Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നവന്‍ ഇംഗ്ലീഷില്‍ പരാജയം, ഇന്ന് ഇംഗ്ലീഷ് നോവലെഴുതി നേടുന്നത് കോടികൾ !

Billy

ജീവിതത്തിലെ പല തരത്തിലുള്ള വൈരുദ്ധ്യങ്ങളുടെ ആകെ തുകയാകും ഒരാളുടെ വിജയം. ബില്ലി ടയ്‌ലര്‍ എന്ന യുകെ യുവാവും അതിനപവാദമല്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷില്‍ അമ്പേ പരാജയമായിരുന്നു കക്ഷി. ഇന്ന് ആള്‍ക്ക് അത്ര പ്രായമുണ്ടെന്നൊന്നും കരുതേണ്ട. 19 വയസ്സ് മാത്രം. ഇംഗ്ലീഷ് ഭാഷയുടെ ഭംഗി അത്ര വഴങ്ങാതിരുന്ന ബില്ലി ഇന്ന് ഇംഗ്ലീഷ് നോവലെഴുതി കാശുണ്ടാക്കുകയാണ്. 

വെറുതെ കാശുണ്ടാക്കുകയല്ല, യുഎസിലെ കഴിഞ്ഞ വര്‍ഷത്തെ 10 ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ബില്ലിയുടെ ജസ്റ്റ് ഫ്രണ്ട്‌സ് എന്ന നോവല്‍.

സ്‌കൂളില്‍ ഇംഗ്ലീഷിന് സ്വകാര്യ ട്യൂഷന്‍ മാസ്റ്ററെ വെക്കേണ്ട അവസ്ഥയായിരുന്നു അവനുണ്ടായിരുന്നത്. അത്രയ്ക്ക് കേമമായിരുന്നു പഠിപ്പ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവന്‍ ഒരു നോവലങ്ങ് എഴുതി. പബ്ലിഷ് ചെയ്യാന്‍ പ്രസാധകരെ കിട്ടിയില്ല. അതുകൊണ്ട് സെല്‍ഫ് പബ്ലിഷ് ചെയ്തു പുസ്തകം. സ്വപ്‌നത്തില്‍ കണ്ട ഒരു ലവ് സ്റ്റോറി ആയിരുന്നു ബില്ലി നോവലായി എഴുതിയത്. 17ാം വയസ്സിലായിരുന്നു പുസ്തകം എഴുതിയതെന്ന് ബില്ലി പറയുന്നു.

സംഭവം എങ്ങനെയാണ് ക്ലിക്ക് ആയതെന്ന് അറിയേണ്ടേ. അവിടെയും താരം സോഷ്യല്‍ മീഡിയ തന്നെ. ബില്ലിയുടെ ട്വിറ്ററിലെയും ഇന്‍സ്റ്റഗ്രാമിലെയും ഫോളോവേഴ്‌സ് അങ്ങ് കണ്ടറിഞ്ഞ് സഹായിച്ചു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ബില്ലി പുസ്തകത്തിന്റെ 150,000 കോപ്പികള്‍ വിറ്റഴിച്ചത്. ഒരു പുസ്തകത്തിന്റെ വില 246 രൂപ. സോഷ്യല്‍ മീഡിയയിലൂടെ പുസ്തകം വിറ്റ് മാത്രം ഈ 19കാരന്‍ നേടിയത് 3,690,0000 രൂപ. 

ട്വിറ്ററില്‍ ഈ യുവാവിനെ ഫോളോ ചെയ്യുന്നത് 100,000 പേരാണ്. ആപ്പിളിന്റെ യുഎസ് ഐബുക്ക് ചാര്‍ട്ടിലെ ടോപ് 100ലും പുസ്തകം ഇടം നേടി. ഒരിടയ്ക്ക് അതി ഫിഫ്റ്റി ഷേഡ്‌സ്, ദി ഗേള്‍ ഓണ്‍ ദി ട്രെയ്ന്‍, ജാക്ക് റീച്ചര്‍ തുടങ്ങിയ പുസ്തകങ്ങളേക്കാളും വേഗത്തില്‍ വിറ്റുപോയതയാണ് കണക്കുകള്‍. ജോലിക്കിടയിലെ ലഞ്ച് ബ്രേക് സമയത്ത് എഴുതിയ നോവലാണിതെന്നാണ് ബില്ലി ട്വിറ്ററില്‍ പറഞ്ഞത്. പുസ്തകം ഒരു സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് കക്ഷി.

പുസ്തകമെഴുത്ത് ഗൗരവമായി എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബില്ലി. ജസ്റ്റ് ഫ്രണ്ട്‌സിന്റെ രണ്ടാം ഭാഗമാണ്  പണിപ്പുരയില്‍. പേര് മ്യൂച്ച്വല്‍ ഫീലിംഗ്‌സ്. അതും ബെസ്റ്റ് സെല്ലറാകുമെന്നാണ് ബില്ലി പറയുന്നത്. 

Your Rating: