Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലനല്ല, നായകനാണ് ഈ ദുര്യോധനൻ; ഇത് ആരുമറിയാതിരുന്ന സുയോധനചരിതം

ലോകം പരാജിതരെന്നു മുദ്ര കുത്തുന്നവർക്കും ഉണ്ടാവില്ലേ അവരുടേതായ ഒരു ന്യായീകരണത്തിന്റെ ഭാഗം അടയാളപ്പെടുത്താൻ? ഏതു പ്രവൃത്തി എവിടെ നടന്നാലും അതിനാലാണ്  ചെയ്യുന്നവർ അവരുടെ ഭാഗം ന്യായീകരിക്കുന്നതും, ആ ന്യായത്തെ അനുകൂലിക്കാൻ കുറച്ച് പേരെങ്കിലും ഉണ്ടാകുന്നതും. അത് കാലത്തിന്റെ നീതിയുമാണ്, ഒരു നാണയത്തിനു രണ്ടു വശങ്ങൾ ഉണ്ടായിരിക്കുന്നത് പോലെ വളരെ സൗമ്യവും ദീപ്തവുമായ പ്രാപഞ്ചിക സത്യവുമാണത്. 

മഹാഭാരത കഥ എപ്പോൾ കേൾക്കുമ്പോഴും, പാണ്ഡവരെയും സാക്ഷാൽ കൃഷ്ണനെയും ഇതിഹാസം നായകരായി വാഴ്ത്തുമ്പോഴും എവിടെയൊക്കെയോ ചില അപൂർണതകൾ തോന്നിയിരുന്നില്ലേ? പല വായനകളും വരികൾക്കിടയിൽ നിന്നാകുമ്പോൾ മനസ്സിൽ ചിലപ്പോൾ ന്യായത്തിന്റെയും ധർമ്മത്തിന്റെയും പേരിൽ യുദ്ധങ്ങൾ നടന്നിരുന്നില്ലേ? ഇങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ "ദുര്യോധനൻ; കൗരവവംശത്തിന്റെ ഇതിഹാസം" എന്ന നോവൽ വായിക്കണം. ഉത്തരങ്ങൾ സമൃദ്ധമായി പുസ്തകം നിറഞ്ഞു കവിയുന്നു.

ഭാഗവതത്തിൽ സാക്ഷാൽ കൃഷ്ണനാണ് നായകൻ. അദ്ദേഹത്തിന്റെ നിയമങ്ങളിൽ കൂടി സഞ്ചരിക്കുന്ന പാണ്ഡവന്മാർ ധർമ്മത്തിന്റെ സ്ഥാപകരുമാണ്. പക്ഷേ എന്താണ് ധർമ്മം എന്നത് കൗരവ- പാണ്ഡവ യുദ്ധത്തിനൊടുവിൽ ആവർത്തന വിരസമായിപ്പോയ ഒരു ചോദ്യമാണ്. തീർത്തും അധാർമികമായ ഒരു യുദ്ധമായി മഹാഭാരത യുദ്ധം ഇന്നും വിലയിരുത്തപ്പെടുന്നു, പക്ഷേ എല്ലാ അധർമത്തിനും തങ്ങളുടേതായ ന്യായീകരണത്തിലൂടെ അതിനു ധാർമ്മികതയുടെ മാനം നൽകാനും കൃഷ്ണനുൾപ്പെടെയുള്ളവർ ശ്രമിച്ചിരുന്നു. ഇതേ അധാർമ്മികതയെ തന്നെയാണ് ഈ നോവലിലൂടെ ആനന്ദ് നീലകണ്ഠൻ ദുര്യോധനൻ എന്ന കഥാപാത്രത്തിലൂടെ ചോദ്യം ചെയ്യുന്നത്.

