Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതിഭ്രമം ബാധിച്ച വായന

ചില എഴുത്തുകൾ ഭ്രമങ്ങളാണെന്നു തോന്നിപ്പിക്കാറുണ്ട്. മതിഭ്രമം ബാധിക്കുന്നത് എങ്ങനെയൊക്കെയാവാം? വായനയുടെ ഏതോ നിമിഷങ്ങളിൽ ചങ്കത്ത് വന്നലയ്ക്കുന്ന നോവ് പോലെയുള്ള മൊട്ടുസൂചി കുത്തുകളിൽ നിന്നും അത് വ്യാപിച്ചു ഉടലാകെ പടരുമ്പോൾ, തലച്ചോറും കടന്നു അത് ഉന്മാദത്തിന്റെ അവസ്ഥാന്തരമായി തീരുമ്പോൾ... സന്തോഷ് ബാബുവിന്റെ "മതിഭ്രമത്തിന്റെ കുതിരകൾ" അത്തരമൊരു വായനയാണ്. കവറിൽ നിന്നും അകത്തേയ്ക്ക് കടക്കുമ്പോഴും വായനയുടെ ആദ്യ ഭാഗത്തും അതെ ഭ്രമം പിടികൂടി വല്ലാതെ ഞെരിച്ചു തുടങ്ങും. ഒടുവിൽ വായന നിർത്തുമ്പോൾ ഒരുതരം നിസ്സംഗ അവസ്ഥയിലേയ്ക്ക് സ്വയം പെയ്തു തോരേണ്ടാതായി വരും. അല്ലെങ്കിൽ തിരിച്ചു വരാൻ ഇത്തിരി പ്രയാസപ്പെടും.

കവിതയുടെ രസതന്ത്രം എനിക്ക് വശമില്ല. ഏകാന്തതയിൽ നിന്നോ ഉന്നതമായ സാമൂഹ്യ ബോധത്തിൽ നിന്നോ അല്ല എനിക്ക് കവിതയുണ്ടാകുന്നതെന്നും അത് തീർത്തും സ്വകാര്യതയിൽ നിന്നുമാണെന്നും കവി ആദ്യം തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്, ആമുഖത്തിൽ. സ്വന്തം എഴുത്തിനെ കുറിച്ച് തുറന്നു പറയാൻ എഴുത്തുകാരന് നാണക്കേട് തോന്നുന്നത് ഒരുതരം ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്നുണ്ട്, പക്ഷേ, ഭവ്യതയോടെ ആ വാക്കുകളെ നമുക്ക് ലഘൂകരിക്കാം, അനിർവചനീയമായ പല അനുഭൂതികളും സ്പർശങ്ങളും നൽകുന്ന മതിഭ്രമത്തിൽ വിലയിച്ചു പോകാം.

വളരെ ശക്തമാണു കവിയുടെ വായന. ഓരോന്നിനെയും അത്രമേൽ ആർജ്ജവത്തോടു കൂടി കാണുന്ന വായന.

"എന്റെ ഇരുൾ

എനിക്ക് സ്വസ്ഥത

നിന്റെ ഇരുൾ

നിനക്ക് സ്വസ്ഥത

വക്ക് പൊട്ടിയ ഒരു ചെണ്ട."

ജീവിതത്തോട് കുടുംബസ്ഥർക്കുണ്ടാകുന്ന അന്യതാബോധത്തിൽ നിന്നും ഉരുവാക്കപ്പടുന്ന ഇതേ വരികളിലൂടെ തന്നെയല്ലേ ഓരോ ദമ്പതികളും അവരവരുടെ ജീവിതങ്ങളെ കുടിച്ചു തീർക്കുന്നത്! അവനവന്റേതാക്കലാണ് ഓരോ കാഴ്ചകളും മനുഷ്യന്, അത് സ്വന്തമാകുന്നില്ലെന്ന തോന്നലുയർത്തുന്ന നിരാശ പൊട്ടിച്ചെറിയാൻ അത്ര എളുപ്പവുമല്ല. "പ്രണയജീവിതം" എന്ന ഈ കവിതയുൾപ്പെടെ പലതിലും ഇതേ സത്യം ഉയർന്നു നിൽക്കുന്നു. 

"ഞാൻ

ഇരയും

വഴിയുമാകുന്നു.

ഞാൻ ആകുന്നവൻ

ആകുന്നു.

എന്റെ പിന്നാലെവന്നവൾ

യോഗ്യതന്നെ."

