Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സെന്റിൽ മത്സ്യ വിസ്മയം

arundas-near-fish-pond ഒരു സെന്റ് ഭൂമിയിൽ മൽസ്യ കൃഷി നടത്തുന്ന പെരിഞ്ചേരിയിലെ കുളത്തിനരികിൽ അരുൺദാസ്.

ഒരു സെന്റ് ഭൂമിയിൽ നിന്ന് ആറ് മാസം കൂടുമ്പോൾ രണ്ട് ലക്ഷം രൂപ ആദായമുണ്ടാക്കാവുന്ന മൽസ്യ പച്ചക്കറി സംയോജിത കൃഷിയിൽ വിജയം കൈവരിച്ച് പെരിഞ്ചേരിയിൽ നിന്ന് ഒരു യുവാവ്. സ്വന്തം പുരയിടത്തിലെ കുളത്തിൽ നിന്ന് നാലാം തവണ മൽസ്യ വിളവെടുപ്പിന് ഒരുങ്ങുകയാണ് തൃശൂർ പെരിഞ്ചേരി തച്ചന്ത്ര വീട്ടിൽ അരുൺദാസ്. വിദേശ രാജ്യങ്ങളിൽ ഒട്ടേറെ പരീക്ഷണങ്ങൾക്ക് ശേഷം വിജയം കൈവരിച്ച അക്വാപോണിക്സ് കൃഷിരീതിയാണ് അരുൺ പ്രാവർത്തികമാക്കിയത്. കരിമീനിന് തുല്യമായ ഗിഫ്റ്റ് തിലോപ്പിയ എന്ന മീനാണ് ഇവിടെ വളർത്തി വലുതാക്കുന്നത്. ആദ്യ തവണ ഒന്നേകാൽ ലക്ഷം രൂപ ചെലവിട്ടാണ് അരുൺ കുളം ഒരുക്കിയത്. പിന്നീട് മീനിന്റെ തീറ്റയ്ക്ക് വേണ്ടി പതിനായിരം രൂപ കൂടി ചെലവാക്കി.

ആറ് മാസം കഴിഞ്ഞപ്പോൾ രണ്ട് ലക്ഷം രൂപയ്ക്കുള്ള മീൻ വിറ്റ് പോയെന്ന് അരുൺ പറയുന്നു. ഇപ്പോൾ ആറ് മാസം കൂടുമ്പോൾ കുളം ശുദ്ധീകരിക്കുന്നതിനും മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനും തീറ്റയ്ക്കുമായി നാല്പതിനായിരം രൂപ മാത്രമാണ് ചെലവിടുന്നത്. പ്രതിരോധ ശേഷി ഏറിയതും വളർച്ചത്തോത് കൂടിയതുമായ ഗിഫ്റ്റ് തിലോപ്പിയ കൃഷി ലാഭകരമാണെന്നാണ് അരുണിന്റെ അനുഭവ സാക്ഷ്യം. ഒരു സെന്റ് ഭൂമിയിൽ പകുതി ഭാഗം മീൻ വളർത്തുന്നതിനും പകുതിഭാഗം പച്ചക്കറി കൃഷിക്കുമാണ് ഉപയോഗിക്കുന്നത്. പച്ചക്കറിക്ക് മണ്ണിന് പകരം മെറ്റലാണ് ഉപയോഗിക്കുന്നത്. മാത്രമല്ല പച്ചക്കറി തൈകൾക്ക് വളം നൽകാറില്ല. പകരം കുളത്തിൽ അടിയുന്ന മൽസ്യ വിസർജ്യം മോട്ടോറും പൈപ്പുകളും ഉപയോഗിച്ച് ദ്രാവകരൂപത്തിൽ പച്ചക്കറി തൈകൾക്കരികത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മൽസ്യ കൃഷിയോടൊപ്പം  വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും കണ്ടെത്താൻ സാധിക്കും. മൽസ്യ വിസർജ്യം ഉപയോഗിച്ച് മറ്റ് വളങ്ങളേക്കാൾ വേഗത്തിലാണ് പച്ചക്കറി തൈകൾ വളരുന്നതെന്നും അരുൺ പറയുന്നു. ഒരു സെന്റിൽ രണ്ടായിരം മൽസ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. മാർക്കറ്റിൽ നിന്ന് ലഭ്യമായി ഗുളിക രൂപത്തിലുള്ള പ്രോട്ടീൻ ഭക്ഷണമാണ് മീനിന് നൽകുക. വിളവെടുപ്പ് സമയമാകുമ്പോൾ കുളത്തിനരികിലെത്തി കരാർ അടിസ്ഥാനത്തിൽ മീൻ വാങ്ങുന്നതിനും ആളെത്തുമെന്ന് അരുൺ പറയുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മോട്ടോർ ആവശ്യമാണെങ്കിലും മാസം 300 രൂപ മാത്രമേ ഈയിനത്തിൽ വൈദ്യുതിക്ക് ചെലവ് വരികയുള്ളൂവെന്നും അരുൺ പറയുന്നു.

ഫോൺ: 7559917280.