ്പിക്കുന്ന കേന്ദ്രവും ആരംഭിക്കാൻ ഇവർ തീരുമാനിച്ചുകഴിഞ്ഞു. ചക്ക ഐസ്ക്രീം നിർമിക്കാനുള്ള ആലോചനയും നടന്നുവരുന്നു.

ഫോൺ: 9946561333