Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെല്ലിക്കെട്ട് കാളകളുടെ കാവലൻ

karthikeya-sivasenapathy-kangayam-cattle-jallikattu കാർത്തികേയ ശിവസേനാപതി. ചിത്രം: മാത്യു ജോൺ, കരിമ്പ.

മുറ്റത്തൊരു കൊമ്പനാന നിന്നാലുള്ളതിലും വലിയ അഭിമാനമാണ് ലക്ഷണമൊത്ത കാളക്കൂറ്റനെ തൊടിയിൽ കെട്ടുമ്പോൾ തമിഴ് കർഷകനുള്ളത്. കാങ്കയം കുട്ടപ്പാളയത്തെ സേനാപതി തറവാട്ടിനു മുന്നിൽ രാജകീയപ്രൗഢിയോടെ അവൻ വിലസുന്നതിനു കാരണവും മറ്റൊന്നല്ല. വിത്തുകാളയെ പോറ്റുന്നത് മലയാളിക്ക് അപമാനകരമായിരിക്കാം. പക്ഷേ കുട്ടപ്പാളയത്തെ ഈ ഗൗണ്ടർ കുടുംബത്തിന്റെ മൂന്നു വിത്തുകാളകളും നാടൻഇനങ്ങളോട് അവർക്കുള്ള പ്രതിബദ്ധതയുടെ പ്രതീകം മാത്രം. വംശശുദ്ധിയോടെ കാങ്കയം ഇനത്തെ സംരക്ഷിക്കാനുള്ള യത്നത്തിനു നേതൃത്വം നൽകുകയാണ് സേനാപതി തറവാട്ടിലെ കാർത്തികേയയും അച്ഛൻ സ്വാമിനാഥനും.

swaminathan-kangayam-cattle-jallikattu കോറങ്ങാട്ടിലെ കാങ്കയം പശുക്കൾക്കൊപ്പം സ്വാമിനാഥൻ. ചിത്രം: മാത്യു ജോൺ, കരിമ്പ.

രാഷ്ട്രീയക്കാരിലും സിനിമക്കാരിലും മാത്രം നായകരെ കണ്ടെത്തിയിരുന്ന തമിഴർക്കു ജെല്ലിക്കെട്ടു സമരത്തിൽ ഒരു കൃഷിക്കാരനെ ഹീറോയായി കിട്ടി– കാർത്തികേയ ശിവസേനാപതി. തമിഴ്നാട്ടിൽ ഇപ്പോൾ ഈ യുവകർഷകനു താരപരിവേഷമാണ്. സ്കൂളുകളിലും കോളജുകളിലും സ്വീകരണം, സെമിനാറുകളിൽ പ്രഭാഷകൻ. സമൂഹമാധ്യമങ്ങളിൽ ആരാധകർ, ലോകമെമ്പാടുമുള്ള തമിഴ്മക്കൾക്ക് അവരുടെ കാർഷിക പാരമ്പര്യത്തിന്റെ കാവൽക്കാരൻ. നൂറുകണക്കിന് ഏക്കർ ഭൂമിയുടെ ഉടമയാണെങ്കിലും കാർത്തികേയനു കൃഷി നോക്കാൻ നേരമില്ല. കുട്ടപ്പാളയത്തെ സേനാപതി തറവാടിനോടു ചേർന്നു പ്രവർത്തിക്കുന്ന കാങ്കയം കാറ്റിൽ റിസർച്ച്‌ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയെന്ന നിലയിൽ നാടൻ കാലി ഇനങ്ങളുടെ, വിശേഷിച്ച് കാങ്കയം കാളകളുടെ സംരക്ഷണത്തിനുവേണ്ടി വർഷങ്ങളായി പ്രവർത്തിച്ചുവരികയാണ്. വീടിനോടു ചേർന്ന് രണ്ട് കാങ്കയം കാളകളെയും മുപ്പതിലധികം പശുക്കളെയും വളർത്തുന്ന ഫൗണ്ടേഷന്‍ ആശയപ്രചരണത്തിനും ബോധവല്‍ക്കരണത്തിനും തുല്യപ്രാധാന്യം നൽകിവരുന്നു.

വായിക്കാം ഇ - കർഷകശ്രീ

ചെന്നൈ മറീനാബീച്ചില്‍ തടിച്ചുകൂടിയ ചെറുപ്പക്കാർക്ക് ആശയവും അറിവും പകർന്ന കാർത്തികേയൻ സമരത്തിന്റെ മുന്നിലും പിന്നിലുമൊക്കെ പലർക്കുമൊപ്പം സജീവമായിരുന്നു. സമരക്കാർക്കുവേണ്ടി കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയതും ജന്തുക്ഷേമ ബോർഡിന്റെയും പീറ്റയുടെയും (PETA- Peoples for Ethical Treatment of Animals) പ്രവർത്തനങ്ങളെ വിമർശിക്കുന്നതിലുമൊക്കെ ഇദ്ദേഹം കാണിച്ച സാമർഥ്യമാണ് സമരത്തെ വിജയത്തിലെത്തിച്ചത്. പതിനായിരക്കണക്കിനു യുവജനങ്ങൾ സമരത്തിൽ പങ്കാളികളായതു നാലു വർഷമായി ഇദ്ദേഹം നടത്തിവരുന്ന ആശയപ്രചരണത്തിന്റെ കൂടി നേട്ടമായിരുന്നു. തമിഴ്നാട്ടിലെ 170 കാമ്പസുകളിൽ കാർത്തികേയയും അദ്ദേഹത്തിന്റെ സേനാപതി കാങ്കയം കാറ്റിൽ റിസർച്ച് ഫൗണ്ടേഷനും വിതച്ച ആശയങ്ങളാണ് മറീനയിൽ പൂവിട്ടത്. കാർഷികസംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ നിലനിൽപിൽ നാടൻജനുസുകൾക്കുള്ള പ്രസക്തിയെക്കുറിച്ചുമൊക്കെ കോളജുകൾതോറും പ്രസംഗിച്ച കാർത്തികേയന്റെ ഭഗീരഥയത്നത്തിനുള്ള അംഗീകാരം കൂടിയായിരുന്നു മറീനയിലെ വിദ്യാർഥിസംഗമം. അവസാനഘട്ടത്തിൽ പിരിഞ്ഞുപോകാൻ മടിച്ച യുവാക്കളെ സമരം അവസാനിപ്പിക്കുന്നതിനും കാർത്തികേയ നേരിട്ട് വേദിയിലെത്തി പ്രസംഗിക്കേണ്ടിവന്നു.

നാടൻ ഇനങ്ങളുടെ മുന്നണിപ്പോരാളിയെന്ന നിലയിൽ സമൂഹമാധ്യമങ്ങളിലും സെമിനാറുകളിലുമൊക്കെ സജീവമായ കാർത്തികേയ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണവും ഏറെ ഫലപ്രദമായി. ഇതേത്തുടർന്ന് 79 വിദേശരാജ്യങ്ങളിൽ ജെല്ലിക്കെട്ടുപ്രേമികളുടെ അസോസിയേഷനു ചാപ്റ്ററുകളുണ്ടായി. ജെല്ലിക്കെട്ടുനിരോധനത്തെ തുടർന്ന് 2013ൽ മറീന ബീച്ചിൽ പതിനഞ്ചോളം പേർ നടത്തിയ പ്രതിഷേധപ്രകടനം നാലു വര്‍ഷം പിന്നിട്ടപ്പോള്‍ നഗര–കച്ചവട സംസ്കാരത്തിനെതിരേ ഗ്രാമീണ– കാർഷിക സംസ്കാരം നേടിയ വിജയമായി മാറിയത് അങ്ങനെയാണ്. ചെന്നൈയിൽ പ്രഫഷണലായി പ്രവർത്തിക്കുന്നതിനൊപ്പം കാളയെ വളർത്തുകയും ചെയ്യുന്ന ഹിമകിരൺ അലഗുല, തമിഴ്നാട് ജെല്ലിക്കെട്ട് ഫെഡറേഷൻ പ്രസിഡന്റ് പി. രാജശേഖരൻ, കോയമ്പത്തൂരിൽ ബിസിനസ് നടത്തുന്ന ബാലകുമാർ സോമു എന്നിവരും ഈ മുന്നേറ്റത്തിനു നേതൃത്വം നൽകി. പ്രശസ്ത തമിഴ് ഗായകൻ ഹിപ്ഹോപ് ആദിയുടെ പാട്ടുകൾ സമരക്കാർക്ക് ആവേശമായി.

