Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപ്ളവകാരിയെ വിസ്മയിപ്പിച്ച കണ്ണൻ; എം. സുകുമാരന്റെ ഭക്തിയും വിഭക്തിയും

M-Sukumaran എം.സുകുമാരൻ

മുലപ്പാലൂട്ടാതെ മാതൃത്വത്തിന്റെ നോവറിഞ്ഞ അമ്മയുടെ കഥ എന്ന പരസ്യവാചകത്തോടെ എത്തിയ ചലച്ചിത്രങ്ങളിലൊന്നാണു കഴകം; എം.പി.സുകുമാരൻ നായരുടെ ശ്രദ്ധേയ സിനിമകളിലൊന്ന്. സിനിമ പുറത്തിറങ്ങിയ വർഷം നായികയായി അഭിനയിച്ച ഉർവശി അഭിനയ മികവിന്റെ പേരിൽ പ്രശംസ ഏറ്റുവാങ്ങിയതിനൊപ്പം  മികച്ച കഥയ്ക്കുള്ള പുരസ്കാരവും കഴകത്തിനുതന്നെ ലഭിച്ചു. വിപ്ളവരാഷ്ട്രീയത്തിന്റെ വീര്യത്തെ കഥകളിലേക്കും നോവലുകളിലേക്കും ആവാഹിച്ച എം.സുകുമാരന്റെ കഥയിൽനിന്നായിരുന്നു കഴകത്തിന്റെ പിറവി. സുകുമാരന്റെ തിത്തുണ്ണി എന്ന കഥയാണു എം.പി. സുകുമാരൻ നായർ കഴകം എന്ന ചലച്ചിത്രമാക്കിയത്.സുകുമാരനെയും അദ്ദേഹത്തിന്റെ രചനാലോകത്തെയും നന്നായി അറിയുന്നവർപോലും അതിശയത്തോടെ വായിച്ച കഥയാണു തിത്തുണ്ണി; കഴകം എന്ന സിനിമയും. കാരണം ഇടതു സഹയാത്രികനായ ഒരു എഴുത്തുകാരനിൽനിന്നു പ്രതീക്ഷിച്ചൊരു സൃഷ്ടിയായിരുന്നില്ല തിത്തുണ്ണിയും കഴകവും. കണ്ണൻ എന്ന വിളിപ്പേരുള്ള ഒരു കുട്ടിയോടുള്ള രാധ എന്ന അവിവാഹിതയായ യുവതിയുടെ സ്നേഹത്തേക്കാളേറെ, എപ്പോഴും മനസ്സിൽ ആരാധിക്കുന്ന ശ്രീ കൃഷ്ണനോടുള്ള ഒരു യുവതിയുടെ ജീവിത സമർപ്പണത്തിന്റെ കഥയായിരുന്നു തിത്തുണ്ണി. 

kazhakam

കഴകം എന്ന ചലച്ചിത്രം അവസാനിക്കുന്നത് ഭക്തലക്ഷങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിക്കണ്ണന്റെ ദൃശ്യത്തിലാണ്.തന്നെ വിട്ടകന്ന പ്രിയപ്പെട്ട കണ്ണനില്ലാത്ത ലോകത്ത് ജീവിക്കാനാവാതെ അവന്റെ വളർത്തമ്മയെന്നു പറയാവുന്ന രാധ ജീവൻ ത്യജിച്ച കുളത്തിലെ ഓളങ്ങളിൽ തെളിയുന്ന കൃഷ്ണരൂപത്തിൽ. എം. സുകുമാരനെപ്പോലൊരാൾ ഭക്തിയും കളങ്കമേശാത്ത സമർപ്പണവും പ്രമേയമാകുന്ന ഒരു കഥ എഴുതുമോ എന്ന് അതിശയപ്പെട്ടവരുണ്ട്. പക്ഷേ, തിത്തുണ്ണി എന്ന കഥയിൽ മാത്രമല്ല ജനിതകം എന്ന നോവലിലും സുകുമാരൻ ശ്രീകൃഷ്ണനെ ആനയിക്കുന്നുണ്ട്. വിപ്ളവം പോലെ തന്നെ മതവിശ്വാസത്തിൽനിന്നു മാറിയുള്ള ഹൃദയത്തിന്റെ അകളങ്കഭക്തിയും പ്രിയപ്പെട്ട പ്രമേയങ്ങളിലൊന്നായിരുന്നു സുകുമാരന്. വിപ്ളവവീര്യത്തിന്റെ എഴുത്തുകാരനെന്നും ഇടതുസഹയാത്രികൻ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടപ്പോഴും അധികമാരും ചർ‌ച്ച ചെയ്തിട്ടില്ല ഭക്തിയോടു ചേർന്നു നിൽക്കുന്ന സുകുമാരന്റെ വിശ്വാസവും സൗഹൃദവും. 

