Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരോധിക്കപ്പെട്ട പുസ്തകങ്ങൾ കൊണ്ട് എന്ത് ചെയ്യാം?

parthenon

അക്ഷരങ്ങൾ ദൈവവും പുസ്തകങ്ങൾ ക്ഷേത്രവും ആകാമോ? അങ്ങനെ തന്നെയാണ് നാം അക്ഷരങ്ങളെ കാണുന്നതും. അക്ഷരങ്ങൾക്ക് പ്രത്യേകമായി ദേവതമാരെയും സങ്കൽപ്പിച്ച് നൽകിയിരിക്കുന്നു. ഒരുപക്ഷെ വിശ്വാസങ്ങൾ ഏറ്റവുമധികം മിത്തുകളോട് കൂടി ചേർന്നിരിക്കുന്ന ഇന്ത്യയിലും ഗ്രീക്കിലുമൊക്കെ തന്നെയാണ് ഇത്തരം വിശ്വാസങ്ങൾ അക്ഷരങ്ങളോടും ചേർന്നിരിക്കുന്നത്. എന്നിട്ടുമെന്തേ ചില പുസ്തകങ്ങൾ നിരോധിക്കപ്പെടുന്നു? അക്ഷരങ്ങൾ നിരാകരിക്കപ്പെടുന്നു? ഓരോ ഭൂരിപക്ഷം വരുന്ന സമൂഹത്തിനോ ഒരു പ്രദേശത്തെ ഭരണം നിർവ്വഹിക്കുന്ന വിഭാഗത്തിനോ അപകടമെന്ന് വിവക്ഷിക്കാവുന്ന പുസ്തകങ്ങളാണ് എപ്പോഴും നിരോധിക്കപ്പെടുക. കാരണം പുസ്തകം വായിച്ചും ഇവിടെ വിപ്ലവം വരുമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അപ്പോൾ അത്തരം പരാമർശമുള്ള പുസ്തകങ്ങൾ നിരോധിക്കപ്പെടുക ഫാസിസം മനസ്സിൽ സൂക്ഷിക്കുന്ന ഒരു ഭരണവർഗ്ഗത്തെ സംബന്ധിച്ച് സ്വാഭാവികമാണ്. എന്നാൽ നിരോധിക്കപ്പെട്ട പുസ്തകങ്ങൾ കൂട്ടി വച്ച ഒരു ക്ഷേത്രം ഒരുങ്ങിയാലോ?

ജർമ്മനിയിലെ കാസെലയിലാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങൾ കൊണ്ട് ഒരു കലാകാരി ക്ഷേത്രമുണ്ടാക്കിയിരിക്കുന്നത്. മാര്‍ത്താ മിനുജിന്‍ എന്ന കലാകാരിയാണ് ഈ വർഷം ജർമ്മനിയിൽ നടക്കുന്ന ഡോക്യുമെന്റാ 14 ആര്‍ട്ട് ഫെസ്റ്റിവലിനു വേണ്ടി നിരോധിക്കപ്പെട്ട പുസ്തകങ്ങൾ ശേഖരിച്ച് അതുകൊണ്ട് വിശുദ്ധം എന്ന് സങ്കല്പമുള്ള ക്ഷേത്രം ഒരുക്കിയത്. ഇതിനു വേണ്ടി ഒരുലക്ഷം പുസ്തകങ്ങളാണ് മാർത്ത ഉപയോഗിച്ചത്. 