പാണ്ഡവരുടെയും കൗരവരുടെയും ജനനവും വളർച്ചയും ആയോധനവും ജീവിതവും അപമാനങ്ങളും അതിജീവനവും നോവലിൽ പ്രമേയമാകുന്നു. ഒടുവിൽ ചൂതുകളിയിൽ പാണ്ഡവർ പ്രിയപ്പെട്ട പത്‌നിയെ പണയവസ്തുവാക്കുന്നതും, പാഞ്ചാലിയുടെ നിലവിളി ഹസ്തിനപുരത്തിന്റെ കരിങ്കൽഭിത്തികൾ തുളഞ്ഞു കയറി ഒരു യുദ്ധത്തിന്റെ രണഭേരി എവിടെയോ മുഴങ്ങുന്നിടത്ത് വച്ചു ഈ നോവൽ അവസാനിക്കുന്നു. ഇതിന്റെ രണ്ടാം ഭാഗമായി മഹാഭാരതയുദ്ധത്തിനുള്ള സാധ്യതകൾ മറ്റൊരു പുസ്തകമായി ആനന്ദിൽ നിന്ന് പുറത്തിറങ്ങിയേക്കാം.

എപ്പോഴും അഹങ്കാരിയും ദുഷ്ടനുമായി കണ്ടിരുന്ന ഒരു കഥാപാത്രത്തിന്റെ യഥാർത്ഥ പരിശുദ്ധി അറിയണമെങ്കിൽ അയാളിലേക്കൊരു യാത്ര നടത്തിയേ മതിയാകൂ. കേരളത്തിലെ പോരുവഴി എന്ന ഗ്രാമത്തിലെ മലനടക്ഷേത്രത്തിലെ പ്രതിഷ്ഠ ദുര്യോധനൻ എന്ന മഹാഭാരതയുദ്ധത്തിലെ 'വില്ലനാണ്". മലവേടന്മാരുടെ പ്രിയപ്പെട്ട ആരാധനാമൂർത്തയായി ദുര്യോധനനെ പോലെയൊരു വ്യക്തിത്വം ഉണ്ടാകണമെങ്കിൽ അയാളുടെ മനസ്സിൽ ഇത്തിരിയെങ്കിലും നന്മയുണ്ടാകാതെ തരമുണ്ടോ? ഈ കണ്ടെത്തലിൽ നിന്നാണ് ദുര്യോധനൻ എന്ന ആശയം ആനന്ദിന്റെ മനസ്സിൽ കയറിക്കൂടിയതും നിരന്തരമായ പഠനങ്ങൾക്കൊടുവിൽ ദുര്യോധനനിലേയ്ക്ക് ആനന്ദ് നടന്നു കയറിയതും. വായന പലപ്പോഴും നടുക്കമുണ്ടാക്കുന്നുണ്ട്, കാരണം ദുര്യോധനനെ കുറിച്ച് ആനന്ദ് കണ്ടെത്തിയ സത്യങ്ങൾ പലതും ഒരിക്കൽ മഹാഭാരതത്തിൽ വരികൾക്കിടയിൽ വായിച്ച് അർദ്ധമൗനങ്ങളാക്കി ബാക്കി വച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരുന്നു.

വർണാശ്രമധർമ്മങ്ങളുടെ ആകെ തുകയാണ് ആര്യന്മാരുടെ കടന്നു കയറ്റത്തോടെ ഭാരതത്തെ ഗ്രസിച്ചു നിന്നത്. രാജഭരണത്തിന്റെ കാലത്തും ബ്രാഹ്മണ വിശ്വാസങ്ങളെയും ജാതി അളന്നു തൂക്കി വിദ്യയും ധനവും നൽകുന്ന പതിവുകളെയും അതിജീവിക്കാൻ ആരെകൊണ്ടും കഴിഞ്ഞിരുന്നുമില്ല. പരശുരാമൻ തുടങ്ങി വച്ച വർണാശ്രമധർമ്മത്തിന്റെ കാവൽക്കാരായി ഇതിഹാസത്തിലെ കഥപാത്രങ്ങൾ അണി നിരക്കുമ്പോൾ കീഴാളന്റെയും സങ്കടങ്ങൾ കാണാൻ ആരെങ്കിലുമൊക്കെ വേണ്ടേ? അതിനുള്ള ഉത്തരമായാണ് ദുര്യോധനനെ ആനന്ദ് അവതരിപ്പിക്കുന്നത്.

മഹാഭാരതം പരിചിതമായ ആർക്കും രണ്ടാമതൊന്ന് ചിന്തിക്കാതെ ദുര്യോധനനെ അങ്ങനെ കാണാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കർണൻ വെറുമൊരു സൂതന്റെ പുത്രനാണെന്നറിഞ്ഞിട്ടും അയാൾക്ക് തനിക്ക് അവകാശമുണ്ടായിരുന്ന അംഗരാജ്യം വിട്ടു നൽകി അയാളെ അവിടുത്തെ രാജാവായി വാഴിക്കുന്ന കഥ മാത്രം മതിയാകുമല്ലോ ദുര്യോധനന്റെ വർണധർമ്മത്തെ കുറിച്ച് മനസ്സിലാക്കാൻ!