ദാരിദ്ര്യത്തിന്റെ തഴപ്പായയിൽ ജനിച്ച കെ.പി.ഗോകുലപാലൻ നായർ എന്ന കവിയാണ് എം. സുകുമാരന്റെ ജനിതകം എന്ന നോവലിലെ പ്രധാനകഥാപാത്രം. അനാഥനായിരുന്നെങ്കിലും അസാധാരണ ബുദ്ധിശക്തിയും സർഗ്ഗവാസനയുമുള്ള ഗോകുലൻ പഠനത്തിന്റെ പടവുകൾ ചവിട്ടി ഉന്നതനിലയിൽ എത്തി. മികച്ച ജോലികളും അയാളെ തേടിയെത്തി. ജീവിതസൗകര്യങ്ങളും. പക്ഷേ, വ്യവസ്ഥാപിതമായ വിശ്വാസപ്രമാണങ്ങളിൽ നിന്നുമാറി എഴുത്തിന്റെയും വിശ്വാസത്തിന്റെയും ലോകത്തിൽ വിഹരിക്കാനായിരുന്നു അയാൾക്കു താൽപര്യം. സാധാരണക്കാർ താമസിക്കുന്ന ഒരു ലോഡ്ജിലെ കൊച്ചുമുറിയിൽ വാടക കൊടുക്കാൻപോലും പണമില്ലാതെ കവിതയെഴുതി ജീവിക്കുന്നു ഗോകുലൻ. നിയമപഠനത്തിനിടെ ലഭിച്ച ബാങ്ക് ജോലി തൃപ്തികരമായി ചെയ്യുന്ന അതിസമ്പന്നമായ വീട്ടിലെ ഏകമകളായ സുചിത്ര ഗോകുലന്റെ അടുത്ത സുഹൃത്താണ്. സൗഹൃദത്തേക്കാൾ പ്രണയമാണു സുചിത്രയുടെ മനസ്സിൽ. പ്രിയപ്പെട്ട കവിയുടെ ജീവിതം പച്ച പിടിപ്പിക്കാനാണു സുചിത്രയുടെ ശ്രമം. അയാളുടെ പതിവു ജീവിതചര്യകളെയൊന്നും അലോസരപ്പെടുത്താതെ ജീവിക്കാനുള്ള എല്ലാ സൗകര്യവും സുചിത്ര ഒരുക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്നു. സമ്പത്തും പ്രതാപവും ഐശ്വര്യവുമൊക്കെ ത്യജിക്കാനും തയ്യാറാണു സുചിത്ര. മാതാപിതാക്കളുടെ അനുമതി പോലും വാങ്ങി സമൂഹത്തിന്റെ പുച്ഛത്തെ അവഗണിച്ച് ഗോകുലനെ ഭർത്താവായി വരിക്കാനൊരുങ്ങുകയാണു സുചിത്ര. അയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനഃപാഠമാണു സുചിത്രയ്ക്ക്. ഒരു നിമിഷത്തെ അസ്വസ്ഥത പോലും തോന്നാനിടയില്ലാത്ത രീതിയിൽ ഭാവിജീവിതത്തിനുവേണ്ടി ഒരു സ്വപ്നഗൃഹവും അണിയിച്ചൊരുക്കുന്നുണ്ടു സുചിത്ര.പക്ഷേ, സ്വപ്നം പാതിവഴിയിൽ‌ പൊലിയുന്നു. ഒരിക്കൽ വിപ്ളവ പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഗോകുലൻ. സമാധാനപരമായ ഒരു ജീവിതമാണ് അയാൾ ഇപ്പോൾ നയിക്കുന്നതെങ്കിലും തിളച്ചുമറിയുകയാണ് അയാളുടെ മനസ്സ്.അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ. ആർക്കും വേണ്ടാത്തവരുടെയും എല്ലാവരും ഉപേക്ഷിച്ചവരുടെയും ദീനരോദനങ്ങൾ. ദാരിദ്ര്യം. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നതിന്റെ ക്രൂരത.ഇവയെല്ലാം നീറുന്ന നോവായി ഏറ്റുവാങ്ങുകയാണു ഗോകുലൻ.അതുകൊണ്ടുതന്നെ തനിക്കുനേരെ വച്ചുനീട്ടുന്ന സുഖങ്ങളുടെയും സൗകര്യങ്ങൾക്കും നേരെ മുഖം തിരിച്ച് അയാൾ നടക്കുന്നു. പ്രണയത്തെപ്പോലും തള്ളിപ്പറഞ്ഞു യാത്രയാകുന്നു ഗോകുലൻ. വിപ്ളവപ്രസ്ഥാനത്തിൽ പ്രവർത്തിച്ചുപരാജയപ്പെട്ട കുറച്ചു വ്യക്തികൾ ചേർന്നു രൂപീകരിക്കുന്ന ഒരു പദ്ധതിയിൽ പങ്കാളിയായി നാടുവിടുന്നു. സുചിത്രയിൽനിന്നും ഒരുപാട് ഒരുപാട് ദുരത്തേക്ക്. 

