Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാങ്കേയം കാളയുടെ ഉശിര് ജെല്ലിക്കെട്ടിന്റെ ഉയിര്

kangeyam-bull കാങ്കേയം കാള

വീര്യം തുടിക്കുന്ന മുഖം, ലക്ഷണമൊത്ത കൊമ്പുകൾ, കരുത്തുറ്റ പേശികൾ, ഉയർന്നു നിൽക്കുന്ന മുതുക്; ഉശിരു കാട്ടാൻ കാങ്കേയം കാളയില്ലെങ്കിൽ തമിഴകത്തിൽ ജെല്ലിക്കെട്ടുമുണ്ടാകില്ല. തമിഴകത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ ജെല്ലിക്കെട്ടിന്റെ ആത്മാവാണു കാങ്കേയം കാളകൾ. ആയിരം വർഷം മുൻപു തന്നെ നിലവിലുളള കന്നുകാലി ഇനമാണിത്. കാങ്കേയം കാളകൾ കരുത്തിന്റെ പ്രതീകമാണെങ്കിൽ കാങ്കേയം പശുക്കൾ ഗുണമേന്മയുളള പാലിന്റെ പേരിലാണ് അറിയപ്പെടുന്നത്.

തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ കാങ്കേയം എന്ന സ്ഥലത്തു നിന്നുളള ഇനം എന്ന നിലയിലാണ് ഈ പേരുവന്നത്. ജെല്ലിക്കെട്ടിന്റെ ആരംഭം മുതൽ കാങ്കേയം കാളകളെയാണ് ഉപയോഗിക്കുന്നത്. വാടിവാസിലിൽ നിന്നു കൊമ്പുകുലുക്കി കുതിക്കുന്ന കാങ്കേയം കാളകളെ പിടിച്ചു നിർത്തുക അത്ര എളുപ്പമല്ല. വർഷങ്ങളുടെ പരിശീലനവും പരിചയവുമുളള ജെല്ലിക്കെട്ട് വീരന്മാർക്ക് മാത്രമായിരിക്കും ഇതിനു സാധിക്കുക, അതും വളരെ കുറച്ചു പേർക്കു മാത്രം.

പ്രത്യേക ഭക്ഷണക്രമവും പരിശീലനവുമൊക്കെ നൽകിയാണു ജെല്ലിക്കെട്ടിനായി കാങ്കേയം കാളകളെ ഒരുക്കുന്നത്.

ഇവയുടെ ഉശിരിനു കാരണം ജനിതകമായ പ്രത്യേകത തന്നെയാണ്. കാളവണ്ടിയോട്ട മൽസരങ്ങളിലും ഇവയെ ഉപയോഗിക്കാറുണ്ട്. കാങ്കേയത്തിന് സമീപമുളള കണ്ണപുരത്ത് എല്ലാ കൊല്ലവും ഏപ്രിലിൽ നടക്കുന്ന കന്നുകാലി മേളയിലാണു ജെല്ലിക്കെട്ടു കാളകളുടെ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നത്.

ലക്ഷണമൊത്ത കാങ്കേയം കാളകളെ കിട്ടാൻ ഒന്നര ലക്ഷം രൂപ വരെ നൽകേണ്ടി വരും. ജെല്ലിക്കെട്ട് മൽസരങ്ങളുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ 15 വർഷത്തിനുളളിൽ ഇവിടെ വിൽപനയിലും വലിയ കുറവുണ്ടായിട്ടുണ്ട്. മുൻപ് ഒരു ലക്ഷം കാളകളുടെ വിൽപന നടന്ന സ്ഥാനത്ത് കഴിഞ്ഞ ചില വർഷങ്ങളായി ഇത് പതിനായിരത്തോളമായി കുറഞ്ഞു.

ജെല്ലിക്കെട്ട് നിരോധനം കൂടി വന്നതോടെ ഈ കാളകൾ വംശനാശ ഭീഷണിയും നേരിടുകയാണെന്നു പാളയംകോട്ടയിൽ പ്രവർത്തിക്കുന്ന സേനാപതി കാങ്കേയം കന്നുകാലി ഗവേഷണ കേന്ദ്രം മാനേജിങ് ട്രസ്റ്റി കാർത്തികേയ ശിവസേനാപതി പറയുന്നു. 2000ൽ സംസ്ഥാനത്താകെ 12 ലക്ഷത്തോളം കാങ്കേയം കാളകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടു ലക്ഷമായി കുറഞ്ഞിട്ടുണ്ട്.