അന്ധനായ ഒരു രാജാവിന്റെ പുത്രൻ, അയാൾ എല്ലാ സദസ്സുകളിലും അപമാനിക്കപ്പെട്ടത് അങ്ങനെയായിരുന്നു. ജാതീയമായ വേർതിരിവുകളെ അകറ്റി നിർത്താതെ എല്ലാവരെയും പരിഗണിക്കുന്നവൻ, നല്ലൊരു ഹൃദയമുള്ളവൻ, ഏകലവ്യന്റെ പെരുവിരലറ്റത്തിൽ നൊന്ത് കരഞ്ഞവൻ, പട്ടിണി കയറി മുടിഞ്ഞ ജരനെ കണ്ട് ഒപ്പം സങ്കടപ്പെട്ടവൻ... സുയോധനൻ എന്ന് മാതാപിതാക്കൾ ചാർത്തിക്കൊടുത്ത പേര് വർണാശ്രമികളായ ബ്രാഹ്മണർ മാറ്റി ദുര്യോധനൻ എന്നാക്കിയപ്പോഴും അയാൾ കലഹിച്ചില്ല, എത്രമാത്രം ദ്രോഹിച്ചിട്ടും പാണ്ഡവരെ സ്നേഹിക്കാൻ ശ്രമിക്കുമ്പോഴും അവരുടെ ഉപദ്രവത്തിലും അയാൾ കലഹിക്കാൻ ശ്രമിക്കുന്നില്ല, പ്രണയം പരാജയപ്പെട്ടപ്പോഴും അത് പരാജയപ്പെടുത്തിയത് സഹോദരണങ്ങളാണെന്നറിഞ്ഞപ്പോഴും അയാൾ കലഹത്തിന് മുതിരുന്നില്ല, പക്ഷേ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന്റെ സാധ്യതകളിലേക്ക് അയാൾ നടന്നടുക്കുമ്പോൾ തികഞ്ഞ സ്ത്രീ വിരുദ്ധനല്ലേ ദുര്യോധനനെന്നു ചിന്തിപ്പിച്ചു കൊണ്ട് നോവൽ അവിടെ അവസാനിപ്പിക്കുന്നുണ്ട് ആനന്ദ്.

പലയിടത്തും അപൂർണമായൊരു ശ്വാസം മുട്ടൽ അനുഭവപ്പെടും. കാരണം ഇത്രനാൾ വായിച്ചു വിശ്വസിച്ചിരുന്ന ഒരു ഇതിഹാസ കഥയുടെ പുനരെഴുത്താണ് ആനന്ദ് നീലകണ്ഠന്റെ ഈ ദുര്യോധന ചരിതം. അടിമുടി ഉടച്ചു വാർക്കപ്പെട്ട ഒരു മിത്ത്. ചതിയനായ ചന്തുവിനെ ചതിക്കാത്തവനാക്കി മാറ്റിയ പോലെ അത്ര എളുപ്പത്തിൽ ദുര്യോധനനെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്! കാരണം മനസ്സിൽ വേര് പിടിച്ച് കിടക്കുന്ന ചില വിശ്വാസങ്ങളുടെ അടിവേര് മുതലാണ് പുസ്തക വായന മാന്തിയെടുക്കുന്നത്. വിശ്വാസങ്ങളും അറിവുമെല്ലാം തെറ്റായിരുന്നുവെന്ന് മനഃസാക്ഷിയ്ക്കു മുന്നിൽ ചിലപ്പോൾ സമ്മതിച്ചും കൊടുക്കേണ്ടി വന്നേക്കാം.