കാമുകനാൽ ഉപേക്ഷിക്കപ്പെട്ട സുചിത്രയിലാണ് സുകുമാരന്റെ ജനിതകം അവസാനിക്കുന്നത്.പ്രണയം തകരുമ്പോൾ സാധാരണ കാമുകിമാരെപ്പോലെ പൊട്ടിക്കരയുകയോ ജീവിനൊടുക്കുകയോ ഒന്നുമല്ല സുചിത്ര ചെയ്യുന്നത്. വീട്ടിലെ സ്വകാര്യമുറിയിലേക്കു പിൻവലിയുകയാണ്. അവിടെ അവൾക്കു കൂട്ടുണ്ട് ശ്രീകൃഷ്ണവിഗ്രഹം.  കൈ കൂപ്പി നിശ്ശബ്ദയാകുകയാണു സുചിത്ര. അപ്പോൾ അവളുടെ കാതുകളിൽ അലയടിക്കുന്നത് അകന്നുപോകുന്ന കാമുകന്റെ പാദപതനങ്ങളല്ല; ഉച്ചത്തിലൊരു പൊട്ടിച്ചിരി. മനുഷ്യന്റെ ചിരിയല്ല അത്. അദൃശ്യനായ ഒരാളുടെ ചിരി. എവിടെനിന്നാണെന്നറിയാതെ എത്തുന്ന ചിരി. അലൗകികമായ ചിരി. 

കഴകത്തിലെ രാധയെ സ്വന്തം ആത്മാവിനോടു ചേർക്കുന്ന അതേ ശ്രകൃഷ്ണൻ ജനിതകത്തിൽ സുചിത്രയുടെയും ജീവിതത്തിന്റെ എല്ലാമെല്ലാമായി മാറുന്നു. നിസ്വാർഥമായ സാമൂഹിക പ്രവർത്തനത്തിലൂടെ മാറ്റത്തിനു വേണ്ടി ഗോകുലൻ ശ്രമിക്കുമ്പോൾ കറയറ്റ ഭക്തിയിലൂടെ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തുകയാണു സുചിത്ര. 

വിപ്ളവത്തിന്റെ വീര്യം പതഞ്ഞൊഴുകുന്ന അതേ സിരകളിൽതന്നെ എം. സുകുമാരൻ എന്ന ഏകാന്തപഥികനായ എഴുത്തുകാരൻ കരുതുന്നുണ്ട് നിഷ്കളങ്ക ഭക്തിയുടെ തീരാത്ത നോവും. ഏറ്റവും മികച്ച തെളിവുകളാണ് തിത്തുണ്ണിയും ജനിതകവും. വിശ്വാസത്തെയോ വിശ്വാസരാഹിത്യത്തെയോ കുറിച്ച് അധികമൊന്നും സംസാരിക്കാതെ മൗനത്തിന്റെ വാൽമീകത്തിൽ ജീവിച്ച സുകുമാരനു വേണ്ടി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ കൃതികൾ മാത്രം. കഥാപാത്രങ്ങൾ മാത്രം. അവർ അവശേഷിപ്പിക്കുന്ന വികാരപ്രപഞ്ചങ്ങൾ മാത്രം. ആ ഏകാന്തസുന്ദരലോകത്ത് വിപ്ളവ നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നുണ്ട് കണ്ണിലുണ്ണിയായ ഉണ്ണിക്കണ്ണനും. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം