Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ വാർഡിലും ചിരിക്കുന്ന ഇന്നസെന്റ് 

എഴുത്തിനോടും വായനയോടും അത്രയൊന്നും ഭ്രാന്തില്ലാത്ത ഒരു മനുഷ്യൻ എഴുതണമെങ്കിൽ അയാളുടെ കയ്യിൽ അത്രമേൽ അനുഭവങ്ങളുടെ പറുദീസയുണ്ടാകണം. ഒന്നും രണ്ടുമല്ല നിരന്തരം പുസ്തകങ്ങളെഴുതാൻ എന്താണ് നടനും എം.പിയുമായ ഇന്നസെന്റിന്റെ കയ്യിൽ ഉള്ളതെന്ന് ചോദിച്ചാൽ നീണ്ടു നിവർന്നു കിടക്കുന്ന ജീവിതം കാട്ടി തരും അദ്ദേഹം. സിനിമാ നടനായും ഒരു മഹാരോഗത്തിന്റെ ഉടമയായും എംപിയായുമൊക്കെ ജീവിതം ജീവിച്ചു തീർക്കുമ്പോൾ ഒരുപക്ഷെ ഈ മൂന്നു കാലത്തിലും ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുണ്ടാവുക ചിരിയെ കുറിച്ചാണെന്നു തോന്നുന്നു. പതിറ്റാണ്ടുകൾ സിനിമയിൽ നിൽക്കുക, മലയാള സിനിമ എന്ന് പറയുമ്പോൾ അറിയാതെ ഓർക്കുന്ന പല മുഖങ്ങളിൽ ഒന്നായി മാറുക, അദ്ദേഹത്തിലെ ചിരി ഇന്നസെന്റിനു നൽകിയ സമ്മാനം തന്നെയായിരുന്നു മലയാള സിനിമയിലെ മികച്ച ഹാസ്യ താരം എന്ന പദവി. ആ പദവിയിൽ നിൽക്കുമ്പോൾ തന്നെയാണ് കാൻസർ എന്ന മഹാരോഗം അദ്ദേഹത്തിന്റെ തൊണ്ടക്കുഴിയെ കാർന്നു തിന്നാൻ ആരംഭിച്ചതും നിരന്തരം അദ്ദേഹം ആശുപത്രി കിടക്കയിലായതും. അനുഭവങ്ങൾ ഒന്നും എഴുതാതെയിരിക്കാൻ ഇന്നസെന്റിനു ആകുമായിരുന്നില്ല. "കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകം ഒരു പരിധിവരെ പക്ഷെ ചിരി മാത്രമല്ല മാനുഷിക ദുഖങ്ങളും ചില അവസ്ഥകളും പേറുന്നുണ്ട്. 

കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ് "കാൻസർ വാർഡിലെ ചിരി" എന്ന ഇന്നസെന്റിന്റെ അനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നത്. "ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്" എന്നാണു അദ്ദേഹത്തിന്റെ കുറിപ്പിന്റെ ആമുഖം തന്നെ. ഡോക്ടർ പറയുന്ന അതെ വഴിയിൽ കൂടി ശാസ്ത്രത്തെ വിശ്വസിച്ച് ഡോക്ടറെ വിശ്വസിച്ച് മുന്നോട്ടു പോയ ധീരനായ ഒരു രോഗിയായിരുന്നു ഇന്നസെന്റെന്നു ഗംഗാധരൻ പറയും. കാരണം കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത പോലും ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളിൽ അലട്ടിയിട്ടുണ്ടെങ്കിൽ പോലും അത് പുറത്ത് കാണിക്കാതെ സമർത്ഥമായി മറച്ചു പിടിച്ച് അദ്ദേഹം അഭിനയിച്ചു. പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടർ ഗംഗാധരൻ സാക്ഷ്യപ്പെടുത്തുന്നു. രോഗത്തിന്റെ കാലത്തെ എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്നൊരു അവധിക്കാലമായി കാണാനും ആ അനുഭവങ്ങൾ എഴുതി വയ്ക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പകർപ്പുകളാണ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം. 

