Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെന്യാമിനോട് സാറാമ്മ പറഞ്ഞത്

benyamin

പറയാനുള്ളതെന്തും ആരുടെയും മുഖത്തുനോക്കി വിളിച്ചുപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. താൻ സംസാരിക്കാൻ പോകുന്നതെന്തെന്നും ആരോടെന്നും മനസ്സിലിട്ട് ഒന്നുകൂടി ഉറപ്പിച്ചിതിന് ശേഷമാകും ഔദ്യോഗിക സംഭാഷണങ്ങളിൽ ഓരോ വാക്കും ഉച്ചരിക്കപ്പെടുന്നതു തന്നെ. ഇത്തരം നിയന്ത്രണങ്ങൾക്കുള്ളിൽ പറയേണ്ട പലവാക്കുകളും പുറലോകം കാണാതെ ഉള്ളിൽകിടന്ന് ശ്വാസംമുട്ടിമരിക്കാറാണ് പതിവ്. ഇത്തരം സന്ദർഭങ്ങളിലാണ് ഊമക്കത്തിന്റെ പ്രസക്തി. അതുകൊണ്ടുതന്നെ ഊമക്കത്തിന് പുതിയ സാങ്കേതികമാനം നൽകിയ സാറാഹ് എന്ന സംവിധാനം മലയാളികൾക്ക് പ്രയങ്കരമായത് വളരെപ്പെട്ടന്നായിരുന്നു. സ്നേഹവും അല്പം കുറുമ്പും കലർത്തി നമ്മള്‍ ആ ആപ്പിനെ സാറാ എന്നും സാറാമ്മ എന്നും പേര് വിളിച്ചു കൂടെകൂട്ടി. 

ഒരു എഴുത്തുകാരനോട് സാറാമ്മയ്ക്ക് എന്താവും ചോദിക്കാൻ ഉണ്ടാവുക? തനിക്ക് വന്ന സാറാമെസ്സേജുകൾക്കുള്ള മറുപടികൾ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ബെന്യാമിൻ. കൃതികളെയും കഥപാത്രങ്ങളെക്കുറിച്ചു മുതൽ ഐ ലവ് യു മെസേജുകൾ വരെ സാറയിൽ ബെന്നയാമിനെ തേടിയെത്തി. ഏതെങ്കിലും സാഹിത്യ അവാർഡ്... ഇത് എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ബെന്യാമിൻ മറുപടി നൽകിയത് ഇങ്ങനെ –

'അവാർഡുകൾ കിട്ടുന്നത്‌ ഏതൊരെഴുത്തുകാരനും ഇഷ്ടമുള്ള കാര്യമാണ്‌. അജ്ഞാതരായ ചിലരുടെ സ്നേഹമായാണ്‌ ഞാനതിനെ നോക്കിക്കാണുന്നത്‌. അതവന്റെ മുന്നോട്ടുള്ള യാത്രയിൽ പാഥേയമായി തീരുന്നു. എന്നാൽ ഏതെങ്കിലും ഒരു പുരസ്‌കാരം എനിക്ക്‌ ലഭിച്ചിരുന്നെങ്കിൽ എന്ന് ഇതുവരെ തോന്നിയിട്ടില്ല. അതിലുപരി യാത്ര ചെയ്യാനുള്ള അവസരങ്ങൾ ഇനിയും കിട്ടിയിരുന്നെങ്കിൽ എന്ന് ഞാനെപ്പോഴും ആഗ്രഹിക്കാറുണ്ട്‌. അക്കാര്യത്തിൽ മലയാളത്തിലെ ഭാഗ്യമുള്ള എഴുത്തുകാരിൽ ഒരാളായാണ്‌ ഞാൻ എന്നെ കാണുന്നത്‌. അമേരിക്കയിൽ രണ്ടു തവണ, സൗദി ഒഴികെയുള്ള ഗൾഫ്‌ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, അയർലന്റ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ഈജിപ്ത്‌, പാലസ്ഥീൻ, ഇസ്രായേൽ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയിലെ അനേകം നഗരങ്ങളും സന്ദർശ്ശിക്കാൻ അവസരം ഉണ്ടാക്കിയത്‌ വായനക്കാരാണ്‌. ഒരു കൂട്ടം വായനക്കാർ പുരസ്കാരങ്ങൾ നൽകുന്നു. മറ്റൊരു കൂട്ടർ യാത്രയ്ക്ക്‌ അവസരം ഒരുക്കുന്നു. രണ്ടും സ്നേഹപ്രകടനങ്ങൾ തന്നെ. അങ്ങനെ നോക്കുമ്പോൾ എനിക്ക്‌ ഏറെ പുരസ്കാരങ്ങൾ ലഭിച്ചതായാണ്‌ ഞാൻ കരുതുന്നത്‌.

