Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംഗീകാരത്തിൽ സന്തോഷം, 'നിര്യാതരായി' പ്രിയപ്പെട്ട കഥ; എസ് ഹരീഷ്

sahithya academy award ടി.ഡി. രാമകൃഷ്ണൻ, എസ്. ഹരീഷ്, സാവിത്രി രാജീവൻ

2016 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ മികച്ച നോവൽ. സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോൾ’ മികച്ച കവിത. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം എസ്. ഹരീഷിന്റെ ‘ആദം’ എന്ന സമാഹാരവും സ്വന്തമാക്കി.   

ആഭ്യന്തരയുദ്ധാനന്തരമുള്ള ശ്രീലങ്കൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവലാണ് ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. 2009 ല്‍ ശ്രീലങ്കയില്‍ തമിഴ് വിമോചനപ്പോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ആഭ്യന്തരയുദ്ധത്തിനു വിരാമമിട്ട രാജപക്ഷെ ഭരണം ലോകശ്രദ്ധപിടിച്ചുപറ്റി. എന്നാല്‍ തുടര്‍ന്ന് തികഞ്ഞ ഏകാധിപത്യപ്രവണതയും ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചമര്‍ത്തലും വ്യാപകമായി. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഈഴത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ ന്യായീകരിക്കാനെത്തുന്ന സിനിമാ നിര്‍മാണ സംഘത്തിലൂടെയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വികസിക്കുന്നത്.  

TD-Ramakrishnan

രാജ്യത്തിന്റെ ഭരണവും സൈന്യവും മാധ്യമവും സമ്പൂര്‍ണ്ണമായി പ്രസിഡന്റിന്റെ നിയന്ത്രണത്തിന്‍ കീഴിലാണെന്ന സ്വേച്ഛാദിപത്യ ദാർഷ്ട്യവും അധികാരത്തിന് വിധേയരായി ജീവിക്കേണ്ടി വരുന്ന ജനതയുടെ നിസഹായതയും നോവൽ ചർച്ച ചെയ്യുന്നു. 

തമിഴ് സാമൂഹികപ്രവർത്തകയായ രജനി തിരണഗാമയ്ക്കാണ് നോവൽ സമർപ്പിച്ചിരിക്കുന്നത്.

എസ് ഹരീഷ്

മലയാള കഥയുടെ പുതുവസന്തമാണ് എസ്. ഹരീഷ്. പത്ത് കഥകൾ ഉൾപ്പെടുന്ന എസ് ഹരീഷിന്റെ 'ആദം' എന്ന സമാഹാരം കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് സ്വന്തമാക്കി. ആദം എന്ന സമാഹാരത്തിലെ നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, മാന്ത്രികവാൽ എന്നീ മൂന്ന് കഥകളുടെ ചലചിത്രാവിഷ്കാരമാണ് ഏദൻ എന്ന സിനിമ. തന്റെ നാടിന്റെ ഭാഷയും കഥകളുമാണ് അവാർഡ് നേടിയ കഥകളെന്നും, ലഭിച്ച അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും എസ്. ഹരീഷ് മനോരമ ഓണലൈനോട് പ്രതികരിച്ചു. മരണത്തിന്റെയും ജീവിതത്തിന്റെയും കഥ പറഞ്ഞ നിര്യാതനായി എന്ന കഥയാണ് സമാഹാരത്തിൽ എഴുത്തുകാരന് ഏറ്റവും പ്രിയപ്പെട്ട കഥ.

savithri-rajeevan

സ്ത്രീ ഭാവങ്ങളെ അതി സൂഷ്മമായി ഒപ്പിയെടുത്ത കവയത്രിയാണ് സാവിത്രി രാജീവൻ. അടുക്കളയിലുരുകുന്ന പെണ്ണിന്റെ നൊമ്പരങ്ങൾ കവിതയിലൂടെ അവതരിപ്പിച്ച സാവിത്രി രാജീവന്റെ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയിൽ മക്കൾക്കായി ഉരുകിതീരുന്ന എല്ലാ അമ്മമാരുടെയും ചുളുങ്ങിയ മുഖം തെളിയുന്നു. അമ്മയെ കുളിപ്പിക്കുമ്പോള്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോളെന്നപോലെ കരുതൽ വേണം എന്നു തുടങ്ങുന്ന കവിത അമ്മയെ ഓർമിപ്പിക്കും.

ഒരിക്കൽ 

ഒരിക്കൽ നിന്നെ കുളിപ്പിച്ചൊരുക്കിയ

അമ്മയുടെ കൈകളിൽ

അന്നു നീ കിലുക്കി കളിച്ച വളകൾ കാണില്ല

അവയുടെ ചിരിയൊച്ചയും 

എന്നു നീളുന്ന വരികൾ അമ്മ അർഹിക്കുന്ന പരിചരണത്തേകുറിച്ച് മക്കളെ ബോധ്യപ്പെടുത്തും.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം