Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തെ ബഹുമാനിക്കുന്ന അച്ഛൻ, വെട്ടുകിളി പ്രകാശ് മകൾക്കെഴുതിയ കത്ത് വൈറൽ!

vettukkili

ഭാവനയുടെ ലോകത്ത് കഥാപാത്രങ്ങൾ ജനിക്കുന്നു. വളരുന്നു. ജീവിക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ദിലീഷ് പോത്തൻ ചിത്രത്തിലെ ശ്രീജയും പ്രസാദുമാരും തിയേറ്റർ വിട്ട് പ്രേക്ഷകരുടെ കൂടെ ഇറങ്ങിപോന്ന കഥാപാത്രങ്ങളായിരുന്നു. 

യാഥാർത്ഥലോകവും ഭാവനയുടെ ലോകവും തമ്മിൽ അതിരുകൾ ഉണ്ടോ? ഇനി ഉണ്ടെങ്കിൽ തന്നെ അത് എത്രത്തോളമാകാം? ഇങ്ങനെ ഭാവനയുടെ രണ്ട് ലോകങ്ങളെ വർത്തമാനകാലവുമായി മനോഹരമായി ബന്ധിപ്പിക്കുന്നതാണ് സിനിമയിൽ ശ്രീജയുടെ അച്ഛൻ കഥാപാത്രത്തിന് ജീവൻ നൽകിയ പ്രകാശ് വെട്ടുകിളിയുടെ ഫെയ്സ്ബുക് പോസ്റ്റ്. പ്രകാശ് എന്ന നടനിലെ സാഹിത്യവാസനകൾ പോസ്റ്റിൽ പ്രതിഫലിക്കുന്നു. 'പ്രണയമൊഴികൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച തന്റെ കവിത ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുമ്പോൾ നടൻ എഴുതിയ ആമുഖ കുറിപ്പ് മറ്റൊരു ഭാവനാപൂർണമായ രചനയായി. 

ശ്രീജ എന്ന സിനിമയിലെ മകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രകാശ് കവിതയെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നത്. താഴ്ന്ന ജാതിക്കാരനുമായുള്ള പ്രണയബന്ധം എതിർക്കുകയും മകളെ തല്ലുകയും ചെയ്ത അച്ഛൻ മകൾക്കുള്ള കത്തിലൂടെ 'അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല. മോൾടെ, പ്രണയസാഫല്യത്തിൽ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛൻ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.' എന്ന് പ്രണയത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു.

വെട്ടുകിളി പ്രകാശിന്റെ ശ്രീജക്കുള്ളകത്ത് –

പ്രിയ മകൾ ശ്രീജേ,

മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല. മോൾടെ, പ്രണയസാഫല്യത്തിൽ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛൻ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.

പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാൽ,- അത് മോൾക്ക് താനെ മനസ്സിലായിക്കൊള്ളും.... എന്റെ മോൾക്ക് കുഞ്ഞുങ്ങളുണ്ടായി വളർന്ന് അവരെ കെട്ടിച്ചയക്കാൻ പ്രായമാകുമ്പോൾ !

ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോൾ ശബ്ദ ശൂന്യമാണ്... സാരമില്ല, പുകയില കൃഷിയിടത്തിൽ വെള്ളം കിട്ടിയല്ലൊ.ഇനി എനിക്കു സമാധാനമായി.

അതിനാൽ മോൾക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛൻ പ്രണയമൊഴികളുടെ ഒരു "ഹൃദയാഭരണം " കൊടുത്തയ്ക്കുന്നു - നിന്റെ ചേച്ചി വശം.ഗർഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവൾ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോൾ നീ അച്ഛന്റെ സ്നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്തേക്കാം.പക്ഷേ ഇഷ്ടമായാൽ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

പിന്നെ കാസർകോഡ് നഗരമേഖലയിൽ ഒരു കള്ളൻ തോൾ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്. 

"പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്..." ഇൻലെൻറ് ലെറ്റർ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവൻ മിടുക്കനാണ്. അതിനാൽ അച്ഛൻ മോൾക്ക് തന്നയക്കുന്ന ഈ സമ്മാനം അവൻ മോഷ്ടിച്ചെടുക്കാൻ ഇടവരരുത്....

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങൾ നൽകിയ "പോത്ത പുഷ്കര സജീവാദി രാജീവ" ഗണങ്ങളുടെ അനുഗ്രഹം,എന്നും മോൾക്കുണ്ടാകുമാറാകട്ടെ..

സ്നേഹത്തോടെ അച്ഛൻ.

-ശ്രീകണ്ഠൻ

27 -ാം ദിനം

തവണക്കടവ്