വാക്കുകൾക്ക് പലപ്പോഴും തീ പിടിക്കാറുണ്ട്, അത് കെടുത്താതെ ഇരിക്കുന്നിടത്തു തന്നെയാണ് ജീവിതം പലപ്പോഴും വ്യത്യസ്തമാണെന്ന് കാണിച്ചു തരുന്നത്. തീക്ഷ്ണമായ വാക്കുകൾ ഉപയോഗിക്കുന്നവർ അതിതീക്ഷ്ണമായ ആന്തരിക ഉന്മാദങ്ങളിൽ കൂടി കടന്നു പോകുന്നവൻ തന്നെയെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സന്തോഷ് ബാബുവിന്റെ വരികൾ അടയാളപ്പെടുത്തുന്നതും മറ്റൊന്നല്ല, അപ്പോൾ പിന്നെ മതിഭ്രമത്തിന്റെ കുതിരകൾ എന്നല്ലാതെ എങ്ങനെ ഇതിനെ വിളിക്കും?

പല കാലങ്ങളിൽ നിന്നെന്ന പോലെ പല തലക്കെട്ടുകളിൽ നിന്നാണ് കവിതകളുടെ പിറവി. കവിതകളെ വിഭജിക്കുന്നതിനു പ്രത്യേകം തീരുമാനങ്ങളൊന്നും ബാധിച്ചിട്ടുണ്ടെന്നു തോന്നിയില്ലെങ്കിലും അവയെല്ലാം അതെ ഭ്രമത്തിന്റെ കാൽപ്പനിക സ്വഭാവം പേറുന്നവയാണ്, അങ്ങനെ ഓരോ തലക്കെട്ടിന്റെയും അടിയിൽ പൂണ്ടിരിക്കുന്ന കവിതകൾ കാവ്യങ്ങൾ ഒരേ രേഖയിലേക്കെത്തുന്നു. "ജീവിതവും ഭ്രാന്തും മരണവും പ്രണയവും തമ്മിൽ എന്തായിരുന്നു വ്യത്യാസമെന്ന്?" ഡിവൈൻ കോമഡി എന്ന പുസ്തകഭാഗം ചോദിക്കുന്നു. ജീവിതം നെഞ്ചിൽ പച്ച കുത്തിയ കടലായി തെളിയുമ്പോൾ പകലൊടുങ്ങുന്ന മനസ്സുകളിൽ അതുണ്ടാക്കുന്ന ചുഴികൾ വലുതാണ്. അവിടെ മാത്രമാവും പ്രണയവും വ്യത്യാസങ്ങളില്ലാതെയാകുന്നത്. 

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയാണ്‌ ചില എഴുത്തുകൾ ഇഷ്ടപ്പെട്ടു പോകുന്നത്. അത്രയെളുപ്പത്തിലല്ല കുതിരക്കുളമ്പടികളോരോ നിമിഷവും കേട്ടുകൊണ്ടിരുന്നത്. വളരെ സമയമെടുത്ത് അതിന്റെ താളം ശ്രദ്ധിച്ച്, നടപ്പിന്റെ വലിവുകളും മിടിപ്പുകളും ശ്രദ്ധിച്ച് തന്നെയാണ് ഈ മതിഭ്രമത്തെ വായിച്ചവസാനിപ്പിച്ചത്.

"ഒരു പഴയ പോർച്ചുഗീസ് പള്ളിയുടെ പൊളിഞ്ഞ വരാന്തയിൽ നിന്ന് അകലെ പുത്തൻ പള്ളിയിൽ നടക്കുന്ന ഒരു കല്യാണം കാണുമ്പോഴാണ് പഴയ ഭിത്തിയിലെ കല്ലടർന്ന പഴുതിലൂടെ മതിഭ്രമത്തിന്റെ കുതിര കുളമ്പടികളുയർത്തി വന്ന് എന്നെ ചവിട്ടി മെതിച്ചത്." സന്തോഷ്‌കുമാർ ഈ എഴുതുന്നത് പുസ്തകത്തിന് ബാധകമാകുന്നു. തുടങ്ങിക്കഴിഞ്ഞാൽ വായന അവസാനിപ്പിക്കാതെ മറ്റു നിവൃത്തികൾ ഇല്ലാതാകുന്നു. കാരണം പാതിയിൽ വച്ച് നിർത്തുന്ന വായനകൾ ഇല്ലാതാക്കുന്നത് മധ്യത്തിൽ വച്ച് നിന്നു പോയ ഒരു സിനിമയുടെ പാതി മാഞ്ഞു പോയ റീലുകൾ പോലെയാണ്.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌Books In Malayalam LiteratureMalayalam Literature NewsMalayalam Book Review