Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിന് വിരമരുന്നു നൽകിയാൽ

cow-shed

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. കറവപ്പശുക്കൾക്ക് വിരയ്ക്ക് മരുന്നു നൽകിയാൽ കൂടുതൽ പാൽ ലഭി‍ക്കുമോ. വിരബാധയ്ക്കെതിരെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.

കെ. രാധാകൃഷ്ണൻ, ഉദയംപേരൂർ

കറവപ്പശുക്കളിൽ വിരബാധയുടെ ലക്ഷണങ്ങൾ എപ്പോഴും പ്രകടമാകണമെന്നില്ല. കിടാക്കളിൽ വയറിളക്കം, വളർച്ചക്കുറവ്, പ്രായപൂർത്തിയാകാനുള്ള താമസം, പ്രത്യുൽപാദനക്ഷമത ഇല്ലായ്മ, വിളർച്ച, മറ്റു രോഗങ്ങളുണ്ടാകാനുള്ള സാധ്യത എന്നിവയൊക്കെ വിരബാധയുടെ അനന്തരഫലങ്ങളാണ്. കറവപ്പശുക്കളിൽ പാലുൽപാദനത്തിലെ കുറവിന് ഒരു കാരണം വിരബാധയാണ്.

ദഹനവ്യവസ്ഥയിലാണ് വിരകൾ പ്രധാനമായും കാണുന്നത്. മൃഗങ്ങളിലെ പോഷകങ്ങളും രക്തവും ഇവ വലിച്ചെടുക്കും. ചില വിരകൾ ശ്വാസകോശത്തിലും മൂക്കിലും താവളമടിക്കും. കട്ടിയുള്ള മൂക്കൊലിപ്പും പശുക്കളിലെ കൂർക്കം വലിച്ച‍ുള്ള ശ്വാസം എടുക്കലിനും കാരണം ചില വിരകളാണ്.

അടിസ്ഥാനപരമായി വിരകൾ നാലുതരം. ഉരുളൻ, നാടപോലെ നീണ്ടത്, പത്രവിരകൾ, രക്തക്കുഴലുകളിൽ കാണുന്നത്. വിരകളുടെ സാന്നിധ്യം അനുസരിച്ചായിരിക്കും ലക്ഷണങ്ങൾ.

മൃഗങ്ങളിൽ കാണുന്ന വിരകളുടെ മുട്ടകൾ ചാണകത്തിലൂടെ പുറത്തു വരുന്നു. ഇത് പുല്ലിലൂടെ പുൽമേടുകളിലേക്കും മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും വ്യാപിക്കാനിടയുണ്ട്. ഇത്തരം വിരകൾ ഇടുന്ന മു‍ട്ടകൾ കലർന്ന പുല്ലും വൈക്കോലും വീണ്ടും പശുക്കളുടെ ഉള്ളിലെത്താം. അതിനാൽ വിരയിളക്കൽ ചിട്ടയായി നടത്തണം. മണ്ണിലെ വിരമുട്ടകളുടെ സാന്ദ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഒരേസമയം വിരമരുന്നു നൽകുന്ന പരിപാടിയാണ് Mass Deworming. ആറു മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാ മൃഗങ്ങൾക്കും മഴക്കാലത്തിനു മുമ്പും ശേഷവുമായി വർഷത്തിൽ രണ്ടു തവണ വിരമരുന്നു നൽകുന്നു.

ചെനയുള്ള പശുക്കളിൽ ആദ്യഡോസ് പ്രസവം അടുക്കാറാകുമ്പോഴും രണ്ട‍ാമത്തെ ഡോസ് പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലും നൽകണം. ഇങ്ങനെ വിരമരുന്നു നൽകുക വഴി ഉരുക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ ചാണകം പരി‍ശോധിച്ചു വിരയേതെന്നു തിരിച്ചറിഞ്ഞു പ്രത്യേക മരുന്നു നൽകണം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് ഒച്ചുകൾ പെരുകുമെന്നതിനാൽ അവിടെയൊക്കെ പണ്ടപ്പുഴു, സിസ്റ്റോസോം എന്നീ വിരകളുടെ സാന്നിധ്യം കണ്ടറിഞ്ഞ് ചികിത്സ‍ിക്കണം.

കറവയാടിന്റെ സംരക്ഷണം

goat

Q. ആടിന്റെ ഗർഭകാലം എത്ര, കറവയാടുകളുടെ സംരക്ഷണം എങ്ങനെ.

ത്രേസ്യാമ്മ ജോസഫ്, ഏലൂർ

ആടിന്റെ ഗർഭകാലം അഞ്ചുമാസം. 5 ദിവസം നേരത്തെയോ 5 ദിവസം വൈകിയോ പ്രസവം നടക്കാം. പ്രസവലക്ഷണം കണ്ടാൽ കൂട്ടിനുള്ളിൽനിന്നു പുറത്തിറക്കണം. പ്രസവത്തിന് വിഷമം നേരിട്ടാൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. പ്രസവത്തിന് ഒരു മാസം മുൻപേ ആടിന് ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പ് ഇപ്പോൾ മിക്ക കർഷകരും നൽകുന്നുണ്ട്. ഇത് ടെറ്റനസ് എന്ന രോഗബാധ ഒഴിവാക്കും. ആടുവസന്തയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എല്ലാ ആടുകൾക്കും (നാലു മാസത്തിനു മുകളിൽ പ്രായമുള്ളതിന്) നിർബന്ധമായി നൽകണം.

ആട് പ്രസവിച്ച് അര മണിക്കൂറിനുള്ളിൽ അകിടും മുലക്കാമ്പും പൊ‍ട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കഴുകി ആട്ടിൻകുഞ്ഞുങ്ങളെ കന്നിപ്പാൽ കുടിപ്പിക്കണം. ആടിന് പ്രസവത്തിനു മുൻപു നൽകിയ അതേ തീറ്റ തന്നെ പ്രസവത്തിനുശേഷം നൽകണം. ഒരു ലീറ്റർ പാലിന് 400 ഗ്രാം എന്ന തോതിൽ സമീകൃത തീറ്റയും നിലനിൽപ്പിനായി 250 ഗ്രാം തീറ്റയും പച്ചിലകളും പുല്ലും നൽകണം. കാൽസ്യം അടങ്ങിയ ധാതുമിശ്രിതം സിറപ്പായോ പൊടിയായോ തീറ്റയിലൂടെ നൽകേണ്ടിവരുന്നു.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ
: 9447399303

Your Rating: