Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയം തൊഴുത്തിലൂടെയും എത്തും

aloshi-in-farm-house മികച്ച ക്ഷീരകർഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്കാരം നേടിയ കുടയത്തൂർ പൊന്നാമറ്റത്തിൽ അലോഷി കുടുംബത്തിനൊപ്പം.

ഒരു പശുവിനെ വളർത്തിക്കൊണ്ട് ആരംഭിച്ച കഠിനപ്രയത്നം പശുക്കളും കിടാവുകളുമായി 75 എണ്ണത്തിലെത്തി നിൽക്കുമ്പോൾ ഇടുക്കി കുടയത്തൂർ പൊന്നാമറ്റത്തിൽ അലോഷി ജോസഫിന് അംഗീകാരമായി സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്കാരം.

അലോഷിയുടെ ഭാര്യ ആശയുടെ പിതാവായ വണ്ണപ്പുറം പുരയിടത്തിൽ മാത്യുവാണു 2012ൽ ആദ്യമായി ഒരു പശുക്കിടാവിനെ സമ്മാനിച്ചത്. പേരക്കുട്ടി അലോനയ്ക്കു കുടിക്കാൻ നല്ല പാൽ കിട്ടുന്നില്ലെന്നു കേട്ട മാത്യു തന്റെ ഓമനയായ നന്ദിനിയെ ഇവർക്കു സമ്മാനിക്കുകയായിരുന്നു. അലോനയുടെ ഏഴാം പിറന്നാൾ ദിനത്തിലാണ് അലോഷിയെ തേടി സംസ്ഥാന അവാർഡിന്റെ വാർത്തയെത്തിയത്.

പൊന്നാമറ്റം കുടുംബത്തിന്റെ ഐശ്വര്യമായി നന്ദിനി

നന്ദിനിയെ അലോഷിക്കു നൽകുമ്പോൾ മാത്യു ഒരു ലീറ്ററിന്റെ ഒരുപാത്രം എടുത്തുകൊണ്ടുവന്ന് അലോഷിയോടു പാൽകറക്കാൻ ആവശ്യപ്പെട്ടു. അരലീറ്ററോളം കറന്നപ്പോൾ കൈകൾ തളർന്നു. അടുത്ത ഊഴം ആശയുടേതായിരുന്നു. രണ്ടുപേർക്കുംകൂടി ഒരു ലീറ്റർ പാൽ കറക്കാനായില്ല. 16 ലീറ്റർ ചുരത്തുന്ന പശുവിനെ കൊണ്ടുപോയാൽ എന്താകുമെന്ന ചോദ്യം ബാക്കിയായി. അലോഷിയുടെ പിതാവ് ഇടപെട്ടു. ഇദ്ദേഹം പശുവിനെ കറക്കുന്നതിനു തയാറായി.

പിന്നെ ഒന്നും നോക്കിയില്ല. പൊന്നാമറ്റം കുടുംബത്തിന്റെ ഐശ്വര്യമായി നന്ദിനി ഇവിടെ എത്തി. ഇടയ്ക്ക് ഒരു പശുവിനെക്കൂടി വാങ്ങുമ്പോഴും കൂടുതൽ പശുക്കളെ വളർത്താം എന്ന ചിന്ത അലോഷിക്ക് ഇല്ലായിരുന്നു. ഒരിക്കൽ തൊടുപുഴയിലെ ഒരു ഹോട്ടലിൽ ക്ഷീരകർഷകർക്കായി നൽകിയ പഠന ക്ലാസാണ് അലോഷിയെ ക്ഷീരകർഷകനാക്കി മാറ്റിയത്.

ജില്ലാ മൃഗസംരക്ഷണവകുപ്പ് പിആർഒ ഡോ. ബിജു ചെമ്പരത്തിയുടെ പിന്തുണയും മേൽനോട്ടവും ഏറെ സഹായകരമായതായി അലോഷി പറ‍യുന്നു. അധികം വൈകാതെ അലോഷിയുടെ തൊഴുത്തിൽ പശുക്കളോരോന്നായി എത്തി. 16 പശുക്കളെ പലപ്പോഴായി വാങ്ങി. പിന്നീട് ഇവരുടെ തലമുറയാണ് അലോഷിയുടെ തൊഴുത്തിലുള്ളത്. എച്ച്എഫ് ഇനത്തിലുള്ളവയാണ് ഏറെയും. ഒരു ജേഴ്‌സിയും സ്വിസ്ബ്രൗണും, ജേഴ്‌സി പ്രീമിയം പശുക്കളുമാണ് ഉള്ളത്.

പശുവിനായി തീറ്റപ്പുൽക്കൃഷിയും

പശുക്കളുടെ പരിപാലനം അലോഷിയും ആശയും നേരിട്ടാണു നടത്തുന്നത്. രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾ സഹായിക്കാനുണ്ടെങ്കിലും ചെറുജോലികൾ മാത്രമാണ് ഇവർക്കുള്ളത്. പശുവിനെ കറക്കുന്നതു അലോഷിയും ആശയും പിതാവ് ജോസഫും ചേർന്നാണ്. തൊഴുത്തിലെത്തിയാൽ 82 പിന്നിട്ട ജോസഫ് ചേട്ടൻ യുവാവായി മാറും. മെഷീൻ കറവയുണ്ടെങ്കിലും എല്ലാ പശുക്കൾക്കും ഇതു സാധിക്കുകയില്ല. ഏറെയും സ്വന്തമായി കറന്നെടുക്കുകയാണു പതിവ്.

പശുവിന് ഒരുനേരം കന്നാരയുടെ കാനിയും ഒരു നേരം പുല്ലും നൽകും. കന്നാര കാനി സമീപത്തെ കൃഷിയിടങ്ങളിൽ നിന്ന് എത്തിച്ചു മെഷീനിൽ ചതച്ചെടുക്കും. ഇതോടെ മുള്ളുപോവുകയും പശുക്കൾക്കു ഭക്ഷ്യയോഗ്യമാവുകയും ചെയ്യും. ഗുണമേൻമയുള്ള മേൽത്തരം തീറ്റപ്പുൽക്കൃഷിയും നടത്തുന്നുണ്ട്. ഇതിനു സ്ഥലമില്ലാതായത് അലോഷിയെ അലട്ടുന്ന പ്രശ്‌നമായിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയായിരുന്ന പി.ജെ.ജോസഫ് കാടുകയറിക്കിടക്കുന്ന എംവിഐപി ഭൂമിയിൽ പുൽക്കൃഷി ചെയ്യാമെന്ന ആശയം പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. എംവിഐപി പുറംപോക്കിൽ പുൽക്കൃഷി തുടങ്ങി.

അലോഷിയുടെ തൊഴുത്തിൽ പശുക്കളും കൂടിവന്നു. പലപ്പോഴും പുതിയ തൊഴുത്തുകൾ നിർമിച്ചപ്പോഴും ആദ്യം തൊഴുത്തിലെത്തുന്നത് ഇവരുടെ രാശിയായിരുന്ന നന്ദിനി തന്നെ. കാലിത്തീറ്റയും ഒരുനേരം പുല്ലും ഒരുനേരം കാനിയുമാണ് ഇവയുടെ ആഹാരം. കെഎസ് കാലിത്തീറ്റയാണു പശുക്കൾക്കു നൽകുന്നത്. കെഎസ് കമ്പനിയുടെ ഡോക്ടർമാർ ഇവിടെ എത്തി ഇടയ്ക്കു പശുക്കളെ പരിശോധിക്കാറുമുണ്ട്.

ഉണരുന്നത് പുലർച്ചെ രണ്ടിന്; പശുക്കളെ വിട്ടൊരു യാത്രയില്ല

രാവിലെ രണ്ടുമണിക്കു വീടുണരും. പിന്നെ എല്ലാവരും തൊഴുത്തിലേക്ക്. പത്തുമണിയോടെ പാലുവിതരണം കഴിയും. ഒരു ദിവസം പോലും വീട്ടിൽ നിന്നു മാറിനിൽക്കാറില്ല. പശുക്കളെ തങ്ങളുടെ മക്കളെപ്പോലെ സ്‌നേഹിക്കുന്നതിനാൽ ഇവരെ വിട്ടൊരു യാത്ര ഇല്ലെന്നാണ് അലോഷിയും ആശയും പറയുന്നത്. പാൽവിതരണം കഴിഞ്ഞാൽ പിന്നെ കാനി എടുക്കാനായി സമീപത്തെ തോട്ടങ്ങളിലേക്കും പോകും. തുടർന്നു പുൽക്കൃഷി നോക്കും. എല്ലാം കഴിഞ്ഞ് ഉറങ്ങുമ്പോൾ പത്തുമണി. വീടിന്റെ അടുക്കളയുടെ സമീപത്തു തൊഴുത്തുള്ളതിനാൽ എപ്പോഴും തൊഴുത്തിലേക്കു ശ്രദ്ധ കിട്ടും. ആശയുടെ ശ്രദ്ധ ഇവരിൽ മാത്രം.

മകളുടെ പിറന്നാളിന് പുരസ്കാര മധുരവും

പുരസ്കാര വിവരം പൊന്നാമറ്റം കുടുംബത്തിലെത്തുമ്പോൾ മൂത്തമകൾ അലോനയുടെ പിറന്നാൾ. അലോനയ്ക്കായി ആദ്യം നൽകിയ നന്ദിനിപ്പശുവിൽ നിന്നു മികച്ച ക്ഷീരകർഷകനായി മാറിയപ്പോൾ മകളുടെ മറ്റൊരു പിറന്നാൾ സമ്മാനമായി അവാർഡ്. അലോഷിക്ക് അവാർഡ് കിട്ടിയ വിവരം അറിഞ്ഞ് എത്തിയ സുഹൃത്തുക്കളെയെല്ലാം പാൽപ്പായസം നൽകിയാണു സ്വീകരിച്ചത്. മകളുടെ പിറന്നാളിന്റെയും അവാർഡിന്റെയും ഇരട്ടി മധുരത്തിൽ.

വിജയാഹ്ലാദം പങ്കിടാൻ അലോനയുടെ കു‍ഞ്ഞുസഹോദരൻ മിലനുമുണ്ടായിരുന്നു. കൃഷിയിലെ എല്ലാ കണക്കുകളും കൈകാര്യം ചെയ്യുന്നതു ഭാര്യ ആശയാണ്. പാൽ വിറ്റുകിട്ടിയ ലാഭം മുതൽ കാലിത്തീറ്റ വരുന്ന ചാക്കു വിറ്റതുവരെയുള്ള കണക്കുകൾ കൃത്യമായി ഓരോ മാസവും ആശ കുടുംബാംഗങ്ങളുടെ സദസ്സിൽ വായിക്കും. ഇപ്പോൾ ദിവസേന 480 ലീറ്റർ പാൽ വിൽക്കുന്നുണ്ട്.

ശരാശരി 1,45,000 രൂപയാണ് ഒരു മാസത്തെ ലാഭം. 100 പശുക്കളുള്ള ഒരു ഫാം – ഇതാണ് അലോഷിയുടെയും ആശയുടെയും ലക്ഷ്യം. ഇതിനായുള്ള പണിപ്പുരയിലാണ് ഇരുവരും. ഇതിനായി വീടിനോടു ചേർന്നു മറ്റൊരു തൊഴുത്തിനും സ്ഥാനം കണ്ടിട്ടുണ്ട്. കഴിയുന്നതും തങ്ങളുടെ പശുക്കളുടെ തലമുറയാണ് ഇവർ ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യം ഈ വർഷം തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.