വിദേശജനുസുകളെ ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി പാശ്ചാത്യലോബി നടത്തുന്ന ശ്രമങ്ങളാണ് ജെല്ലിക്കെട്ട് പോലുള്ള ഗ്രാമീണവിനോദങ്ങള്‍ക്കെതിരേയുള്ള പ്രചരണങ്ങൾക്കു പിന്നിലെന്നു ജെല്ലിക്കെട്ട് പ്രേമികൾ ആരോപിക്കുന്നു. ഇന്ത്യൻ ജനുസുകളുടെ പാൽ കൂടുതൽ ആരോഗ്യപ്രദമാണെന്ന വസ്തുത നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക്സ് റിസർച്ച്, നാഷണൽ ഡയറി റിസർച്ച് സെന്റർ, നാഷണൽ ഡെയറി ഡവലപ്മെന്റ് ബോർഡ് തുടങ്ങി ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങൾ അംഗീകരിച്ചുകഴിഞ്ഞെന്ന് കാർത്തികേയ അവകാശപ്പെട്ടു. വിദേശരാജ്യങ്ങളിൽ ഇതു സംബന്ധമായി ഒട്ടേറെ പഠനങ്ങൾ‌ നടന്നിട്ടുണ്ട്. എന്നാൽ വിദേശജനുസുകളെ ഉൽപാദിപ്പിക്കുന്ന കമ്പനികൾ വിവിധ മാർഗങ്ങളിലൂടെ തദ്ദേശ ഇനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിനായി വിവിധ ജന്തുക്ഷേമ പ്രസ്ഥാനങ്ങൾക്ക് അവർ വൻതോതിൽ ഫണ്ട് നൽകുന്നു. ട്രാക്ടർ ലോബിയും നാടൻ കാലിവർഗങ്ങളെ ഇല്ലാതാക്കാൻ താൽപര്യമെടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

താരതമ്യേന പാലുൽപാദനം കുറവായ നാടൻ ജനുസുകളെ വളർത്താനും സംരക്ഷിക്കാനും ഗ്രാമീണ കർഷകരെ പ്രേരിപ്പിക്കുന്നത് ജെല്ലിക്കെട്ടു പോലുള്ള വിനോദങ്ങളാണ്. ലക്ഷണമൊത്ത കാങ്കയം കാളകൾക്ക് ഇപ്പോൾ ഒന്നരലക്ഷം രൂപയിലധികം വില കിട്ടുന്നതും ഈ കാർഷികസംസ്കാരത്തിന്റെ ഭാഗമായാണ്. പാലിനുവേണ്ടി മാത്രം പശുവിനെ വളർത്തിയാൽ മതിയെന്നു വരുന്നത് നാടൻ ഇനങ്ങളെ ഉപേക്ഷിക്കാൻ കൃഷിക്കാരെ നിർബന്ധിതമാക്കും. പശുക്കളെയും കാളകളെയും കുടുംബാംഗങ്ങളെപ്പോലെ കരുതി പോറ്റിവളർത്തുന്ന ഗ്രാമീണസ്ത്രീകളെയും കൃഷിക്കാരെയും ജന്തുവിരോധികളാക്കുന്നത് ദന്തഗോപുരങ്ങളിലിരുന്നു പ്രസംഗിക്കുന്നവർ മാത്രമാണ്– കാർത്തികേയ പറഞ്ഞു.

വരണ്ടുണങ്ങിയ തിരുപ്പൂർ ജില്ലയിൽ ഇത്തിരിയെങ്കിലും പച്ചപ്പ് കണ്ട ഗ്രാമമായിരുന്നു കുട്ടപ്പാളയം. കൊറങ്ങാട് എന്നറിയപ്പെടുന്ന മേച്ചില്‍ സ്ഥലങ്ങളാണേറെയും. കൊറങ്ങാടുകൾ കേന്ദ്രീകരിച്ചുള്ള കാലിവളർത്തൽ ഈ മേഖലയുടെ പാരമ്പര്യ കൃഷിരീതിയാണെന്നു കാർത്തികേയയുടെ അച്ഛൻ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. വേലി കെട്ടി സംരക്ഷിക്കുന്ന ഈ മേച്ചിൽ സ്ഥലങ്ങളിലാണ് കാങ്കയം കാലികൾ വളരുന്നത്. കൊറങ്ങാടുകളിലെ കുറ്റിച്ചെടികൾ തിന്നും പരിമിതമായ ജലം കുടിച്ചും വളരുന്ന ഈയിനത്തിന്റെ അതിജീവനശേഷി അസാമാന്യമാണ്. പ്രതികൂല കാലാവസ്ഥയിലും വളരുന്ന നാടൻ ജനുസുകളെ ഉപേക്ഷിച്ചാൽ കൊറങ്ങാടുകൾ വേണ്ടെന്നാവും. വേനൽ കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന ഈ ഗ്രാമത്തിൽ ഇപ്പോൾ കാലികൾക്കു തീറ്റയായി നൽകുന്നത് ഉണങ്ങിയ കരിമ്പിന്റെ ഓലകൾ മാത്രം. അതും പരിമിതമായി.

കാളകൾ താരതമ്യേന ഭാഗ്യവാന്മാരാണ്. വിത്തുകാളകളായി ഉപയോഗിക്കപ്പെടുന്ന ഇവയ്ക്ക് മെച്ചപ്പെട്ട പരിചരണവും ഭക്ഷണവും കിട്ടും. മക്കൾക്കു ഭക്ഷണം നൽകുന്നതിനു ചെലവാക്കുന്നതിലേറെ തുക കാളകളുടെ ആഹാരത്തിനായി ചെലവഴിക്കുന്ന തമിഴ് കർഷകരെ മഹാനഗരങ്ങളിലെ സന്നദ്ധപ്രസ്ഥാനങ്ങൾ ജന്തുസ്നേഹം പഠിപ്പിക്കാൻ ശ്രമിക്കരുത്. ഏതാനും മിനിറ്റുകൾ മാത്രം നീളുന്ന ജെല്ലിക്കെട്ടിൽ മൃഗങ്ങൾക്ക് പീഡനമുണ്ടാകുന്നില്ല അഥവാ എവിടെയെങ്കിലും ക്രൂരത നടക്കുന്നെങ്കിൽ നിയമം മൂലം നിയന്ത്രിക്കാം. വർഷം മുഴുവൻ കൃഷിക്കാർ കാലികൾക്കു നൽകുന്ന വാത്സല്യം കാണാതെയാണ് ഏതാനും മീറ്റർ ദൂരം ഓടുന്ന കാളയെ പിടിച്ചുനിർത്താനുള്ള ശ്രമത്തെ ക്രൂരതയായി ചിത്രീകരിക്കുന്നത്. മൂന്ന് സെക്കൻഡ് നേരത്തേയ്ക്ക് മാത്രമാണ് അവയെ പിടിച്ചു നിര്‍ത്തേണ്ടത്. ജെല്ലിക്കെട്ട് കാളപ്പോരല്ലെന്നു മനസ്സിലാക്കണം–കാർത്തികേയ പറഞ്ഞു.

kangayam-cattle-jallikattu-bull കാങ്കയം കാള. ചിത്രം: മാത്യു ജോൺ, കരിമ്പ.

കാങ്കയം കാളകളെ ജെല്ലിക്കെട്ടിനു ചുരുക്കമായേ ഉപയോഗിക്കാറുള്ളൂ. എങ്കിലും നാടൻ ജനുസുകളുടെ സംരക്ഷണത്തിലുള്ള പൊതുവായ താൽപര്യം മൂലമാണ് കാർത്തികേയ പ്രക്ഷോഭത്തിൽ പങ്കാളിയായത്. സാധാരണക്കാരായ കൃഷിക്കാർക്ക് കാളക്കൂറ്റന്മാരെ പോറ്റാനാവില്ലെന്ന ആരോപണവും അദ്ദേഹം ഖണ്ഡിച്ചു. ഒരു കാളയെ പോറ്റാൻ പ്രതിദിനം 500–1000 രൂപ വേണ്ടിവന്നേക്കാം. എന്നാൽ നാടൻ ഇനങ്ങളുടെ പാലിനു മാത്രമല്ല ചാണകത്തിനും ആവശ്യക്കാരേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയുടെ പാലിനു വില കൂടുതൽ കിട്ടും. ജീവാമൃതവും അമൃതകലശലും പഞ്ചഗവ്യവുമൊക്കെയുണ്ടാക്കി വരുമാനം നേടാം. മാറിയ സാഹചര്യത്തിൽ ആദായകരമായി നാടൻ ഇനങ്ങളെ കൃഷിക്കാർക്ക് വളർത്താനാവുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കാലാവസ്ഥാമാറ്റത്തിന്റെ കെടുതികൾ അതിജീവിക്കാൻ നാടൻ ജനുസുകൾക്കുള്ള ശേഷിയും ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിൽ ഏറെ മതിപ്പ് പ്രകടിപ്പിച്ച കാർത്തികേയ, ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയതലത്തിൽ കൂട്ടായ്മയുണ്ടാവേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഫോൺ: 07373026456