Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗരങ്ങളില്‍ 'ദാരിദ്ര്യ'മനുഭവിക്കുന്ന യുവാക്കള്‍

ഹു മീ, പുവര്‍? (Who Me, Poor), ഗായത്രി ജയരാമന്റെ പുതിയ പുസ്തകത്തിന്റെ പേരാണിത്. പേര് സൂചിപ്പിക്കുന്നതു പോലെ ദാരിദ്ര്യം തന്നെയാണ് ഇതിവൃത്തം. എന്നാല്‍ അത് നാഗരിക യുവതലമുറയുടെ ദാരിദ്ര്യമാണെന്ന് മാത്രം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗായത്രി ജയരാമന്‍ ഇന്ത്യയില്‍ അധികമാരും കൈവെച്ചിട്ടില്ലാത്ത 'അര്‍ബന്‍ പുവര്‍' എന്ന പ്രശ്‌നത്തെയാണ് തന്റെ പുസ്തകത്തിലൂടെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്.  

ഉദാരവല്‍ക്കരണ ഇന്ത്യയിലെ യുവാക്കളുടെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഈ വിഷയത്തില്‍ വിദഗ്ധ പഠനം നടത്തുന്ന ഗായത്രി തന്റെ പുസ്തകത്തിലൂടെ ചര്‍ച്ചയാക്കുന്നത്. ആഴത്തിലുള്ള ഗവേഷണത്തിലൂടെ നിരവധി കേസ് സ്റ്റഡികളും മറ്റും ഈ പുസ്തകത്തിനായി അവര്‍ നടത്തിയിട്ടുണ്ട്. അതെല്ലാം അതില്‍ പ്രകടമാണ് താനും. 

നഗരജീവിതത്തിന്റെ മോടികള്‍ക്കു വേണ്ടി പല കാര്യങ്ങളും വിട്ടുവീഴ്ച്ച ചെയ്യുന്ന യുവാക്കളുടെ നേര്‍ക്കാഴ്ച്ചകളാണ് ഇതില്‍. ഓഫീസ് കള്‍ച്ചറിനോട് ഇണങ്ങിച്ചേരാനായി പാര്‍ലെ ജി ബിസ്‌ക്കറ്റ് മാത്രം കഴിച്ച് മാസങ്ങള്‍ തള്ളി നീക്കിയ യുവാവിന്റെ കഥയുണ്ട് ഇതില്‍, സാമ്പത്തികപരമായി തനിക്ക് മാനേജ് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് കാമുകിയെ ഉപേക്ഷിച്ച ടെക്കിയുടെ കഥയും. 

നഗരങ്ങളില്‍ ജീവിതം തീര്‍ക്കുന്ന യുവാക്കളുടെ കഥയാണിത്. അവര്‍ ബ്രാന്‍ഡ് കോണ്‍ഷ്യസ് ആണ്. അവര്‍ ഊബറിലാണ് യാത്ര ചെയ്യുക, ലക്ഷ്വറി ഈറ്റ് ഔട്ട് കേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകര്‍, ഫാഷന് പുറകെ അതിവേഗം ഓടുന്നവര്‍. എന്നാല്‍ ഇവരുടെ കൈയില്‍ എത്തുന്ന പണവും ഈ ആവശ്യങ്ങളും തമ്മില്‍ യോജിച്ച് പോകുമോ?

നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലുള്ള പുസ്തകമാണെങ്കിലും അത് വായിക്കാന്‍ കഥ പോലെയുള്ള തരത്തില്‍ ഗായത്രി കൈകാര്യം ചെയ്തിട്ടുണ്ട്. പുസ്തകത്തില്‍ ഒരാള്‍ പറയുന്നത് നോക്കുക. "പുതിയ നഗരത്തില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളെ ഉണ്ടാക്കണമെങ്കില്‍, അതിനനുസരിച്ചുള്ള ഡ്രസും ഷൂവും എല്ലാം വങ്ങണം. അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ പിന്നെ ഈ നഗരത്തില്‍ എത്തിയത് എന്തിനാണ്. ഇവിടെ ജോലി ചെയ്യുന്നത് എന്തിനാണ്. പുതിയ ജീവിതം ആഗ്രഹിച്ചല്ലേ ഇങ്ങോട്ട് വന്നത്. അപ്പോള്‍ അതിനനുസരിച്ചാകണം പ്രവൃത്തിയും.''

നഗരം എന്ന മായിക സ്വപ്‌നത്തില്‍, അതിന്റെ വേഗതയ്‌ക്കൊപ്പം എങ്ങനെയും ഓടിയെത്താനുള്ള ഒരു തലമുറയെ ആണ് ഗായത്രി പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. അതുകൊണ്ടാണ് ഒരാളുടെ വരുമാനം കൂടുന്നതനുസരിച്ച് ചെലവില്‍ ക്രമാതീതമായ വളര്‍ച്ചയും ഉണ്ടാകുന്നത്. അവസാനം എത്ര വരുമാനം കിട്ടിയാലും അതിനുള്ളില്‍ ജീവിക്കാന്‍ പറ്റാത്ത തരത്തിലേക്ക് പലരും എത്തുന്നു.