Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമനെ പുനർവായിക്കുമ്പോൾ 

മിത്തുകളുടെ വായന പല തരത്തിലാവാം. ഡീക്കൻസ്ട്രക്ഷൻ എന്ന രീതിയിൽ പല പുരാണങ്ങളും വായിക്കപ്പെട്ടിട്ടുമുണ്ട്. അതിലേറ്റവും വായിക്കപ്പെട്ട ഒന്ന് അമീഷിന്റെ പുസ്തകങ്ങൾ തന്നെയാകും. ശിവ പുരാണത്തെ അടിസ്ഥാനമാക്കി അമീഷെഴുതിയ ശിവ സീരീസ് ലോകമെങ്ങും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പുരാണ കഥാപാത്രമായ ശിവൻ എന്ന ദൈവീകമായ ഭാവത്തെ മാനുഷീകരിച്ച്, മനുഷ്യൻ ദൈവമായി തീരുന്ന വഴികളെ കുറിച്ചാണ് മൂന്നു പുസ്തകങ്ങളിലായി അമീഷ് എഴുതിയത്. അമീഷിന്റെ ഏറ്റവും പുതിയ പുസ്തകമാണ് "ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ്". ശ്രീരാമചന്ദ്രന്റെ കഥകളെ അടിസ്ഥാനമാക്കി എഴുതിയ അടുത്ത സീരീസിലെ ആദ്യ പുസ്തകമാണിത്. ശിവന്റെ കഥയ്ക്ക് ശേഷം ശ്രീരാമന്റെ ജീവിതം തന്നെയാണ് വ്യത്യസ്തമായ വായനയ്ക്ക് അമീഷ് വായനക്കാർക്ക് വിട്ടു നൽകുന്നത്. 

രാമായണം എന്ന ഇതിഹാസം പാടി പഴകിയ ഒരു രാമനെയല്ല അമീഷ് വായനക്കാർക്കായി വിട്ടു നൽകുന്നത്. കഥകളിൽ ദൈവീകാംശത്തിനപ്പുറം മാനുഷികാംശം ചേർത്ത് ധാർമികതയേയും ദൈവങ്ങളെന്നു നാം കല്പിച്ചാരാധിച്ചിരുന്നവരെയും മനുഷ്യന്റെ നിലപാടുകളിൽ ശക്തമാക്കി നിർത്തുകയാണ് ഇവിടെ. ദശരഥൻ രാവണനുമായി നടത്തിയ യുദ്ധം പരാജയപ്പെടുന്നത് അന്നാണ്, രാമൻ ജനിക്കുന്ന  അതേദിവസം. ഇതിഹാസം പറയുന്ന സന്താന ഹോമത്തിനു പകരം ദിവ്യമായ ഔഷധ സേവകളുടെ ഫലമായി ജനിക്കുന്ന കൗസല്യയുടെ രാമനോട് അച്ഛൻ ദശരഥന് ഒരിക്കലുമടങ്ങാത്ത വെറുപ്പായിരുന്നു. പിതാവിനെ യുദ്ധത്തിൽ തോൽപ്പിക്കാൻ പിറന്ന വിഷ സന്തതിയായിരുന്നു. ഒരിക്കലും രാമനെ അദ്ദേഹം അയോധ്യയുടെ ഭാവി സംരക്ഷകനായി കണ്ടതേയില്ല. സാഹചര്യങ്ങൾ കൈകേയി മുതലെടുക്കുമ്പോൾ മന്ഥര കൈകേയിയോടൊപ്പം നിലകൊള്ളുന്നത് രാമനോടുള്ള പ്രതികാരം കൊണ്ട് മാത്രമാകുന്നു.

ദർശരഥനും ലക്ഷ്മണനും രാമനും സീതയ്ക്കും മാത്രമല്ല മന്ഥരയ്ക്കും വ്യത്യസ്തമായ വായനയുണ്ട് പുസ്തകത്തിൽ. പത്തു അയോധ്യയെ ഒന്നിച്ചു വാങ്ങാൻ പണം കയ്യിലുള്ള വിരൂപിയായ സ്ത്രീ മാത്രമായിരുന്നില്ല മന്ഥര. സുന്ദരിയും അറിവുള്ളവളുമായ മകളുടെ അമ്മ കൂടിയായിരുന്നു. പക്ഷേ അയോധ്യയ്ക്ക് പുറത്ത് കാമഭ്രാന്തന്മാർ പിച്ചി ചീന്തി നശിപ്പിച്ച മകളുടെ ചേതനയറ്റ ശരീരം കണ്ട സർവ്വവും തകർന്ന മന്ഥരയോട് നിയമത്തിന്റെ പേരിൽ അണുകിട വ്യത്യാസം വരുത്താത്ത രാമൻ അയോദ്ധ്യ ഭരിക്കുമ്പോൾ പീഡനം നടത്തിയത് ബാലനായ കുറ്റവാളിയായതു കാരണം അവനെ വധശിക്ഷയിൽ നിന്നും വെറുതെ വിടുമ്പോൾ മാത്രമാണ് രാമനെതിരെ തിരിയാൻ അവർ പ്രേരിപ്പിക്കപ്പെടുന്നത്.കഥാസന്ദർഭങ്ങൾ പലതും മുന്നിൽ കാണുന്ന ജീവിതങ്ങളുമായി കൊരുത്തിരിക്കുന്നു എന്ന് പറയാൻ മറ്റു ഉദാഹരണങ്ങൾ ആവശ്യമില്ലല്ലോ.

ഡൽഹിയിലെ നിർഭയ, അമീഷ് എന്ന എഴുത്തുകാരന്റെ ചിന്തകളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് ഈ ഉപകഥയിൽ വ്യക്തമാണ്. നിയമം എന്ന ചട്ടക്കൂടിനുള്ളിൽ പലപ്പോഴും അതിക്രൂരന്മാരായ കുറ്റവാളികൾ രക്ഷപെട്ടു പോകുമ്പോൾ ഒടുവിൽ സമൂഹം സ്വയം ശിക്ഷാ രീതി ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥ ഇവിടെയും കാണാം. എന്നാൽ നിയമത്തിന്റെ പരിരക്ഷണം പലപ്പോഴും ആവശ്യമായി വരുന്നു. അത് വളരെ വേദനയോടെയാണ് രാമൻ അനുവർത്തിക്കുന്നതും. 

ധർമ്മത്തിന്റെ സംരക്ഷകനായിരുന്നു രാമൻ. സ്വന്തം ജനങ്ങൾക്ക് വേണ്ടി പോലും നിയമത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത രാജാവ്. പിതാവിന്റെ നരച്ച രാജ ഭരണത്തിന്റെ മുരടിപ്പിൽ നിന്നും രാമന്റെ ധാർമികമായ ഭരണത്തിൽ അഭിമാനിതരായിരുന്നു അയോധ്യയിലെ ജനങ്ങൾ. സീത എന്ന വ്യക്തിയെ അമീഷ് പരിചയപ്പെടുത്തുന്ന രീതിയും വളരെ വ്യത്യസ്തമാണ്. മിഥിലയുടെ പ്രധാനമന്ത്രിയായിരുന്ന സീത ജനകരാജാവിന്റെ വളർത്തു പുത്രിയുമാകുന്നു. പോരാളിയായ സീതയെയാണ് ഇതിഹാസത്തിൽ നിന്നും വിരുദ്ധമായി ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ് എന്ന വായനയിൽ കാണാനാവുക. ഏതൊരു യുഗത്തിലും സ്ത്രീ എന്നത് ഒരു പോരാളിയുടെ നാമമായിരിക്കണം എന്ന് അമീഷിനു നിർബന്ധമുള്ളതു പോലെ തോന്നുന്നു. ഇതിനു മുൻപിറങ്ങിയ ശിവ കഥകളിലും സതി എന്ന ശിവ പത്നി ഒന്നാന്തരമൊരു പോരാളിയായാണ് വായിക്കപ്പെട്ടത്. ഒരുപക്ഷേ കാലഘട്ടം സ്ത്രീയുടേതായി ആഗ്രഹിക്കുന്ന വായനയും അത്തരത്തിൽ തന്നെയാവണം. അതുകൊണ്ടുതന്നെ രാമന്റെ കഥ എന്നതിനപ്പുറം സ്ത്രീയുടെ, സീതയുടെ കഥ എന്നും ഇതിനെ വിളിക്കാം. അല്ലെങ്കിലും രാമായണം രാമന്റെ കഥ എന്ന് പറയുന്നതിനേക്കാൾ കണ്ണുനീർ തോരാത്ത സീതയുടെ കഥ തന്നെയായിരുന്നില്ലേ, പക്ഷേ കഥാപാത്രം അമീഷിന്റെ പേനത്തുമ്പിലേയ്ക്ക് വരുമ്പോൾ കണ്ണുനീരല്ല കൈക്കരുത്താകുന്നു സ്ത്രീ.

രാമനിൽ നിന്നും സീതയെ റാഞ്ചിയെടുത്ത് പറന്ന രാവണന്റെ അഹങ്കാരത്തിൽ നിൽക്കുകയാണ് അമീഷിന്റെ ആദ്യ പുസ്തകം. ഏതു സ്ത്രീയുടെ മുന്നിലാണ് ആദരവ് കൊണ്ട് തന്റെ തല കുനിഞ്ഞു പോകുന്നത് ആ സ്ത്രീ തന്റെ ഒരേയൊരു പത്നിയാകുമെന്ന ഏക പത്നീ വൃതക്കാരനായ രാമന്റെ ശാഠ്യം രാവണ സഹോദരിയായ ശൂർപ്പണഖയുടെ ക്രോധത്തിനു വഴിമാറുമ്പോൾ രാവണന് സീത മുതൽ മാത്രമാകുന്നു. കാലമെത്ര കഴിഞ്ഞാലും പണയവസ്തുവായും ക്രോധങ്ങളുടെ പകപ്പോക്കലുകളായും സ്ത്രീ ശരീരം മാറുമ്പോൾ സീത ഇന്നിന്റെ പെണ്ണാകുന്നു. അമീഷിന്റെ അടുത്ത പുസ്തകം പോരാളിയായ സീതയുടെ കഥയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ രാമായണത്തിന്റെ വായന നൽകുന്ന സുഖത്തിനപ്പുറം അമീഷിന്റെ ഭാഷയുടെ ലാളിത്യം തന്നെയാണ് അദ്ദേഹം ജനപ്രിയ നോവലിസ്റ്റായി മാറാനുള്ള കാരണം. സീതയെ കാത്തിരിക്കാതെ തരമില്ലെന്നാകുന്നു!

Your Rating: