Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്കറികൾക്കു പുതുസസ്യങ്ങൾ

celery-oregano-leaf-vegetables സെലറി, ഒറിഗാനോ

നമ്മുടെ നാട്ടിൽ വളർത്താവുന്നതും പോഷകസമൃദ്ധവുമായ ഇലവർഗ പച്ചക്കറിയാണു സെലറി. തണുത്ത കാലാവസ്ഥയും ഈർപ്പവും ഇഷ്ടപ്പെടുന്ന ചെടി.

വിത്തുകൾ പാകിയാണു തൈകൾ ഉണ്ടാക്കുന്നത്. വിത്തുകൾ ചെറു ചൂടുവെള്ളത്തിൽ ഒരു രാത്രി മുക്കിവച്ചാൽ മുളയ്ക്കാനെടുക്കുന്ന സമയം കുറയ്ക്കാം. പറിച്ചുനടുന്നതിനു മുൻപു നന കുറയ്ക്കുകയും ദിവസവും രണ്ടു മണിക്കൂർ തുറസ്സായ പ്രദേശത്തു വയ്ക്കുകയും ചെയ്യുക. 30 സെ.മീ അകലത്തിൽ പറിച്ചുനടുക. വിത്ത് നേരിട്ടു പാകുകയാണെങ്കിൽ കാൽ ഇഞ്ച് താഴ്ത്തിപ്പാകണം. തൈകൾക്ക് 15 സെ.മീ ഉയരം ആകുമ്പോൾ ഒരടി അകലത്തിൽ ചെടികൾ നിർത്തി ബാക്കിയുള്ളവ പറിച്ചു മാറ്റുക. കടകളിൽനിന്നു സെലറി വാങ്ങി പുറമേയുള്ള ഇലകൾ ഉപയോഗിക്കാൻ എടുത്തശേഷം ഒരു നാമ്പോടു കൂടി തൈകൾ തണലത്തു വച്ചു പിടിപ്പിച്ചും പുതിയ തൈകൾ ഉണ്ടാക്കാം.

വളർച്ചക്കാലത്തുടനീളം ധാരാളം ജലം ആവശ്യമാണ്. ആവശ്യത്തിനു ജലം ലഭിച്ചില്ലെങ്കിൽ തണ്ടുകൾ ചെറുതാകും. ചെടിക്കു ചുറ്റും ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കണം. സെലറിയുടെ പുറം ഇലകൾ മണ്ണിൽ തൊടാതിരിക്കാൻ തണ്ടുകൾ അയച്ചു കെട്ടേണ്ടതാണ്.

വായിക്കാം ഇ - കർഷകശ്രീ

വളക്കൂറുള്ള മണ്ണിൽ സെലറി നന്നായി വളരും. ചാണകം, കമ്പോസ്റ്റ് എന്നിവ പത്തു ദിവസത്തിലൊരിക്കൽ നൽകണം. സെലറിയുടെ തണ്ടുകളാണ് ഉപയോഗിക്കുന്നത്. 20 സെ.മീ. പൊക്കം ആകുമ്പോൾ വിളവെടുക്കാം. അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തിൽ രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഇറച്ചിവിഭവങ്ങൾ, ഫ്രൈഡ് റൈസ്, സാല‍ഡ്, സൂപ്പ്, ന്യൂ‍ഡിൽസ് എന്നിവയ്ക്കൊപ്പം ചേർത്ത് ഇത് ഉപയോഗിക്കാം.

