Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതേൻ; ചെറുതല്ല ഗുണം

honey-bee-in-flower Representative image

ചെറുതേനീച്ചക്കൂടു തേടി അധികം അലയേണ്ടി വരില്ല. വീടിന്റെ പരിസരത്തൊന്നു കണ്ണോടിച്ചുനോക്കൂ. മതിലിലും മരങ്ങളിലും വീടിന്റെ തറയിലും ചുവരിലെ വിള്ളലുകളിലും വൈദ്യുതി മീറ്റർ ബോര്‍ഡ്, സ്വിച്ച് ബോർഡ്, പൈപ്പ്, പഴയ ഷെഡിലെ മുള–കമുക്, അടുക്കിവച്ച ഓട്, എസി, ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയിലെല്ലാം ചെറുതേനീച്ചക്കോളനി കാണാം.

ഈ കോളനികളെ കൃത്രിമമായി സാഹചര്യം ഒരുക്കിക്കൊടുത്ത് വളർത്തിയെടുക്കണം. പിന്നീട് ഇവയെ ശ്രദ്ധയോടുകൂടി കൃത്രിമക്കൂട്ടിലേക്കു മാറ്റണം. നിശ്ചിത സമയത്ത് പല കോളനികളായി വേർതിരിക്കാം. ഇനി കൃഷി തുടങ്ങാം.

വളർത്താൻ പല മാർഗങ്ങൾ

ചെറുതേനീച്ചക്കോളനി അടർത്തിമാറ്റാവുന്ന സ്ഥലത്താണെങ്കിൽ ആദ്യം ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴൽ ശ്രദ്ധിച്ച് കേടുവരാതെ എടുത്തു മാറ്റിവയ്ക്കണം. കോളനി ശ്രദ്ധിച്ചു പൊളിക്കുക. പുതിയ കൂട്ടിലേക്ക് (മരത്തിന്റെ പെട്ടി, മുളങ്കൂട്, മൺകലം) മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക.

റാണി ഈച്ചയെ കിട്ടുകയാണെങ്കിൽ കൈകൊണ്ട് തൊടാതെ ചെറിയ പ്ലാസ്റ്റിക് കൂടോ കടലാസോ ഉപയോഗിച്ച് പിടിച്ച് പുതിയ കൂട്ടിൽവയ്ക്കുക. പുതിയ കൂടിന്റെ ദ്വാരത്തിൽ അടർത്തിമാറ്റിവച്ച പശിമയുള്ള പ്രവേശനക്കുഴൽ ഒട്ടിക്കുക. സന്ധ്യയായാൽ യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

മൺകലംകൊണ്ട് കെണിക്കൂട്

പൊളിക്കാൻ കഴിയാത്ത സ്ഥലത്താണെങ്കിൽ കെണിക്കൂടു വേണ്ടിവരും. പ്രവേശനക്കുഴൽ അടർത്തിയെടുത്തു മാറ്റിവയ്ക്കുക. ഒരടി ഉയരമുള്ള മൺകലമെടുത്ത് അടിയിൽ ആണികൊണ്ട് ചെറിയ ദ്വാരമിടുക. പ്രവേശനദ്വാരം നടുക്കുവരുന്ന രീതിയിൽ മൺകലം ഭിത്തിയോടോ തറയോടോ ചേർത്തുവയ്ക്കുക. മൺകലത്തിന്റെ അരിക് മണ്ണോ പ്ലാസ്റ്റർ ഓഫ് പാരീസോ ഉപയോഗിച്ച് അടയ്ക്കുക. മൺകലത്തിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മാത്രമേ ഈച്ച അകത്തേക്കും പുറത്തേക്കും പോകാൻ പാടുള്ളൂ. ഇളക്കാതെ ആറു മാസത്തിനുശേഷം കലത്തിനുള്ളില്‍ റാണി, മുട്ട, പൂമ്പൊടി, തേനറ എന്നിവ ഉണ്ടെങ്കിൽ സന്ധ്യാസമയത്ത് മൺകലം ഇളക്കിയെടുത്ത് വായ്ഭാഗം പലകകൊണ്ട് അടച്ച് യോജ്യമായ സ്ഥലത്ത് മാറ്റിവയ്ക്കാം.

ട്യൂബ് വഴിയുള്ള കെണിക്കൂട്

മണ്‍കലം വയ്ക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ അങ്ങനെയുള്ള സ്ഥലത്ത് ട്യൂബ് വഴി കെണിക്കൂടു വയ്ക്കേണ്ടിവരും. കൂടിന്റെ പ്രവേശനദ്വാരം അടർത്തിമാറ്റിവയ്ക്കുക. ആ ദ്വാരത്തിൽ ഒരു ഫണൽ (നാളം) അല്ലെങ്കിൽ സുതാര്യമായ പ്ലാസ്റ്റിക് പൈപ്പ് (5 ഇഞ്ച്) ഘടിപ്പിക്കുക. രണ്ടു ദിവസം ഈച്ച ഈ ഫണലിലൂടെ മാത്രമേ പുറത്തുപോകാൻ പാടുള്ളൂ. രണ്ടു ദിവസം കഴിഞ്ഞ് 14–15 ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും മുക്കാൽ ഇഞ്ച് കനവുമുള്ള മരത്തിന്റെ കൂടുണ്ടാക്കി രണ്ടു വശങ്ങളിലും ഓരോ ദ്വാരമിടുക. ഒന്നര അടി നീളവും അര ഇഞ്ച് വണ്ണവുമുള്ള പ്ലാസ്റ്റിക് ട്യൂബെടുത്ത് ഒരറ്റം ഫണലിന്റെ വാൽ അല്ലെങ്കിൽ പ്ലാസ്റ്റിക് പൈപ്പിൽ ഘടിപ്പിക്കുക. പ്ലാസ്റ്റിക് ട്യൂബിന്റെ മറ്റേ അറ്റം കൂട്ടിലെ ദ്വാരത്തിൽ രണ്ടിഞ്ച് ഉള്ളിലേക്കു തള്ളിവയ്ക്കുക.

ഈച്ച ഈ പ്രവേശനക്കുഴലിലൂടെ മരത്തിന്റെ കൂട്ടിലേക്ക് കയറി പ്ലാസ്റ്റിക് ട്യൂബിലൂടെ ഭിത്തിയിലേക്കോ തറയിലേക്കോ പ്രവേശിക്കും. കൂടിന്റെ മുകളിൽ വെയിലും മഴയുമേൽക്കാതെ ഓടോ, ഷീറ്റോ വച്ച് മറച്ചുവയ്ക്കണം. ആറുമാസം കഴിഞ്ഞ് പെട്ടിയിൽ റാണി, മുട്ട, പൂമ്പൊടി, തേനറ എന്നിവ ഉണ്ടെങ്കിൽ സന്ധ്യാസമയത്ത് ട്യൂബ് പെട്ടിയിൽനിന്നു വേർപെടുത്തി ആ ദ്വാരം അടച്ചശേഷം യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

honey-bee Representative image

കോളനി വിഭജനം

നവംബർ, ഡിസംബർ മാസങ്ങളിലാണ് വിഭജനത്തിന് ഏറ്റവും യോജ്യം. വർഷത്തിൽ ഒന്നോ രണ്ടോ തവണ വിഭജിച്ച് കോളനികളുടെ എണ്ണം വർധിപ്പിക്കാം.

ഇതിനായി നല്ല അംഗബലമുള്ള കൂടെടുക്കണം. രണ്ടു ലീറ്ററിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിൽ നിറയെ ദ്വാരമിടുക. വിഭജിക്കാൻ ഉദ്ദേശിക്കുന്ന കൂടിന്റെ പ്രവേശനദ്വാരത്തിൽ ഈ കുപ്പി ചേർത്തുവയ്ക്കുക. കൂടിന്റെ അരികിൽ ചെറുതായി കല്ലുകൊണ്ടോ വടികൊണ്ടോ തട്ടുക. പറക്കാൻ കഴിയുന്ന ഈച്ചകളെല്ലാം ഈ കുപ്പിയിൽ കയറും. പിന്നീട് കൂടുതുറന്ന് അതിലെ മെഴുക് എടുത്ത് പുതിയ കൂട്ടിലെ പ്രവേശനദ്വാരമൊഴികെയുള്ള വിടവുകൾ അടയ്ക്കണം. പഴയ കൂട്ടിലെ റാണിസെൽ (പുതിയ റാണി വിരിയാനുള്ള മുട്ട) ഉൾപ്പെടെയുള്ള രണ്ടു നിറങ്ങളിലുള്ള പാതി മുട്ടയും കുറച്ചു പൂമ്പൊടിയും തേനറയും പുതിയ കൂട്ടിലേക്ക് മാറ്റണം.

വമ്പനാണ് ഈ ഇത്തിരിക്കുഞ്ഞൻ

∙ വില കിലോഗ്രാമിന് 2000 രൂപയോളം
∙ പൂക്കളിൽനിന്നു മാത്രമല്ല; ഔഷധസസ്യങ്ങളിലെ ചെറിയ പുഷ്പങ്ങളിൽ നിന്നുപോലും തേൻ ശേഖരിക്കും.
∙ ചുമ, ജലദോഷം, അൾസർ, വയറിളക്കം, കഫക്കെട്ട്, ആസ്മ, തീപ്പൊള്ളൽ, അമിതവണ്ണം, ദഹനക്കേട്, മുഖത്തെ പാടുകൾ, നേത്രരോഗങ്ങൾ എന്നിങ്ങനെ ഒരുപിടി രോഗങ്ങളെ ചെറുക്കാൻ ഉത്തമം.
∙ ചെറുതേനീച്ചയുടെ സമ്പർക്കത്തിലൂടെ പരാഗണ സാധ്യത വർധിക്കുന്നു. അങ്ങനെ കൃഷിക്കും ഗുണം.
∙ ശല്യപ്പെടുത്തിയില്ലെങ്കിൽ ഒരുപാടു കാലം ഒരേ സ്ഥലത്തുതന്നെ വസിക്കും.
∙ നിരുപദ്രവകാരികളാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
∙ സംസ്കരിക്കാൻ വെയിലത്തുവച്ച് ചൂടാക്കിയാൽ മതി.

വിവരങ്ങൾക്ക് കടപ്പാട്:

ഗിരീഷ് അങ്ങാടിപ്പുറം: 98471 75437
പി.സി. ഗോവിന്ദൻ: 94469 87983