Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമാൾ മുരുകൻ ധീരനോ ഭീരുവോ?

perumal-murukan നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന അസഹിഷ്‌ണുതയുടെ ഇരയാണു പെരുമാൾ മുരുകനെങ്കിൽ, അതിനെ മാതൃകാപരമായി അതിജീവിക്കുന്നതിന്റെ വഴികാട്ടികൂടിയാണ് അദ്ദേഹം.

‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു. ദൈവമല്ലാത്തതിനാൽ അയാൾ ഉയിർത്തെഴുന്നേൽക്കാനും പോകുന്നില്ല. പുനർജന്മത്തിൽ അയാൾക്കു വിശ്വാസവുമില്ല. ഒരു സാധാരണ അധ്യാപകനായതിനാൽ അയാൾ ഇനിമുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക.’ താനെഴുതിയ ‘മാതൊരുപാകൻ’ എന്ന നോവലിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ, തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ രണ്ടരവർഷം മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്.

ആദ്യം എഴുത്തിലൂടെയും പിന്നെ എഴുത്തുകാരന്റെ മരണവാർത്തയിലൂടെയും കോളിളക്കം സൃഷ്‌ടിച്ച്, കോടതിവിധിയും ജനവിധിയും അനുകൂലമാക്കി വിജയശ്രീലാളിതനായി തലയുയർത്തി നെഞ്ചുംവിരിച്ച് അടിവച്ച്, അടിവച്ച് വരുന്ന പെരുമാൾ മുരുകനെ സ്വീകരിക്കാൻ ഞങ്ങൾ വിമാനത്താവളത്തിൽ കാത്തുനിന്നു. ഞങ്ങളുടെ മുന്നിലേക്കു പക്ഷേ, വിനയത്തോടെ നടന്നുവന്നത് ഒരെഴുത്തുകാരനാണെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത, പതുങ്ങിയ ശരീരഭാഷയുള്ള ഒരു പെരുമാൾ മുരുകൻ.

തിരുവനന്തപുരത്ത് അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ പ്രഭാഷണപരമ്പരയിൽ അദ്ദേഹം പറഞ്ഞു: ‘ഒരിക്കലും ബഹളങ്ങളിൽപെടാതെ കൃഷിക്കാരുടെ ഇടയിൽ നിന്നു വിദ്യാഭ്യാസം നേടി ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കു വന്നയാളാണു ഞാൻ. കാർഷിക ജീവിതത്തിൽ ബഹളത്തിനു സ്ഥാനമില്ല. ഞങ്ങളുടെ കർഷകർ അത്യധികം ക്ഷമാശീലരാണ്. എന്റെ ജീവിതവും ചുറ്റുപാടുകളും മാറിയിട്ടുണ്ടെങ്കിലും ഈ മാനസികാവസ്ഥയ്‌ക്കു കോട്ടം തട്ടിയിട്ടില്ല. മേടമാസത്തിലെ വേനൽമഴയിൽ വിത്തിട്ടാൽ ഒൻപതുമാസക്കാലത്തോളം കാത്തിരിക്കണം. അതാണ് ഞങ്ങളുടെ സ്വഭാവം.’

പ്രതിഷേധങ്ങളെ ആളിക്കത്തിക്കാനോ, വിജയം ആഘോഷിച്ചു പ്രകോപിപ്പിക്കാനോ പെരുമാൾ മുരുകൻ തയാറായിട്ടില്ല എന്ന് ഓർമിക്കണം. യുവജനസമ്മേളനങ്ങളിൽ നിന്നു മാത്രമല്ല, യൂണിവേഴ്‌സിറ്റി സെമിനാറുകളിൽ നിന്നുപോലും ഒഴിഞ്ഞുനിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.

1966ൽ തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ തിരുച്ചെങ്കോട് എന്ന ഗ്രാമത്തിലാണു പെരുമാൾ മുരുകന്റെ ജനനം. തമിഴ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ്. ആത്തൂർ സർക്കാർ കോളജിൽ അദ്ദേഹവും ഭാര്യയും അധ്യാപകർ. ഒൻപതു നോവലുകളും നാലു ചെറുകഥാ സമാഹാരങ്ങളും, അഞ്ചുകവിതാ സമാഹാരങ്ങളും, ഏതാനും പ്രാചീന ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളും, ഒരു പ്രാദേശിക നിഘണ്ടുവും അദ്ദേഹത്തിന്റെ സാംസ്കാരിക സംഭാവനകളിൽ ഉൾപ്പെടുന്നു.

കൊങ്കു പ്രദേശത്തെ കാർഷിക സമൂഹത്തിന്റെ ആചാരങ്ങളും ജീവിതവുമാണ് അദ്ദേഹത്തിന്റെ സൃഷ്‌ടികളിലെ പ്രധാന പ്രതിപാദ്യവിഷയം. ആ പ്രദേശത്തുള്ള തിരുച്ചെങ്കോട് അർധനാരീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരത്തെ അവലംബമാക്കിയുള്ള നോവലാണ് ‘മാതൊരുപാകൻ’. വിവാഹാനന്തരം കുട്ടികളുണ്ടാവാത്ത സ്‌ത്രീകൾക്ക് ആ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന പതിനെട്ടു ദിവസങ്ങളിൽ അവസാനദിവസം ഗർഭധാരണത്തിനായി ഉഭയസമ്മതപ്രകാരം അന്യപുരുഷനുമായി ബന്ധത്തിൽ ഏർപ്പെടാം. വിവാഹം കഴിഞ്ഞ് പത്തുവർഷമായിട്ടും കുഞ്ഞുങ്ങൾ ജനിക്കാത്ത മാതൊരുപാകനിലെ കഥാനായികയും നായകനും പെട്ടുപോവുന്ന ചുഴി തന്മയത്വത്തോടെ, പറയാതെ പറയുകയാണു പെരുമാൾ മുരുകൻ.

