Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മഹത്യയിൽ നിന്ന് തിരിച്ചു വിളിച്ച 'രണ്ടാമൂഴം'...

pazhayidam-with-mt ജീവനൊടുക്കാനായി പോയ പഴയിടം മോഹനൻ നമ്പൂതിരിയെ കുറവിലങ്ങാട്ടു നിന്ന് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് എംടിയുടെ ‘ഭീമൻ’ രചനാശൈലി !

മരണമുനമ്പിൽ വച്ചാണ് ആ യുവാവും എം.ടി. വാസുദേവൻ നായരും കണ്ടുമുട്ടുന്നത്. കോട്ടയത്ത് കുറിച്ചിത്താനമാണ് യുവാവിന്റെ നാട്. 26–ാം വയസ്സിൽ ചെറിയ ബിസിനസൊക്കെ നടത്തി കടംകയറി, തീർക്കാൻ നിർവാഹമില്ല. നിരാശ ജീവിതത്തിൽ പടർന്നുകയറുന്നു. മറ്റൊരു വഴിയില്ലെന്ന ചിന്ത വന്നു. ആത്മഹത്യയെന്ന ചിന്ത ഉള്ളിൽ കയറി. എല്ലാറ്റിനെയും കീഴടക്കുന്ന മരണത്തിലേക്കു പോകാമെന്ന് ഉറപ്പിച്ചു. അത് എങ്ങനെ വേണമെന്നുള്ള ആലോചനയായി. ഓരോ ദിവസവും മരണവഴി തേടി നടന്നു. 

അന്നു രാവിലെയും ഇന്ന് മരണമെന്ന് ഉറപ്പിച്ച് വീടിന്റെ അടുത്ത ജംക്‌ഷനിൽനിന്ന് യുവാവ് ബസിൽ കയറി. കുറവിലങ്ങാട് ജംക്‌ഷനിൽ ബസ് നിർത്തിയപ്പോൾ കടയിൽ ഒരു മാസികയുടെ പുറംചട്ടയിൽ എംടിയുടെ ചിത്രം കണ്ടു. ‘രണ്ടാമൂഴം’ എന്ന നോവലിന്റെ അറിയിപ്പാണ്. എംടിയുടെ പേര് വലിയ അക്ഷരത്തിൽ കൊടുത്തിട്ടുണ്ട്. യുവാവ് ബസിൽനിന്ന് ചാടിയിറങ്ങി. ആ യുവാവിന് ജീവിതത്തിലേക്ക് ഒരു രണ്ടാമൂഴം തിരിച്ചുകൊടുത്തത് കടയിൽ തൂങ്ങിക്കിടന്ന ആ എംടിയായിരുന്നു. ആ യുവാവാണ് പിന്നീട് നാടറിഞ്ഞ രുചിയുടെ കൂട്ടുകാരനായ പഴയിടം മോഹനൻ നമ്പൂതിരി.

ഓർമകളിൽ ആ യാത്ര 

1981ൽ ആയിരുന്നു ആ സംഭവം. സ്കൂളിലും കോളജുകളിലും ആശുപത്രികളിലുമൊക്കെ ലാബുകളിലേക്ക് സാധനങ്ങൾ നൽകുന്ന കച്ചവടമായിരുന്നു പഴയിടത്തിന്. അറിയാൻ പാടില്ലാത്ത കച്ചവടത്തിൽ തുടക്കത്തിൽ തന്നെ അപകടം പിണഞ്ഞു. നഷ്ടം വലുതായപ്പോൾ കാര്യങ്ങൾ കൈവിട്ടു. വായനയായിരുന്നു എന്നും കൂട്ടുനിന്ന ശീലം. അങ്ങനെയാണ് എംടിയോട് ഇഷ്ടം വന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും ഹരമായിരുന്നു. 

അങ്ങനെയാണ് ആത്മഹത്യയ്ക്കിറങ്ങിയ ദിവസം എംടിയുടെ രണ്ടാമൂഴം കൂടി വായിച്ചിട്ട് മരിക്കാം എന്നു തീരുമാനിച്ച് ബസിറങ്ങിയത്. കടയിൽനിന്ന് ആ ആഴ്ചപ്പതിപ്പ് വാങ്ങി കടത്തിണ്ണയിൽ ഇരുന്നുതന്നെ വായിച്ചു. ആദ്യലക്കം ‘യാത്ര’ എന്നാണ് എംടി പേരിട്ടിരിക്കുന്നത്. തന്റെ യാത്രയാണെങ്കിൽ അവസാന യാത്രയും. യാത്രയുടെ തുടക്ക വാചകംതന്നെ പഴയിടത്തെ വീഴ്ത്തി. 

randamoozham

‘കടലിന് കറുത്ത നിറമായിരുന്നു’.... മരണത്തിന്റെ കറുപ്പാണ് തന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ കൊക്കയിൽ ചാടുക അല്ലെങ്കിൽ വിഷം കഴിക്കുക; അങ്ങനെ പല ചിന്തകളായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതിൽ ഇടയ്ക്കിടെ യുധിഷ്ഠിരൻ ഇടറാൻ തുടങ്ങുന്ന മനസ്സിനെ ശാസിക്കുന്നുണ്ട്, ‘ശാന്തമാകൂ’ എന്ന്. അർജുനൻ പറയുന്നു, വഴിക്കുമാത്രമല്ല, പിന്നിട്ട ജീവിതപഥങ്ങളെയും നഷ്ടങ്ങളെയും എവിടെയും തിരിഞ്ഞുനോക്കരുതെന്നും. എംടിയുടെ വരികളിലൂടെ പഴയിടത്തിനെയും ഓർമിപ്പിച്ചു–മനസ്സേ, എല്ലാ ആരംഭത്തിനും അവസാനമുണ്ട്...