പിൻ കുറിപ്പ്‌: ആടുജീവിതം Man Asian literature prize ന്റെ long list ൽ ഉൾപ്പെട്ടപ്പോൾ അതിന്റെ short list ലും കൂടെ ഉൾപ്പെടണേ എന്ന് ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്‌. രണ്ടായിരുന്നു കാരണം. ഒന്ന് സിംഗപ്പൂർ വരെ യാത്ര പോകാം. അതിലുപരിയായി എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഓർഹൻ പാമൂകും ആ ലിസ്റ്റിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഒന്ന് നേരിൽ കാണാം. പക്ഷേ നടന്നില്ല. ഞാൻ short list ൽ പെട്ടതുമില്ല. ഓർഹൻ പാമൂക്‌ സിംഗപ്പൂരിൽ എത്തിയതുമില്ല. അതോടെ ആ വിഷമം പോയിക്കിട്ടി.'

കഥാകാരനാകുമ്പോൾ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യം സ്വഭാവികം. 'രാത്രിയിൽ കിടന്നുറങ്ങുമ്പോൾ ഭാര്യയോട് മാന്തളിർ കുഞ്ഞ്കുഞ്ഞ് നിന്റെ കാമുകനാണോ എന്ന് ചോദിച്ചു. വഴക്കിട്ടു രണ്ട് ദിവസം അവൾ വീട്ടിൽ പോയി.. അവൾക് ഈ കഥാപാത്രം ആരാണെന്നു പോലും അറിയില്ല.. ശരിക്കും ഈ കഥാപാത്രം ജീവിച്ചിരുന്നോ?' എന്നാണ് ഒരജ്ഞാതന്റെ സംശയം. ബെന്യാമിന്റെ ഉത്തരം ഇങ്ങനെ–

'ശരിക്കും ജീവിച്ചിരുന്ന ഒരു കഥാപാത്രമാണ്‌. അക്കപ്പോരിനേക്കാൾ കൂടുതൽ മിഴിവോടെ മാന്തളിരിലെ ഇരുപത്‌ കമ്യൂണിസ്റ്റ്‌ വർഷങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്‌.'

അർജന്റീനയുടെ ജേഴ്സി എന്ന കഥ എഴുതാനുണ്ടായ പ്രചോദനത്തെകുറിച്ചുള്ള ചോദ്യത്തിന് 'ഒരുദിവസം തെരുവിലൂടെ നടന്നു പോകുമ്പോൾ ഒരു കച്ചവടക്കാരൻ അർജ്ജന്റീനയുടെ ജേഴ്‌സി ഉയർത്തിക്കാട്ടി ആദയ വില എന്നു പറഞ്ഞിടത്തു നിന്നുമാണ്‌ ആ കഥ ഉണ്ടായി വരുന്നത്‌.' എന്ന് എഴുത്തുകാരൻ ഉത്തരം നൽകുന്നു.

ആരാണ് മഞ്ഞവെയിൽ മരണങ്ങൾ എന്ന സ്റ്റോറിയിലെ ഭാഗങ്ങൾ അയച്ചുതന്നത്. ദുരൂഹത നീക്കാമോ എന്ന ചോദ്യത്തിന് 'ഹ ഹാ.. അതു പൂർണ്ണമായും ഫിക്ഷൻ അല്ലേ... അങ്ങനെ ഒരാൾ ഇല്ലല്ലോ..' എന്നായിരുന്നു ബെന്യാമിന്റെ മറുപടി.

ഐ ലവ് യു എന്ന സാറാമെസ്സേജിന് ബെന്യാമിന്റെ മറുപടി ഇങ്ങനെ– 

'സ്നേഹിതനേ/ സ്നേഹിതയേ... എഴുത്തുകാരനോടുള്ള ഇഷ്ടം ഇങ്ങനെ സ്വകാര്യമായി പറയാനുള്ളതാണോ... ഉറക്കെ വിളിച്ചു പറയേണ്ടേ...'

Read More Articles on Malayalam Literature & Books to Read in Malayalam