ചില സ്ഥലങ്ങളിൽ ദുര്യോധനനെ ന്യായീകരിക്കുന്നത് കടന്ന കയ്യായിപ്പോയോ എന്ന തോന്നൽ ഒരുപക്ഷേ മനസ്സിൽ ഇപ്പോഴുമുള്ള ചില വിഗ്രഹങ്ങളെ ഉടയ്ക്കാൻ മനസാക്ഷി സമ്മതിക്കാത്തതുകൊണ്ടാകുമോ എന്ന് അറിയാതെ തോന്നിപ്പോയി! അത്ര കുഴപ്പം പിടിച്ചതാണ് ചില വായനകൾ, നമ്മുടെ ബോധത്തെ പോലും ഉണർത്തി തച്ചു തകർത്തു കളയും. അമീഷിന്റെ ശിവ പുരാണത്തിനും രാമന്റെ കഥയ്ക്കും ശേഷം പൗരാണികമായ കഥാപാത്രങ്ങളുടെ ഉടച്ചു വാർക്കലും ആനന്ദ് നീലകണ്ഠൻ മനോഹരമായി ചെയ്തിരിക്കുന്നു. പുസ്തകം കയ്യിലെടുക്കുമ്പോൾ പേജുകളുടെ എണ്ണം കണ്ടു ഒരുപക്ഷേ വായന ഭീകരമാണെന്നു തോന്നിയേക്കാം, പലതവണ പുസ്തകമെടുത്ത് പിന്നിലേക്ക് വച്ചു വായന മതിയാക്കാം എന്നും തോന്നിയേക്കാം, പക്ഷേ നിർത്താനാകാതെ ദുര്യോധനനെ മുഴുവനായി മനസ്സിലേക്ക് ആവാഹിക്കാൻ കഴിഞ്ഞത് അയാളുടെ ഉള്ളിലെ മനുഷ്യത്വം തരിമ്പെങ്കിലും വായിക്കുമ്പോൾ ഉള്ളിൽ ബാക്കി നിന്നതുകൊണ്ടാകുമെന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു. സാധാരണക്കാരുടെയും ഈഴാളരുടെയും ദൈവമായ ദുര്യോധനനെ ഭാരതത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരുന്നോ?

ആനന്ദിന്റെ പുസ്തകത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് സാക്ഷാൽ ഇതിഹാസ പുരുഷൻ കൃഷ്ണനും ദുര്യോധനന്റെ അമ്മാവൻ ശകുനിയുമാണ്. ബാക്കി ഉള്ളവരിലൊക്കെ അല്പസ്വല്പം മനുഷ്യത്വത്തിന്റെ കണികകൾ ബാക്കി നിൽക്കുന്നുണ്ടെങ്കിൽ ശകുനിയിൽ സ്വന്തം രാജ്യം നശിപ്പിച്ച, ചേച്ചിയെ ബലമായി കൊണ്ട് വന്നു അന്ധനായ ഒരു രാജാവിന് നൽകിയ ഭീഷ്മരോടും അദ്ദേഹത്തിന്റെ രാജ്യത്തിനോടുമുള്ള ഒടുങ്ങാത്ത പക ആയിരുന്നുവെങ്കിൽ കൃഷ്ണന് ഉണ്ടായിരുന്നത് സ്വയം ദൈവമാണെന്നും ധർമ്മം കാത്തു രക്ഷിക്കേണ്ടവനാണെന്നും അതിനു എന്ത് അധർമ്മം കാണിക്കാം എന്നുമുള്ള ധാർഷ്ട്യമായിരുന്നു. ശകുനിയ്ക്ക് ഉള്ളത്ര ന്യായീകരണം പോലും ഒരുപക്ഷേ  കൃഷ്ണന് ഉണ്ടായിരുന്നില്ല എന്ന് നോവൽ പറഞ്ഞുവയ്ക്കുന്നു. പക്ഷേ കൗരവർ ശകുനിയുടെയും പാണ്ഡവർ കൃഷ്ണന്റെയും കൈയ്യിലെ ആയുധങ്ങളും കരുക്കളുമായി മാറുമ്പോൾ മഹായുദ്ധവും ഭാരതത്തിന്റെ നാശവും ആവശ്യമാകുന്നു. വെറും പച്ചമനുഷ്യനായി മാറുകയാണ് ദുര്യോധനൻ... എല്ലാ വിധ വികാരങ്ങളും ഉള്ള വെറും മനുഷ്യൻ. ഹൃദയമൂല്യമുള്ളവൻ എന്ന് ഇരിക്കെ തന്നെ സ്ത്രീ വിരോധിയായും മാറുന്ന മനുഷ്യൻ. അയാളെ വിധിക്കാനുള്ള അവകാശം വായനക്കാർക്ക് മാത്രമാണ്.