Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുചരിത്രം രചിച്ച ഇസ്രയേലി എഴുത്തുകാരന്‍

a-horse-walks-into-a-bar1

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് നേടിയതിലൂടെ ഇസ്രയേലി എഴുത്തുകാരന്‍ ഡേവിഡ് ഗ്രോസ്മാന്‍ കുറിച്ചത് പുതുചരിത്രമാണ്. ആദ്യമായാണ് ഒരു ഇസ്രയേലി എഴുത്തുകാരന്‍ പ്രശസ്തമായ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 

എ ഹോഴ്‌സ് വാക്ക്‌സ് ഇന്‍ ടു എ ബാര്‍ (A Horse Walks Into a Bar)  എന്ന നോവലിനാണ് ഗ്രോസ്മാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഹീബ്രൂ ഭാഷയിലെഴുതിയിരിക്കുന്ന നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് ജെസ്സിക്ക കോഹെന്‍ ആണ്. അവാര്‍ഡ് ഇരുവരും പങ്കിടും. ഇത് രണ്ടാം തവണയാണ് ഒറ്റ പുസ്തകത്തിന് അവാര്‍ഡ് ലഭിക്കുന്നത്. മുമ്പ് ഒരു എഴുത്തുകാരന്റെ കരിയര്‍ ഗ്രാഫ് മുഴുവന്‍ നോക്കി ആയിരുന്നു അവാര്‍ഡ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒറ്റ പുസ്തകം മാത്രം കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. ദക്ഷിണ കൊറിയയുടെ ഹാന്‍ കങ്ങിന്റെ ദി വെജിറ്റേറിയന്‍ എന്ന പുസ്തകത്തിനായിരുന്നു കഴിഞ്ഞ വര്‍ഷം പുരസ്‌കാരം ലഭിച്ചത്. 

1954ല്‍ ജറുസലേമില്‍ ജനിച്ച ഡേവിഡ് ഗ്രോസ്മാന്‍ മികച്ച എഴുത്തുകാരനായാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 30തിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2008ല്‍ എഴുതിയ ടു ദി എന്‍ഡ് ഓഫ് ദി ലാന്‍ഡ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളെക്കുറിച്ചുള്ളതായിരുന്നു ഈ കൃതി. 

കുട്ടികളുടെ അകാലമരണത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് സംഭവിക്കുന്ന മനോസംഘര്‍ഷങ്ങള്‍ വിഷയമാക്കിയ ഫാളിങ് ഔട്ട് ഓഫ് ടൈമും ആസ്വാദകരുടെ മനം കവര്‍ന്നു. ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ അനുകൂലിക്കുന്ന സമീപനമായിരുന്നു ആദ്യകാലത്ത് ഡേവിഡ് സ്വീകരിച്ചതെങ്കിലും പിന്നീട് കടുത്ത സമാധാനവാദിയായി മാറി.