ബോക്ചോയ്

ചൈനീസ് കാബേജിന്റെ ഒരു ഇനമാണ്. എന്നാൽ ഇതിന്റെ ഇലകൾ കാബേജ്പോലെ ഉരുണ്ടു ചേരുകയില്ല. പോഷക സമൃദ്ധമായ ഇലവർഗമാണ്. വൈറ്റമിൻ എ, സി, കെ, ബി–6 എന്നിവയുടെ കലവറയും. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സോഡിയം എന്നിവയും അടങ്ങിയിരിക്കുന്നു. ബോക്ചോയിയിൽ ചെറിയ അളവിൽ കാൻസറിനെ പ്രതിരോധിക്കുന്ന ഗ്ലൂക്കോസിനോ ലൈറ്റ്സ് എന്ന ഘടകവുമുണ്ട്. വിത്തുകൾ വഴിയാണു വംശവർധന.

കറിവച്ചും സാൻഡ്‌വിച്ച്, സാലഡ്, സൂപ്പ്, ബര്‍ഗർ, ഇറച്ചി, പച്ചക്കറി വിഭവങ്ങൾ എന്നിവയിൽ ചേർത്തും ഉപയോഗിക്കാം.

ഒറിഗാനോ

പുതുതലമുറയുടെ ഇഷ്ടവിഭവങ്ങൾക്കു രുചിയും മണവും ഗുണവും നൽകാൻ ചേർക്കുന്നതാണ് ഒറിഗാനോ. പുതിനയുടെ കുടുംബമായ Lamiaceae–ലെ അംഗമാണ് ഒറിഗാനോ.

വിത്തുകൾ പാകിയും കമ്പുകൾ മുറിച്ചുനട്ടുമാണു വളര്‍ത്തുന്നത്. വിത്തുകൾ പാകി പറിച്ചു നടണം. വിത്തു പാകാൻ ഒരു ഭാഗം ചാണകപ്പൊടി, രണ്ടു ഭാഗം മണൽ, നാലു ഭാഗം മേൽമണ്ണ് എന്ന അനുപാതത്തിലാണു മിശ്രിതം തയാറാക്കേണ്ടത്. ചാണകത്തിനു പകരം കമ്പോസ്റ്റും മണലിനു പകരം പാകപ്പെടുത്തിയ ചകിരിച്ചോറും ഉപയോഗിക്കാം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ നനച്ച ശേഷമാണു വിത്തുകൾ പാകേണ്ടത്. വിത്തുകൾ പാകി രണ്ടിഞ്ച് നീളമാകുമ്പോൾ ഒരു ചട്ടിയിൽ ഒരു ചെടി വീതം നടാം. ഒറിഗാനോയുടെ വളർച്ചയ്ക്കു യോജ്യമായ പിഎച്ച് 6 മുതൽ 8 വരെയാണ്. 30 സെ.മീ അകലത്തിലാണു നടുന്നത്. വരണ്ട മണ്ണ്, നല്ല സൂര്യപ്രകാശം, വരണ്ട കാലാവസ്ഥ എന്നിവയാണ് യോജ്യമെങ്കിലും മറ്റു കാലാവസ്ഥകളിലും ഇതു വളരുന്നു. കാലാവസ്ഥ, സീസൺ, മണ്ണ് എന്നീ ഘടകങ്ങൾ എല്ലാം ഇതിന്റെ വാസനയുള്ള എണ്ണയുടെ ഗുണത്തെ ബാധിക്കുന്നു.

ഇറ്റലി, അമേരിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ ഔഷധഗുണമുള്ള ഭക്ഷണമൊരുക്കുന്നതിന് ഒറിഗാനോ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും ഗ്രിൽ ചെയ്തതുമായ പച്ചക്കറികൾ, ഇറച്ചി, മീൻ എന്നിവയില്‍ ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച ഇലകൾ ഗ്രീക്കുകാർ സാലഡിനു രുചിയേകാൻ ഉപയോഗിക്കുന്നു. ഇറച്ചി വറുക്കുമ്പോൾ ഒറിഗാനോ ഇലകൾ ചേർത്താൽ രുചി വര്‍ധിക്കും. ചുമ, ആസ്മ, ഉദര രോഗങ്ങൾ, തലവേദന, നെഞ്ചെരിച്ചിൽ, അലർജി, ജലദോഷം, സോറിയാസിസ്, പല്ലുവേദന എന്നിവയ്ക്കു പ്രതിവിധിയായും ഉപയോഗിക്കുന്നു.