രണ്ടാമൂഴത്തിന്റെ തുടക്കത്തിൽതന്നെ ഭീമനെന്ന മഹാന്റെ ജീവിതം പഴയിടത്തിനെയും പിടിച്ചുമുറുക്കി. വാനപ്രസ്ഥത്തിന്റെ വേളയിൽ യുധിഷ്ഠിരനും അർജുനനും തളർന്നുവീണ ദ്രൗപദിയെ ഉപേക്ഷിച്ചുപോകുമ്പോൾ യാത്രയിൽ തിരിച്ചുനടന്ന് ദ്രൗപദിയുടെ അടുക്കലെത്തുന്ന ഭീമൻ. വിഷാദത്തോടെ കണ്ണുതുറന്ന് ഭീമനെ നോക്കി ദ്രൗപദിയുടെ മന്ദഹാസം. ഇതോടെയാണ് ആദ്യ ലക്കം അവസാനിക്കുന്നത്.  

പഴയിടത്തിന് ആകാംക്ഷയേറി. അടുത്ത ലക്കമെന്തായിരിക്കും. ഇതുവരെ വായിക്കാത്ത കഥയും പദങ്ങളും പഴയിടത്തിന്റെ ഹൃദയകവാടം തുറന്നുകയറി നൽകിയത് വല്ലാത്തൊരു ശാന്തതയായിരുന്നു. പഴയിടത്തിന്റെ മനസ്സിലേക്ക് എംടിയുടെ വരികളെത്തിയത് എത്തിപ്പിടിച്ചു കയറിവരാനുള്ള വള്ളിപോലെയായിരുന്നു. 

മരിക്കാനുള്ള തീരുമാനം മാറുന്നു. അടുത്ത ഒരു വർഷം വാരികയിൽ 52 ലക്കമായി രണ്ടാമൂഴം പ്രസിദ്ധീകരിക്കുന്നു. അതു മുഴുവൻ വായിക്കുന്നു. രണ്ടാം ജന്മത്തിന്റെ ആദ്യവർഷം ആകെ ചെയ്തത് ഇതു മാത്രമായിരുന്നു.ഇതെല്ലാം പഴയിടം മോഹനൻ നമ്പൂതിരി മനസ്സിൽ സൂക്ഷിച്ച രഹസ്യങ്ങൾ.

വാക്കിന്റെ ശക്തി

ഇനി 1991ൽ കഥ തുടരുകയാണ്. നാടിന് രുചിയുള്ള ഭക്ഷണം നൽകണമെന്ന വലിയ കർമം കൊത്തിവച്ചാണ് രണ്ടാം ജന്മം കാത്തിരുന്നത്. അത് ജില്ലാ കലോ‍ൽസവങ്ങളിലൂടെ മുന്നേറി.

2014ൽ സംസ്ഥാന കലോൽസവം കോഴിക്കോട് നഗരത്തിൽ നടക്കുന്നു. പാചകം പഴയിടം മോഹനൻ നമ്പൂതിരി. എംടി വാസുദേവൻ നായർ കലോൽസവം ഉദ്ഘാടനം ചെയ്യാൻ വന്നേക്കുമെന്നറിഞ്ഞപ്പോൾ തലേന്ന് പഴയിടം കലോൽസവ ഭാരവാഹിയോടു പറഞ്ഞു –‘എംടി വരുമ്പോൾ ഒന്നു കാണാൻ അവസരമുണ്ടാക്കണം.’

‘അതിനെന്താ, വേണമെങ്കിൽ ഇന്നു രാത്രി വീട്ടിൽ പോകുന്നുണ്ട്. കൂടെ വന്നോളൂ’ എന്നു കലോൽസവ ഭാരവാഹി. രാത്രി എംടിയെ കാണാൻ നല്ല കസവിന്റെ മുണ്ടും വാങ്ങി പഴയിടം പോയി.  നേരിൽ കാണുമ്പോൾ വല്ലാത്ത പരിഭ്രമമായിരുന്നു. പഴയിടം എല്ലാം പറഞ്ഞു. 

എം.ടി. വാസുദേവൻ നായർ

തന്റെ സാഹിത്യം ഒരാളെ മരണത്തിൽനിന്നു തിരിച്ചെത്തിച്ചുവെന്നു കേട്ടപ്പോൾ എംടി സ്തംഭിച്ചിരുന്നുപോയി. തന്റെ വാക്കുകളിൽ എത്തിപ്പിടിച്ച് മരണത്തിന്റെ കയത്തിൽനിന്നു തിരിച്ചുവന്നയാളോ! ഇത് ആലോചിച്ചിരുന്നുപോയതുകൊണ്ട് കാലിൽ വീണു പൊട്ടിക്കരയുന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ കാര്യം മറന്നുപോയി അദ്ദേഹം. ഉദ്ഘാടനത്തിന് വരില്ലെന്നു നേരത്തേ തീരുമാനിച്ചു പറഞ്ഞ എംടി പറഞ്ഞു–‘ഞാൻ വരും, ഉദ്ഘാടനം ചെയ്യാനല്ല, നമ്പൂതിരിയുടെ അടുക്കളയിലേക്ക്.’ 

തുളവീണ് മുറിഞ്ഞുപോകുമായിരുന്ന ആയുസ്സിനെ തിരിച്ചുപിടിച്ചത് തന്റെ വാക്കുകളാണെന്ന് പറഞ്ഞപ്പോൾ എംടിയുടെ മറുപടിയും മറക്കില്ല – ‘വാക്കിന് എല്ലാമാകാൻ കഴിയും’.