Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറിക്കൂട്ടായും സുഗന്ധമായും ഇലച്ചെടികൾ

leafy-vegetable-agathi-cheera-spinach അഗത്തിച്ചീര

അഗത്തിച്ചീര

അഗത്തിച്ചീരയുടെ പൂവുകളും ഇലകളും ഭക്ഷ്യയോഗ്യമാണ്. മലേഷ്യൻ സ്വദേശിയായ അഗത്തിച്ചീരയുടെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്റിഫ്ളോറ. പഞ്ചാബ്, ഡൽഹി, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ഇതു വ്യാപകമായുണ്ട്. വളരെ വേഗം ചെറിയ മരമായി വളരും. വെള്ള, റോസ് പൂക്കളുള്ള രണ്ടിനങ്ങളാണു സാധാരണ കാണുന്നത്. വെളളപ്പൂക്കളുള്ള ഇനമാണു പച്ചക്കറിയായി ഉപയോഗിക്കാൻ യോജ്യം. ചെറിയ കയ്പുള്ള മറ്റേ ഇനം ഔഷധമായിട്ടാണ് ഉപയോഗിക്കുന്നത്. വിത്തുകൾ, കമ്പുകൾ എന്നിവ നട്ടു കൃഷി ചെയ്യാം. 30x30x30 സെ.മീ. അളവിൽ കുഴികളെടുത്ത് ജൈവവളം ചേർത്തു കമ്പോ വിത്തോ നടാം. 2–3 വിത്ത് ഇട്ടു മുളച്ചു വരുമ്പോൾ ഒരെണ്ണം മാത്രം നിർത്തുക. ബാക്കി പറിച്ചു കളയുക. മേയ്–ജൂൺ, സെപ്റ്റംബർ– ഒക്ടോബര്‍ മാസങ്ങളാണ് നടീലിനു നല്ലത്. വെള്ളക്കെട്ടുണ്ടാകരുത്.

ഇലകളുടെയും പൂക്കളുടെയും നീര് തലവേദനയ്ക്ക് ആശ്വാസത്തിനും മുറിവുണങ്ങാനും പുരട്ടാറുണ്ട്. ജീവകം എ, ബി അടക്കം ധാരാളം പോഷകങ്ങൾ അടങ്ങിയ അഗത്തിച്ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നേത്രരോഗങ്ങൾ തടയാം.

അക്ഷരച്ചീര

പച്ച, സിങ്ക്, ബ്രൗൺ നിറങ്ങളിലും അവയുടെ സമ്മിശ്രനിറങ്ങളിലും കാണപ്പെടുന്ന ഈ ചീരയ്ക്കു പൊന്നാങ്കണ്ണിച്ചീരയെന്നും പേരുണ്ട്. അമരാന്തേസിയേ കുടുംബത്തിൽപ്പെട്ട ഈ ചീരയുടെ ശാസ്ത്രനാമം അൾട്ടെർ നാന്തെരാസെസിൽസ് എന്നാണ്. പൂന്തോട്ടത്തിൽ അലങ്കാരച്ചെടിയായി അക്ഷരങ്ങൾ ഒരുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇളം തണ്ടുകളും ഇലകളും മുറിച്ചെടുത്ത് ഇലക്കറികളും തോരൻ, കട്‌ലറ്റ്, സൂപ്പ് മുതലായവയും ഉണ്ടാക്കാം. ചുവന്ന ഇനത്തിൽപ്പെട്ടതിനു രുചി കുറവായതിനാൽ പച്ചയിനമാണു സാധാരണയായി ഉപയോഗിക്കുന്നത്.

തണ്ടുകൾ മുറിച്ചുനട്ടാണ് പ്രജനനം. ചെടി വേരു പിടിച്ച് ഒരാഴ്ചയ്ക്കു ശേഷം നാമ്പു നുള്ളി ശിഖരങ്ങൾ ഉണ്ടാക്കേണ്ടതാണ്.

കാൽസ്യം ചീര എന്നും അറിയപ്പെടുന്ന പൊന്നാങ്കണ്ണി ചില കണ്ണുരോഗങ്ങൾക്കും വയറുകടിക്കും മരുന്നായി ഉപയോഗിക്കാറുണ്ട്.

