Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഖുഷി' കുട്ടികൾക്കായി ഒരു പരിസ്ഥിതി നോവൽ

കുട്ടികൾക്കായി ഗൾഫ് പശ്ചാത്തലത്തിൽ എഴുതിയ ആദ്യത്തെ പരിസ്ഥിതി നോവലാണ് സാദിഖ് കാവിലിന്റെ ഖുഷി. ഫ്ലാറ്റിന്റെ നാലു ചുവരുകൾക്കുള്ളിൽ പെട്ടുപോകാൻ വിധിക്കപ്പെട്ട നമ്മുടെ കുട്ടികൾക്ക് പ്രകൃതി എന്നാൽ ബാൽക്കണിയിലെ ഒരു ചെടിച്ചട്ടിയും ആകാശമെന്നാൽ ഒരു ജനൽക്കാഴ്ചയുമായി മാത്രം ചുരുങ്ങിപ്പോകുന്ന കാലത്ത് അവർക്ക് പ്രകൃതിയുടെ അനന്തവൈവിധ്യവും വിശാലതയും പറഞ്ഞുകൊടുക്കാനും അവരിൽ പാരിസ്ഥിതികബോധം വളർത്തുവാനുമുള്ള അക്ഷരശ്രമം എന്നാണ് ബെന്യാമിൻ നോവലിനെ കുറിച്ച് പറയുന്നത്. 

വസന്തം കുട്ടിക്കാലം പോലെയാണ് അത് പെട്ടെന്ന് വിട പറഞ്ഞ് പോയേക്കാം. ബാല്യവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു ഈ നോവലിൽ ഗ്രന്ഥകാരൻ. ജയ് എന്ന കുട്ടിയും ഖുഷി എന്ന പൂച്ചകുട്ടിയുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഖുഷി. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും കുറിച്ചുമുള്ള ആശങ്കകളും നോവലിൽ കാണാം. പ്രകൃതിയെ അറിയുവാനും സ്നേഹിക്കുവാനും കുട്ടികൾക്കൊരു പ്രചോദനമായിരിക്കും ഈ നോവൽ.

അക്ഷരമറിയാവുന്ന കുട്ടികൾക്ക് സ്വയം വായിച്ച് ആസ്വദിക്കാനും. അക്ഷരം അറിയാത്ത കുട്ടികൾക്ക് വായിച്ചുകൊടുക്കാനും കഴിയുന്ന പുസ്തകം. വായനയുടെ ലോകത്തേയ്ക്ക് പിച്ചവയ്ക്കാൻ കൊച്ചു കുട്ടികൾക്ക് സഹായകമാകും ഖുഷി എന്ന നോവൽ.