2010ൽ ആദ്യപതിപ്പും തുടർന്നുള്ള നാലുവർഷങ്ങളിൽ നാലു പതിപ്പുകളും പുറത്തിറങ്ങി. നാലാംവർഷം ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിച്ചപ്പോൾ ആ പ്രദേശത്തെ ജാതീയ സംഘടനകൾ ഗ്രന്ഥകാരനെതിരെ സംഘടിക്കാനും അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തി ആക്രമണം അഴിച്ചുവിടാനും ആരംഭിച്ചു. ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി ഇതു പരിണമിച്ചപ്പോൾ ജില്ലാ ഭരണകൂടം ഇടനിലക്കാരായി നിന്ന് പുസ്തകം പിൻവലിക്കാനും, ഇനി എഴുതാതിരിക്കാനും കരാറുണ്ടാക്കി, ഗ്രന്ഥകാരനെ നിർബന്ധിച്ച് ഒപ്പു വയ്‌പിച്ചു. ഈ പശ്ചാത്തലത്തിൽ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിട്ടതാണ് ‘പെരുമാൾ മുരുകൻ എന്ന എഴുത്തുകാൻ മരിച്ചു’ എന്നുള്ള വരികൾ.

വായനക്കാർ ഞെട്ടിത്തരിച്ചു. എഴുത്തുകാർ ആത്മഹത്യ ചെയ്‌തതായി കേട്ടിട്ടുണ്ട്. എഴുതിയതു കൊണ്ടുമാത്രം പലായനം ചെയ്യേണ്ടിവന്നവരുമുണ്ട്. ആത്മഹത്യയ്‌ക്കും കൊലപാതകത്തിനും ഇടയ്‌ക്കുള്ള നൂൽപാലത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവനെ ആദ്യമായി കാണുകയാണ്. പ്രതിഷേധിച്ചു സായൂജ്യമടയുന്ന പരതികരണ രീതിയാണു നമ്മുടേത്. പെരുമാൾ മുരുകൻ വ്യത്യസ്തനാവുന്നു. വീര്യം നിറച്ച് അദ്ദേഹം ഉയർത്തിയ മൗനം പ്രതിഷേധത്തിനപ്പുറം, പ്രതിരോധത്തന്റെ കനത്തമതിലായി വളർന്നു. അതിജീവനത്തിന്റെ വെള്ളിവെളിച്ചമായി നാടാകെ പടർന്നു.

ജാതിമതങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമപ്പുറം ഒരെഴുത്തുകാരനുവേണ്ടി എഴുത്തുകാർ ഒന്നടങ്കം അണിനിരന്ന സംഭവമായിരുന്നു പെരുമാൾ മരുകന്റേത്. 2015ൽ ചെന്നൈ ഹൈക്കോടതി, തുടർന്നെഴുതാനുള്ള എല്ലാ സ്വതന്ത്ര്യവും സംരക്ഷിച്ചുകൊണ്ട ് പ്രശ്‌നത്തിൽ ഇടപെട്ടു വിധി പുറപ്പെടുവിച്ചു. അങ്ങനെ പെരുമാൾ മുരുകൻ രചന പുനരാരംഭിച്ചു.

വിവാദ നോവലായ മാതൊരുപാകൻ നോവൽ ത്രയത്തിലെ മറ്റു രണ്ടു ഗ്രന്ഥങ്ങൾ ‘അർദ്ധനാരി’യും, ‘ആലവായ’നും പ്രസിദ്ധീകരിക്കപ്പെട്ടു. സമീപകാലത്ത് പൂനാച്ചി അഥവാ ഒരു വെള്ളാട്ടിൻകഥൈ എന്ന നോവൽ അദ്ദേഹം എഴുതി. ഒരു പുതിയ കവിതാസമാഹാരവും 2017 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് മാതൊരുപാകന്റെ ഇംഗ്ലിഷ് വിവർത്തനമായ One Part Woman എന്ന കൃതിക്കാണ്.

നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന അസഹിഷ്‌ണുതയുടെ ഇരയാണു പെരുമാൾ മുരുകനെങ്കിൽ, അതിനെ മാതൃകാപരമായി അതിജീവിക്കുന്നതിന്റെ വഴികാട്ടികൂടിയാണ് അദ്ദേഹം. രണ്ടരവർഷം മുൻപു നടന്ന തിക്താനുഭവങ്ങളെക്കുറിച്ചു സ്വകാര്യസംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: ‘‘അതൊക്കെ മറക്കാനാഗ്രഹിക്കുകയാണ്, അസാധ്യമാണെങ്കിലും. വിവാദങ്ങൾ സർഗാത്മകമല്ല.’’