കുടങ്ങൽ

leafy-vegetable-kudangal കുടങ്ങൽ

ബുദ്ധിച്ചീരയെന്നും കുടകനെന്നും പേരുള്ള കുടങ്ങൽ കാരറ്റിന്റെ കുടുംബാംഗമാണ്. പടർന്നു വളരുന്ന ബഹുവർഷിയായ ഈ ഔഷധിക്ക് ഓർമശക്തി വർധിപ്പിക്കാൻ കഴിവുണ്ട്. ചെടിയില്‍നിന്നു പൊട്ടിവളരുന്ന കാണ്ഡങ്ങൾ മുറിച്ചുനട്ടാണ് വംശവർധന. വെള്ളം കൂടുതലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന ഈ ചെടി വരൾച്ചയിൽ നശിച്ചു പോകും.

ഇളം തണ്ടും ഇലകളും ഇലക്കറിയായും ദോശയുടെയും ചപ്പാത്തിയുടെയും മാവിൽ അരിഞ്ഞിട്ടും ചമ്മന്തിയിൽ ചേർത്തും ഉപയോഗിക്കാം.

വള്ളിച്ചീര

leafy-vegetable-valli-cheera-malabar-spinach വള്ളിച്ചീര

ബസെല്ലച്ചീരയെന്നും വഷളച്ചീരയെന്നും മലബാർ സ്പിനാഷ് എന്നും അറിയപ്പെടുന്നു. ചുവന്ന തണ്ടുള്ളതിനെ ബസെല്ലാ റൂബറാ എന്നും വെള്ളത്തണ്ടുള്ളതിനെ ബസെല്ല ആൽബാ എന്നുമാണു വിളിക്കുന്നത്. ഇതില്‍ ബീറ്റാ കരോട്ടിൻ, കാൽസ്യം, ഇരുമ്പ്, ജീവകം സി എന്നിവ സമൃദ്ധം.

വിത്തു പാകിയും തണ്ടു മുറിച്ചുനട്ടുമാണ് ചുവടു പിടിപ്പിക്കുന്നത്. മഴക്കാലത്ത് 30 സെ.മീ. നീളമുള്ള തണ്ടുകൾ 45 സെ.മീ അകലത്തിൽ നടണം. കമ്പോസ്റ്റ്, ചാണകം തുടങ്ങിയവ ഇട്ടുകൊടുത്താൽ സമൃദ്ധമായി വളരുന്നു. ഇളം ഇലകളും തണ്ടും ഉപയോഗിച്ചു തോരനും മറ്റു കറികളും ഉണ്ടാക്കാം. ഇലകൾ ബജി ഉണ്ടാക്കാനും നന്ന്.

ഭക്ഷണപദാർത്ഥങ്ങൾക്കു നിറം നൽകുന്ന ഒരിനം ചായം വള്ളിച്ചീരയുടെ കായ്കളിൽനിന്നുണ്ടാക്കാം. അലങ്കാരച്ചെടിയായും ഇതു വളർത്താറുണ്ട്.

മധുരച്ചീര

leafy-vegetable-madhura-cheera-spinach മധുരച്ചീര

വേലിച്ചീരയെന്നും ചെക്കുർമാനിസ് എന്നും അറിയപ്പെടുന്ന മധുരച്ചീരയുടെ ശാസ്ത്രനാമം സൗറോപ്പസ് ആൻ ഡ്രോഗയ്നസ്. അടുക്കളത്തോട്ടത്തിൽ വേലിയായോ നടപ്പാതയുടെ ഇരുവശമായോ നടാം. പോഷകങ്ങൾ ഉയർന്ന അളവിൽ ഉള്ളതിനാൽ ഇതിനെ വിറ്റമിൻ ആൻഡ് മൾട്ടി മിനറൽ പാക്ക്ഡ് ഇലയെന്നു വിളിക്കാറുണ്ട്.

മധുരച്ചീര ധാരാളം കഴിക്കുന്നത് ശ്വാസകോശത്തിനു ഗുരുതരമായ അസുഖമുണ്ടാക്കുമെന്നു കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത് അമിതമായി ഉപയോഗിക്കരുത്.

പുതിന

leafy-vegetable-pudina-mint പുതിന

പുതിനയിലകൾ ഭക്ഷ്യവസ്തുക്കളിൽ സുഗന്ധം പകരാൻ ഉപയോഗിക്കുന്നു. പടർന്നു വളരുന്ന ഈ ചെടി, വിത്തുകൾ ഉൽപാദിപ്പിക്കുമെങ്കിലും തണ്ടുകൾ മുറിച്ചുനട്ടാണ് വംശവർധന.

ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കുന്ന പുതിനയുടെ ഇലകളിലെ പ്രത്യേക സുഗന്ധത്തിനു കാരണം മെന്തോൾ ആണ്. പുതിനത്തണ്ടുകൾ വെള്ളത്തിൽ രണ്ടു മണിക്കൂർ ഇറക്കിവച്ചശേഷം മുറിച്ചു തണലിൽ നടാം. പത്തു ദിവസങ്ങൾക്കു ശേഷം നാമ്പു നുള്ളിക്കൊടുക്കണം. സൂര്യപ്രകാശം അൽപം കുറഞ്ഞ സ്ഥലത്ത് പുതിന നന്നായി വളരും.

ഇലകളിൽനിന്നുള്ള തൈലം തലവേദന, മൈഗ്രേൻ, വെർട്ടിഗൊ, വയറുവേദന, ശ്വാസകോശരോഗങ്ങൾ, പല്ലുവേദന എന്നിവയ്ക്കു മരുന്നാണ്. ക്രീമുകൾ, ലോഷനുകൾ, മൗത്ത് വാഷ്, എയർ ഫ്രഷ്നർ എന്നിവയുടെ നിർമാണത്തിലും പുതിന ഉപയോഗിക്കുന്നു.

പൊന്നാവിരം

പയറുവർഗത്തിൽപെട്ട ഈ ചെടിക്കു തമിഴിൽ പൊൻതകര എന്നു പറയുന്നു. ശാസ്ത്രനാമം കഷ്യ ഒക്സിഡന്റാലിസ്. മഞ്ഞ നിറത്തിൽ കുലകളായി വളരുന്ന പൂക്കളുള്ള ഈ ചെടി 1.5 മീറ്റർ ഉയരത്തിൽ വളരും. ഇലകളും ഇളംകായ്കളും വിത്തുകളും തോരൻ വച്ചു കഴിക്കാം. മൂപ്പെത്താത്ത വിത്തുകൾ കാപ്പിക്കുരുവിനു പകരമായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്നു.

വാതം, ആസ്മ, കുഷ്ഠം, ഹിസ്റ്റീരിയ, വയറുകടി എന്നിവയ്ക്കെതിരേ ഇത് ഉപയോഗിച്ചുവരുന്നു. കരൾ രോഗത്തിനുള്ള ലിവ്–52 എന്ന മരുന്നിന്റെ പ്രധാന ഘടകമാണ് പൊൻതകര. ഇല, തൊലി, വേര്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. കാലിത്തീറ്റയായും പച്ചിലവളമായും ഈ ചെടി ഉപയോഗിക്കുന്നു.

തഴുതാമ

പടർന്നു വളരുന്ന ബഹുവർഷിയായ ഔഷധമൂല്യമുള്ള സസ്യമാണിത്. ചുവപ്പ്, വെള്ള പൂക്കളുള്ള രണ്ടിനമുണ്ട്. ചുവപ്പു പൂക്കളുള്ളതാണ് സാധാരണ ഉപയോഗിക്കുന്നത്. ഈ ചെടിയിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നു. ഇല തോരൻ വച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്കെതിരെ നല്ലതാണ്. വേരും വിത്തും പൊടിയാക്കി ചില ധാന്യങ്ങളിൽ ചേർത്തുവരുന്നു. വളർത്തുപക്ഷികൾക്ക് നല്ല ആഹാരമാണിത്.

വിലാസം: അസി. ഡയറക്ടർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കൊച്ചി.
ഫോൺ: 9633040030