Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യയോഗ്യം ഈ സസ്യഭാഗങ്ങൾ

pea-payar-bean-vegetable പയർ

കായ്കൾ, കിഴങ്ങുകൾ, വിത്തുകൾ തുടങ്ങിയ ഭാഗങ്ങൾ ഭക്ഷ്യയോഗ്യമായിട്ടുള്ള പച്ചക്കറി വിളകളുടെ ഇലകളും ഭക്ഷ്യയോഗ്യമാണ്. ഉദാഹരണത്തിന് കുമ്പളം, മത്തൻ, പയർ തുടങ്ങിയവ. കൂടാതെ ചില ഫലവർഗവിളകൾ, കിഴങ്ങുവര്‍ഗ വിളകൾ, എണ്ണച്ചെടികൾ തുടങ്ങി നമ്മുടെ നാട്ടിൻപുറങ്ങളില്‍ കാണുന്ന ചില പൂച്ചെടികളുടെയും, കളകളുടെയും വരെ ഇലകളും ഭക്ഷ്യയോഗ്യമാണെന്ന് കണ്ടിട്ടുണ്ട്. അത്തരം വിളകളെക്കുറിച്ചാണ് ചുവടെ പ്രതിപാദിച്ചിരിക്കുന്നത്.

പയർ: ഇലയും വിത്തും പച്ചക്കറിയായും കാലിത്തീറ്റയായും ഉപയോഗിക്കുന്നു.

ചതുരപ്പയർ: പ്രോട്ടീൻ ധാരാളം അടങ്ങിയ ഈ വള്ളിച്ചെടിയുടെ ഇളം ഇലകൾ വേവിച്ചുപയോഗിക്കുന്നു. ഇവയുടെ പൂക്കളും കിഴങ്ങുകളും ഭക്ഷ്യയോഗ്യം.

കുമ്പളം: ഇളം ഇലകൾ ഭക്ഷ്യ യോഗ്യം.

മത്തൻ: ഇളം ഇലകൾ ഭക്ഷ്യയോഗ്യം.

ചേന: ഇല വിടരും മുൻപ് തണ്ടോടെ മുറിച്ച് നന്നായി വേവിച്ചുപയോഗിക്കാം.

elephant-foot-yam ചേന

മധുരക്കിഴങ്ങ്: ഇളം വള്ളികളും വേരുകളും ഫിലിപ്പൈൻസിൽ വേവിച്ചുപയോഗിക്കുന്നു. ആവി കയറ്റിയ ശേഷം ഇലകൾ സൂപ്പിലും സാലഡിലും ഉപയോഗിക്കാം.

ചേമ്പ്: തണ്ടും ഇലയും വേവിച്ചുപയോഗിക്കാം.

പുളിവെണ്ട: പുളിരസമുള്ള ഇലയും ഇളംതണ്ടും ചമ്മന്തിയരക്കാൻ ഉപയോഗിക്കുന്നു.

ബീറ്റ്റൂട്ട് : ഇളം പ്രായത്തിലെ ചെടിയുടെ ഇലകൾ വേവിച്ച് ഉപയോഗിക്കുന്നു.

കാരറ്റ്: ചില രാജ്യങ്ങളിൽ ഇത് ഇലക്കറി വിളയായി ഉപയോഗിക്കുന്നു.

റാഡിഷ്: ഔഷധഗുണമുള്ള ഇലകൾ സാലഡായും വേവിച്ചും ഉപയോഗിക്കുന്നതിനു പുറമെ മാംസ്യത്തിന്റെ ഉറവിടമായും കണക്കാക്കുന്നു.

ഉള്ളി: ഇലകൾ ഭക്ഷ്യയോഗ്യം.

വെളുത്തുള്ളി: കിഴക്കേ ഏഷ്യയിലും ഫിലിപ്പൈൻസിലും ഇലകൾ ഉപയോഗിക്കുന്നു.

പുളി: ഭക്ഷ്യയോഗ്യമായ ഇളം ഇലകൾ വേദനസംഹാരിയായും നീര് വറ്റാനും ഉപയോഗിക്കുന്നു. ചെറിയ തൈച്ചെടികൾ അപ്പാടെയുളള പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്.

tamarind പുളി

കൈത: പൂക്കളോടു ചേർന്ന ഇളം ഇലകൾ മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് വേവിച്ചുപയോഗിക്കാം. ഇലകൾ കുഷ്ഠം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു.

സിലോഷ്യ: പൂച്ചെടി വിളയായ ഇവയുടെ ഭക്ഷ്യയോഗ്യമായ ഇലകളിൽ ജീവകം ബി ധാരാളം അടങ്ങിയിരിക്കുന്നു.

ബലിപ്പൂവ്: ഔഷധഗുണമുള്ള ഇലകൾ ഭക്ഷ്യയോഗ്യം.

പുളിയാരില: പുളിരസമുള്ള ഇലകൾ സാലഡായും വേവിച്ചും ചട്നി, അച്ചാർ എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. ഇലകളിൽ ജീവകം സി ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ ഇലകൾ കൂടിയ അളവിൽ കഴിക്കുന്നത് നല്ലതല്ല.

ഞെരിഞ്ഞിൽ: ഇവയുടെ ഇലകൾ തനിച്ചോ മറ്റ് ഇലകളോടൊപ്പം ചേർന്നോ ഉപയോഗിക്കാം.

തഴുതാമ: ഇളം ഇലകൾ തോരൻ വയ്ക്കാൻ ഉപയോഗിക്കുന്നു.

THAZHUTHAMA തഴുതാമ

ഇവയ്ക്കു പുറമെ, നമ്മുടെ വനങ്ങളിലും മറ്റും സാധാരണയായി വളരുന്ന പല ചെടികളുടെയും ഇലകൾ അതത് പ്രദേശത്തെ ജനങ്ങള്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്ന പതിവുണ്ട്. ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ വളരുന്ന തുമ്പയുടെ ഇലകൾ. ഇത് ആന്ധ്രയിലും ഗുജറാത്തിലും ജനങ്ങൾ പച്ചക്കറിയായി ഉപയോഗിക്കുന്നു.

മുഹമ്മദ് സുഹൈബ് ഇസ്മായിൽ എം. കാർഷിക കോളജ്, പടന്നക്കാട്. പിൻ-671314 Mob - 9526838312