ദ പാർത്തനോൻ ഓഫ് ബുക്സ് എന്നാണു ഈ ക്ഷേത്രത്തിനു മാർത്ത പേരിട്ടിരിക്കുന്നത്. നാസി ഭരണകാലത്ത് ഭരണവിരുദ്ധ വികാരമുള്ള രണ്ടായിരത്തോളം പുസ്തകങ്ങളാണ് നാസി പടയാളികൾ കൂട്ടിയിട്ട് തീ വച്ച് നശിപ്പിച്ചത്. ഇപ്പോൾ അതെ ഇടത്താണ് അത്തരത്തിൽ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ക്ഷേത്രം ഒരുങ്ങിയിരിക്കുന്നത്. എഴുത്തുലോകത്തിലെ എഴുത്തുകാർക്കും അവർക്കെതിരെ ഇന്നും എന്നും രൂപപ്പെട്ടിട്ടുള്ള അധികാര ശക്തികൾക്കും എതിരെയുള്ള ഒരു കലഹമാർഗ്ഗമാണ് ഈ ഇൻസ്റ്റലേഷനിലൂടെ മാർത്ത ആഗ്രഹിച്ചത്. ഇതാദ്യമായല്ല മാർത്ത ഇത്തരമൊരു പ്രോജക്ട് നിരോധിക്കപ്പെട്ട പുസ്തകങ്ങളിൽ നടത്തുന്നത്. 1983 ലും അർജന്റീനയിൽ യുഎസ് പട്ടാളത്തിന്റെ വീഴ്ചയെ തുടർന്നും ഇത്തരത്തിലൊരു ഇൻസ്റ്റലേഷൻ മാർത്ത ഒരുക്കിയിരുന്നു. അന്ന് മാർത്ത താമസിച്ചിരുന്ന ജുൻഡാ പട്ടണത്തിലെ സർക്കാർ നിരോധിച്ച പുസ്തകങ്ങൾ വച്ചാണ് ഇൻസ്റ്റലേഷൻ ചെയ്തത്. 

parthenon-1

കാസെൽ ഫെസ്റ്റിൽ ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി നിരോധിക്കപ്പെട്ട പുസ്തകങ്ങൾ എങ്ങനെ സംഘടിപ്പിക്കും? മാർത്തയെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി അതുതന്നെയായിരുന്നു. അതിനു വേണ്ടി അത്തരം പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി എഴുത്തുകാരോടും പ്രസാധകരോടും മാർത്ത സംസാരിച്ചു. അങ്ങനെ വ്യക്തിപരമായും വിവിധ പ്രസാധകർ വഴിയും മാർത്ത ഈ പുസ്തകങ്ങളെല്ലാം ശേഖരിച്ചു. ഒപ്പം കാസെൽ സർവ്വകലാശാലയിലെ അധ്യാപകരും കുട്ടികളും ഈ പുസ്തകങ്ങൾ ശേഖരിക്കാൻ മാർത്തയെ ആവുന്നത്ര സഹായിക്കുകയും ചെയ്തു. Uncle Tom’s Cabin, The Alchemist, The Foundation of the General Theory of Relativity, The Poet in New York, The Sorrows of Young Werther, The Metamorphosis, The Satanic Verses, and The Grapes of Wrath തുടങ്ങി ഏഴായിരത്തോളം പുസ്തകങ്ങളാണ് നിരോധിക്കപ്പെട്ടതായി മാർത്തയ്ക്ക് ലഭിച്ചത്.

എത്ര നിശബ്ദമായും ശക്തമായുമാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങൾ കൊണ്ട് ഒരു കലാകാരി വിപ്ലവം നടത്തിയതെന്ന് മാർത്തയുടെ ഇൻസ്റ്റലേഷൻ കാണിച്ച് തരുന്നു. ഗ്രീക്കിലെ അക്രോപോളിസ് മലകളിൽ 447 BC യിൽ പണികഴിപ്പിക്കപ്പെട്ട അഥീന ദേവിയുടെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് മാർത്ത നിർമ്മിച്ച പുസ്തകങ്ങളുടെ ക്ഷേത്രവും. ആ ക്ഷേത്രത്തിന്റെ പേരാണ് പാർത്തനോൻ എന്നത്. ഇതേ പോലെ പണി കഴിപ്പിച്ചതുകൊണ്ടാണ് പുസ്തക ക്ഷേത്രത്തിനും ആ പേരിട്ടതെന്നു മാർത്ത പറയുന്നു. കാസെലിൽ നടക്കുന്ന ആർട്ട് ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഈ പുസ്തക ക്ഷേത്രം. പുസ്തകങ്ങൾ പൂർണമായും സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് മൂടപ്പെട്ട് ആണ് ചെയ്തിരിക്കുന്നത്. തൂണുകളുടെ ഉറപ്പിന് വേണ്ടി ലോഹം കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്, ഇതിനു പുറമെയാണ് പുസ്തകങ്ങൾ കൊണ്ട് കവർ ചെയ്യപ്പെട്ടിരിക്കുന്നത്. വരുന്ന സെപ്റ്റംബർ 17 വരെ ജർമ്മനിയിൽ ഈ ഇൻസ്റ്റലേഷൻ പ്രദർശനം തുടരും.