ഓരോ നിമിഷങ്ങളിലും എഴുതുന്ന അനുഭവങ്ങൾ കൈപ്പടയിൽ ശ്രീകാന്ത് കോട്ടയ്ക്കലിനയ്ക്കുമ്പോൾ അതെങ്ങനെയൊരു പുസ്തകത്തിന്റെ രൂപത്തിലെത്തും എന്നൊന്നും ഇന്നസെന്റിനു ആലോചനയുണ്ടാകാൻ തരമില്ല. ജീവിച്ചിരിക്കുക എന്നത് തന്നെ വലിയ അനുഭവമാകുമ്പോൾ അക്ഷരങ്ങൾ വെളിച്ചം കാണുക എന്നത് പിന്നീട് വരുന്ന കാര്യം മാത്രമാകുന്നു. നീണ്ട ഒന്നരവർഷത്തോളമാണ് സിനിമയിൽ നിന്ന് പോലും കാൻസർ എന്ന അസുഖം അദ്ദേഹത്തെ മാറ്റി നിർത്തിയത്. വീണ്ടും അസുഖം ആദ്യ ഘട്ടത്തിൽ ഭേദമായി തിരികെ പ്രിയദർശന്റെ "ഗീതാഞ്ജലി" യിൽ അഭിനയിക്കാൻ പോയ അനുഭവം അദ്ദേഹം പറയുന്നുണ്ട്. 

"... ആ സംഘത്തിൽ ആരും എനിക്കന്യരല്ല. അവരോടൊപ്പം ഞാൻ അലിഞ്ഞു. അല്പദിവസം കഴിഞ്ഞപ്പോഴേക്കും കാൻസർ കാലഘട്ടം നൂറ്റാണ്ടുകൾക്കു മുൻപ് എപ്പോഴോ സംഭവിച്ചത് പോലെ തോന്നി. മരുന്നുകൾക്കുപരിയായി ഈ പ്രിയ സംഗമം എനിക്ക് കൂടുതൽ ഊർജ്ജം തന്നു. അവരാരും എന്നെ രോഗിയായി കണ്ടില്ല എന്നതാണ് സത്യം. അവർക്ക് ഞാൻ പഴയ ഇന്നസെന്റ് തന്നെയായിരുന്നു. എന്നെ അങ്ങനെ കണ്ട, സ്നേഹിച്ച സുഹൃത്തുക്കൾക്ക് നന്ദി...". ജീവിതത്തിന്റെ നല്ലൊരു ഭാഗവും ക്യാമറയ്ക്കു മുന്നിൽ പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിച്ച ഒരു മനുഷ്യന് വീണ്ടും മാസങ്ങൾക്കു ശേഷം മരണത്തിൽ നിന്ന് തിരികെയെത്തിയ നിമിഷങ്ങളിൽ അവർ നൽകുന്ന സ്നേഹം തീർച്ചയായതും വിലപ്പെട്ടത് തന്നെയാകാതെ തരമില്ലല്ലോ. 

നമുക്കൊക്കെ ഒരു വിചാരമുണ്ട്, ചെറിയ അസുഖങ്ങളൊക്കെ വന്നാലും മഹാരോഗങ്ങൾ നമ്മുടെ ശരീരത്തെ ഒരിക്കലും കീഴ്പ്പെടുത്താൻ പോകുന്നില്ലെന്ന്. ഇന്നസെന്റും അങ്ങനെ തന്നെ ഉറച്ചു വിശ്വസിച്ചിരുന്നു. ആൽഫ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുമ്പോഴോ അതിൽ പ്രവർത്തിക്കുമ്പോഴോ അദ്ദേഹം ഒരിക്കലും അറിഞ്ഞിരുന്നുമില്ല എന്നേ അർബുദത്തിന്റെ വിത്തുകൾ ശരീരത്തിൽ മുളച്ച് തുടങ്ങിയെന്ന്. ചെറിയ അസുഖങ്ങളിൽ, അത് മാറി വരുമ്പോഴുള്ള അപാരമായ ഊർജ്ജത്തിൽ അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് നാവിലെ തടിപ്പും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടിൽ നിന്നും അസുഖം പുതിയ പേരുകളിലേക്കും വഴികളിലേക്കും തിരിഞ്ഞെത്തുന്നത്. സ്വാഭാവികമായും ആദ്യം കേൾക്കുമ്പോൾ ഉണ്ടാകുന്ന തകർന്നു വീഴൽ ഇന്നസെന്റും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ചു. പക്ഷെ അതിൽ നിന്നും കര കയറേണ്ടത്, കുടുംബത്തെ കൂടി സങ്കടങ്ങളിൽ നിന്നും കര കയറ്റേണ്ടത് തന്റെ ബാധ്യതയാണെന്ന തിരിച്ചറിവാകണം അദ്ദേഹത്തെ അസുഖത്തിൽ പോലും ചിരിയുടെ നേർത്ത വിരൽസ്പർശം കണ്ടെത്താൻ സഹായിച്ചത്.   