ഒറിഗാനോ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം. ഉണക്കിയ ഇലകൾ നമ്മുടെ വിപണിയിൽ ലഭ്യമാണ്. പീത്സ, ബർഗർ, ഇറച്ചി, മീൻ, സോസ് എന്നിവയിൽ ഉപയോഗിച്ചുവരുന്നു. വീട്ടുവളപ്പുകളില്‍ ചട്ടികളിൽ ഒറിഗാനോ വളർത്തി ഇലകൾ പുതുമയോടെ, ഗുണമേന്മയോടെ കറികളിൽ ഉപയോഗിക്കാം.

കെയ്ൽ (ഇല കാബേജ്)

ബ്രാസിക്ക ഒലറേസി‌യയിൽ സസ്യകുടുംബത്തിലെ ഒരുകൂട്ടം പച്ചക്കറി ഇനങ്ങളാണ് കെയ്ൽ. ഇളം പച്ച, പച്ച, കടും പച്ച, വയലറ്റ് പച്ച, വയലറ്റ് ബ്രൗണ്‍ എന്നീ നിറങ്ങളിൽ കാണുന്നു. നടുക്കുള്ള ഇലകൾ കാബേജ്പോലെ ഉരുണ്ടുവരികയില്ല.

വിറ്റമിൻ എ, സി, കെ, ബി, ഇ, ഫോളേറ്റ്, മാംഗനീസ്, തയാമിൻ, റൈബോഫ്ളേവിൻ, പാന്തോതി നിക്കാസിഡ്, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. സാലഡ് ആയും വേവിച്ചും ഉപയോഗിക്കാറുള്ള കെയ്ൽ വിദേശ രാജ്യങ്ങളിൽ ബീഫിന്റെ കൂടെ ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇലകളുടെ അറ്റം ഭംഗിയായി ചുരുണ്ടിരിക്കുന്നു. കേർളി കെയ്ൽ വിദേശ രാജ്യങ്ങളിൽ മൂല്യവർധിത ഉൽപന്നമാക്കി മാറ്റുന്നു. ജപ്പാനിൽ കെയ്ൽ ജ്യൂസ് ഉപയോഗിച്ചുവരുന്നു. തണുപ്പു കാലാവസ്ഥയിൽ നമ്മുടെ നാട്ടിൽ വളർത്താം.

kale-parsley-leaf-vegetables കെയ്ൽ, പാഴ്സ്ലി

പാഴ്സ്ലി‌

പാഴ്സ്ലി രണ്ടു തരമുണ്ട്; ഇല പാഴ്സ്ലിയും വേരു പാഴ്സ്ലിയും. ഇല പാഴ്സ്ലിയിൽ ചുരുണ്ട ഇലയുള്ളതും പരന്ന ഇലയുള്ളതുമുണ്ട്. യൂറോപ്പിലും അമേരിക്കയിലും പാഴ്സ്ലി ധാരാളമായി ഉപയോഗിക്കുന്നു.

നമ്മുടെ നാട്ടിലും നന്നായി വളരും. നല്ല നീർവാര്‍ച്ചയും ഈർപ്പവും സൂര്യപ്രകാശവുമുള്ള, തുറസ്സായ സ്ഥലമാണ് യോജ്യം. വിത്തു പാകിയാണു തൈകൾ ഉണ്ടാക്കുന്നത്. വിത്തു കിളിർക്കാൻ ആറാഴ്ച വരെ എടുക്കും. ഇലകൾക്കായി 10 സെ.മീ. അകലത്തിലും വേരിന് 20 സെ.മീ അകലത്തിലുമാണു നടുന്നത്.

വേരു പാഴ്സ്ലി സൂപ്പിലും സ്റ്റ്യൂവിലും പച്ചയ്ക്കും ഉപയോഗിക്കാം. ചുരുണ്ട ഇല അരിഞ്ഞ് വിവിധ ഇറച്ചി, പച്ചക്കറി വിഭവങ്ങളുടെ മുകളിൽ വിതറി ഉപയോഗിക്കാം. പരന്ന ഇലയുള്ള പാഴ്സ്ലി അരിഞ്ഞ് ഉരുളക്കിഴങ്ങ്, ചോറ്, വറു‌ത്ത ഇറച്ചി, പച്ചക്കറി സ്റ്റ്യൂ എന്നിവയോടൊപ്പം ഉപയോഗിക്കാം.

പാഴ്സ്ലിയിൽ ആന്റി ഓക്സിഡന്റ്സ് പ്രത്യേകിച്ച് ലൂട്ടിയോളിൻ, അപിജിനിൻ, ഫോളിക് ആസിഡ്, വിറ്റമിൻ കെ, വിറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.

സൗഹൃദച്ചീര

സൗഹൃദച്ചീര, പ്രഷർ ചീര, ഷുഗർ ചീര, ലെറ്റൂസ് ട്രീ എന്നൊക്കെ അറിയപ്പെടുന്ന നിത്യഹരിത വൃക്ഷമാണ് സൗഹൃദച്ചീര. ശാസ്ത്രനാമം pisonia alba. പച്ചക്കറിയായും ഇറച്ചിയുടെ കൂടെ ചേർത്തും മീൻ പൊള്ളിക്കുന്നതിനും സാലഡ് ആയും ഉപയോഗിക്കാം.

ആൺചെടിയുടെ ഇലകൾ ഇരുണ്ട പച്ചനിറമായിരിക്കും. ഇളം പച്ച കലർന്ന മഞ്ഞനിറമാണു പെൺ ചെടികൾക്ക്. മൂന്നു മുതൽ അഞ്ചു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടി പൂന്തോട്ടങ്ങൾക്ക് അതിരായി വളർത്താം. ഇലകൾക്കും വേരുകൾക്കും ഔഷധഗുണമുണ്ട്. ഇലകൾ മന്തിനെതിരെയും പ്രമേഹത്തിനെതിരെയും ഉപയോഗിക്കുന്നു.

lettuce-tree-palak-leaf-vegetables സൗഹൃദച്ചീര, പാലക് ചീര

പാലക് ചീര

ഇന്ത്യൻ സ്പിനാഷ് എന്നും ഇതിനു പേരുണ്ട്. പോഷകസമൃദ്ധമായ ഈ ഇലക്കറിയിൽ വളരെയധികം വിറ്റമിൻ എ, വിറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു.

തണുത്ത കാലാവസ്ഥയാണ് ഇത് ഇഷ്ടപ്പെടുന്നത്. ശീതകാലങ്ങളിൽ പാലക്കിൽനിന്നു നീണ്ടകാലം വിളവെടുക്കാം. വേനലിൽ പെട്ടെന്നു പൂവിടും. ഒരു ഹെക്ടർ കൃഷി ചെയ്യുന്നതിനു 30 കിലോ വിത്തു വേണ്ടിവരും. ഇലകൾക്കു 15–30 സെ.മീ നീളമാകുമ്പോൾ വിളവെടുക്കാം. ഓരോ വിളവെടുപ്പിനുശേഷവും നൈട്രജൻ അടങ്ങിയ ജൈവവളം നൽകിയാൽ പല തവണ വിളവെടുക്കാം.

ഇലകൾ വാട്ടി അരച്ചാണു വിഭവങ്ങളിൽ ചേർക്കുന്നത്. പാലക് പനീർ, ദാൽ പാലക്, പാലക് കട്ലറ്റ് തുടങ്ങിയവ ഉണ്ടാക്കാം.

കാങ് കോങ് ചീര

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വളരുന്നതുകൊണ്ടും ഇലകൾക്കു വെള്ളകലർന്ന പച്ചനിറമായതുകൊണ്ടും ഇതു വെള്ളച്ചീര എന്ന് അറിയപ്പെടുന്നു. ഉരുളക്കിഴങ്ങിന്റെ ഇലകളോടു സാമ്യമുള്ളതിനാൽ വാട്ടർ കൺവോൾവുലസ് എന്നും പേരുണ്ട്.

ഇളം ഇലകളും തണ്ടുകളുമാണ് ഇലക്കറിയായി ഉപയോഗിക്കുന്നത്. വിറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ബീറ്റാ കരോട്ടിൻ, സാന്തോഫിൽ തുടങ്ങിയ കരോട്ടിനുകൾ ഇലകളിൽ ധാരാളം അടങ്ങിയിരിക്കുന്നു.

തണ്ടുകള്‍ മുറിച്ചുനട്ടോ വിത്തുകൾവഴിയോ വളർത്താം. നിലം നന്നായി കിളച്ച് ഒരുക്കി ചതുരശ്ര മീറ്ററിനു 2.5 കിലോ ജൈവവളം ചേര്‍ക്കാം. ചെറിയ കുഴികളെടുത്ത് 2–3 വിത്ത് വീതം നട്ട് ഒന്നരമാസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പു നടത്താം. 20 ദിവസത്തിലൊരിക്കൽ വിളവെടുക്കാം. കാലിത്തീറ്റയ്ക്കായി ഈ ചെടി ഉപയോഗിക്കാം. പൂമൊട്ടുകൾ വിരശല്യത്തിനെതിരെ ഫലപ്രദം.

kangkong-african-coriander-leaf-vegetables കാങ് കോങ് ചീര, ആഫ്രിക്കൻ മല്ലി

ആഫ്രിക്കൻ മല്ലി

തെക്കേ അമേരിക്കയാണ് ജന്മദേശം. ഇലകൾക്കു മല്ലിയിലയേക്കാൾ രൂക്ഷഗന്ധമാണ്. ഇലക്കൂട്ടത്തിന്റെ മധ്യത്തിൽനിന്നു പൂക്കുലത്തണ്ട് പുറപ്പെടുന്നു. ചെറിയ വെളുത്ത പൂക്കളുണ്ടാകുന്ന പൂങ്കുലകൾക്കു താഴെയായി ഒരു കൂട്ടം ബ്രാക്റ്റുകൾ കാണപ്പെടുന്നു. കുലകളിൽ ധാരാളം ചെറിയ തൈകൾ രൂപപ്പെടുന്നു. മണ്ണിലേക്കു ചെരിഞ്ഞുവീണു ധാരാളം തൈകൾ ഉൽപാദിപ്പിക്കും. ഭാഗികമായ തണൽ ആണ് ഇവ ഇഷ്ടപ്പെടുന്നത്. വെയിലത്തു വച്ചാൽ ഇവ വേഗം പൂക്കുകയും ഇലകൾക്കു സുഗന്ധം കുറയുകയും ചെയ്യും.

ഇലകൾ മല്ലിയിലയ്ക്കു പകരം കറികളിൽ ചേർക്കാം. വിറ്റമിൻ എ, കാൽസ്യം, ഇരുമ്പ്, റൈബോഫ്ളേവിൻ എന്നിവയുടെ നല്ല സ്രോതസ്സാണിവ. സമൂലം ചെടി ഇട്ടു തിളപ്പിച്ച വെള്ളം പനി, വയറിളക്കം, പ്രമേഹം, മലബന്ധം, ന്യൂമോണിയ, ഛർദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

വിലാസം: ഫാം ഇൻഫർമേഷൻ ബ്യൂറോ, കൊച്ചി.
ഫോൺ: 9633040030