Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളത്തോട്ടത്തിൽ ഈ മാസം: വെണ്ടയ്ക്കു നന

okra-ladies-finger-vegetable വെണ്ട

കായ്ക്കുന്ന വെണ്ടയ്ക്ക് 3–4 ദിവസം ഇടവേളയിൽ നന്നായി നനയ്ക്കുക. ഇലകൾ മുരടിക്കുക, മാർദവം നഷ്ടപ്പെടുക, അരികു വളയുക എന്നീ കേടുകൾ ചെറുപ്രാണികളായ വെള്ളീച്ചയും ജാസിഡും വരുത്തുന്നതാണ്. വെളുത്തുള്ളിനീരോ വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതമോ തളിക്കുക. മഞ്ഞ ബോർഡിൽ ആവണക്കെണ്ണ തേച്ച് ചെടികൾക്കിടയിൽ കെട്ടിയിട്ടാൽ ഈ ചെറുകീടങ്ങൾ അതിൽ പറ്റിപ്പിടിക്കും. തണ്ടുതുരപ്പനാണ് പ്രധാന ശത്രു. കേടുവന്ന ഭാഗങ്ങൾ മുറിച്ചെടുത്ത് ചുടുക.

മൂന്നാഴ്ച പ്രായമായ തൈകൾക്കു ചുറ്റും സെന്റിന് 250 ഗ്രാം യൂറിയയും 80 ഗ്രാം പൊട്ടാഷ് വളവും വിതറി ചുറ്റും കൊത്തിച്ചേർത്തു നന്നായി നനയ്ക്കുക. ഇളകിയ മണ്ണ് ചുറ്റും കൂട്ടുകയും വേണം. ഇലകളിൽ പൂപ്പൽ മാതിരി വെളുത്ത പൊടി കാണുന്നത് പൗഡറിമിൽഡ്യു എന്ന രോഗമാണ്. കാരത്തേൻ (45%) 0.5 മി.ലീ./ലീറ്റർ എന്ന കണക്കിനു തളിക്കുക. മണ്ണിൽ നനവ് കുറഞ്ഞാൽ സെർകോസ്പോറ എന്ന കുമിൾ വരുത്തുന്ന പൊട്ടുകൾ വന്ന് ഇലകൾ കരിയും. സൈനബ്, സൈറാം എന്നിവയിലൊന്ന് 2–3 ഗ്രാം, ഒരു ലീറ്റര്‍ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക.

ചീര

ഈ മാസവും ചീര നടാം. വിത്തുപാകി മുളപ്പിച്ച് തൈകൾ പറിച്ചു നടുന്നതാണ് നല്ലത്. സെന്റിന് അഞ്ചു ഗ്രാം വിത്ത്, സെന്റിന് 150–200 കിലോ കാലി വളമോ 100 കിലോ മണ്ണിരക്കമ്പോസ്റ്റോ ചേർക്കണം. തൈകൾ ആഴം കുറഞ്ഞ ചാലുകളിൽ നടുക. ചാലുകൾ തമ്മിൽ 20 സെ.മീ ഇടയകലം മതി. സെന്റിന് ഒരു കിലോ ഫാക്ടംഫോസും 330 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി ചേർക്കാം. ചുവന്നയിനങ്ങളാണ് കണ്ണാറ ലോക്കൽ, അരുൺ എന്നിവ. ചുവന്ന തണ്ടും പച്ചയിലകളുമുള്ള ഇനമാണ് രേണുശ്രീ. സി.ഒ.1,2,3, മോഹിനി എന്നിവ പച്ചയിനങ്ങളാണ്.

മുളക്, വഴുതന, തക്കാളി

മുളക്, വഴുതന എന്നിവയ്ക്ക് 3–4 ദിവസത്തിൽ ഒരു നന. കായ്ക്കുന്ന തക്കാളിക്ക് ഒന്നിടവിട്ട ദിവസം ചെറുതായി നന. തക്കാളിക്ക് താങ്ങു നൽകിയാൽ കൂടുതൽ വിളവും കായ്കൾക്കു നല്ല നിറവും കിട്ടും. അമ്ല–ക്ഷാരനില (പിഎച്ച്) 6–ല്‍ താഴ്ന്ന മണ്ണിൽ തക്കാളിച്ചെടികൾക്കു ചുറ്റും കുമ്മായം വിതറി മണ്ണിൽ കൊത്തിച്ചേർക്കുന്നത് നല്ല നിറവും വലുപ്പവുമുള്ള കായ്കളുണ്ടാകാൻ ഉപകരിക്കും. ഈ പച്ചക്കറികളുടെ ഒരു മാസം പ്രായമായ തൈകൾക്ക് സെന്റിന് 160–240 ഗ്രാം യൂറിയയും 80 ഗ്രാം പൊട്ടാഷ് വളവും ചേര്‍ക്കാം. രണ്ടു മാസം പ്രായമായതിന് 180–240 ഗ്രാം യൂറിയ മതി. വളം ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുകയും കളകൾ നീക്കി ഇളകിയ മണ്ണ് ചുറ്റും കൂട്ടുകയും ചെയ്യണം.

തണ്ടുതുരപ്പന്റെ ഉപദ്രവമേറ്റ ഭാഗങ്ങൾ മുറിച്ചെടുത്ത് ചുടുക. ഉപദ്രവം ചെറിയ തോതിലാണെങ്കിൽ മീനെണ്ണ ഇമൾഷനോ മീനെണ്ണ സോപ്പോ വെള്ളത്തിൽ കലക്കി പല തവണ തളിക്കുക. കുരുടിപ്പ്, ഇലകളുടെ അഗ്രം വളയുക, മാർദവം നഷ്ടപ്പെടുക എന്നിവയ്ക്കെതിരെ വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതം രണ്ടു തവണ അടുപ്പിച്ചു തളിക്കുക. കായ്ക്കുന്ന പ്രായത്തിൽ കീടനാശിനി ഒഴിവാക്കുന്നതാണു നല്ലത്. മഞ്ഞ ബോർഡിൽ ആവണക്കെണ്ണ തേച്ചുവച്ചാൽ ഈ ചെറുപ്രാണികൾ അതിൽ പറ്റിക്കൂടി സ്വയം നശിക്കും.