എംപി ആകുന്നതിനു മുൻപ് അസുഖബാധിതനായിരിക്കുമ്പോൾ ഇന്നസെന്റ് എഴുതിയ അനുഭവക്കുറിപ്പാണ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം. ഡോ. ഗംഗാധരനും ഡോ. ലിസിയും ആലീസും മക്കളും കൊച്ചു മക്കളും സത്യൻ അന്തിക്കാടുമൊക്കെ കടന്നു വരുന്ന വലിയൊരു ലോകം ഈ ചെറിയ പുസ്തകത്തിനുള്ളിലുണ്ട്. ഓരോരുത്തരും അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച രീതി വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്നസെന്റിന്റെ ഡോക്ടർ ലിസിക്കും അർബുദമാണെന്നു തിരിച്ചറിയുന്നത്. ലോകമെങ്ങും ഇരുട്ടിലെന്ന പോലെ ആണ്ടു പോയ ആ നിമിഷം അതിജീവിച്ചതിനെ കുറിച്ചു ഇന്നസെന്റ് എഴുതിയപ്പോൾ അദ്ദേഹം തീർച്ചയായും കരഞ്ഞിട്ടുണ്ടാകണം, കാരണം ആ വരികൾ വായനയിലും ഹൃദയം മുറിക്കുന്നുണ്ട്. ആ വരികൾ മാത്രമല്ല അങ്ങനെ എത്രയോ വരികൾ ഹൃദയം പിളർത്തുന്നത് തന്നെയാണ്! അദ്ദേഹത്തിന്റെ ഭാര്യ ആലീസിനും അർബുദമാണെന്നറിയുമ്പോൾ ഒരുപക്ഷെ തനിക്ക് അർബുദം ഉണ്ടെന്നറിഞ്ഞതിനേക്കാൾ തകർന്നു പോയ ആളാണ് ഇന്നസെന്റ്. പക്ഷെ അങ്ങനെ തളർന്നു പോകാൻ വയ്യാത്തത് കൊണ്ട് തന്നെ കുടുംബമായി കാൻസർ ചികിത്സയ്ക്ക് പോകുന്ന യാത്രകൾ സ്വയം അദ്ദേഹം മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉപയോഗിക്കുന്നു.

ചിരിയുടെ ആശാനാണ് ഇന്നസെന്റ്. എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മികച്ച നടൻ. അതെ നടനം ജീവിതത്തിലും പലവട്ടം അസുഖ സമയത്ത് പയറ്റേണ്ടി വന്ന അനുഭവം അദ്ദേഹം എഴുതുന്നുണ്ട്. യാത്രകൾക്കിടയിൽ വഴിയിൽ കാണുന്ന മനുഷ്യ മുഖങ്ങൾ അടുത്ത വാഹനത്തിൽ ഇന്നസെന്റ് ആണെന്നറിയുമ്പോൾ അനുഭവിക്കുന്ന തമാശ കലർന്ന ആർപ്പു വിളികളിൽ ആനന്ദിക്കണോ സ്വയം അനുഭവിക്കുന്ന അർബുദത്തിന്റെ പേമാരിയിൽ കരയണോ എന്നറിയാതെ ചലിക്കാനാകാതെ ഇരിക്കുന്ന ഇന്നസെന്റ് പലതും പഠിപ്പിക്കുന്നു. പുറമെ കാണുന്നത് ആകണമെന്നില്ല ആരുടെയും ജീവിതം. പ്രത്യേകിച്ച് സിനിമകളിൽ അഭിനയിക്കുന്ന സെലിബ്രിറ്റീസിന്റെ ജീവിതങ്ങൾ... എത്ര ബുദ്ധിമുട്ടുകൾക്കിടയിലും ആരാധകരെ നോക്കി ചിരിച്ചില്ലെങ്കിൽ അവരോടൊപ്പം സെൽഫി എടുത്തില്ലെങ്കിൽ സോഷ്യൽ മീഡിയയയിൽ പോലും അപമാനിക്കപ്പെടുന്ന അവസ്ഥയിൽ സ്വന്തം ബുദ്ധിമുട്ടുകൾ പോലും അവർക്ക് മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഇതുപോലെ തന്നെയുള്ള ഒരു കൂട്ടരായി അസുഖമറിഞ്ഞു കാണാനെത്തുന്നവരെയും അവരുടെ വാക്കുകളെയും പരിഹസിക്കുന്നുണ്ട് ഇന്നസെന്റ്. 

അനുഭവങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. അവനെ എഴുത്തുകാരനാക്കുന്നതും അതെ അനുഭവങ്ങൾ തന്നെ.